സമുദ്ര #Part 11

കല്ലറകൾ പോലെ തോന്നുന്ന മൂന്ന് സിമന്റ് തറകൾ..

ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ വേഗം കണ്ണുകൾ മുറുക്കെ അടച്ചു. നിന്ന നിൽപ്പിൽ മരിച്ചു പോകുമോ എന്നൊരു ഭയം. കാൽ ഒരു അടി മുന്നിലോട്ടോ പിന്നിലോട്ടോ വെക്കുവാൻ പറ്റാത്ത അവസ്ഥ. എന്റെ ശ്വാസോച്ച്വാസം എനിക്ക് തന്നെ കേട്ടു തുടങ്ങി.

കഴുത്തിൽ തപ്പി നോക്കിയപ്പോൾ കിട്ടിയ കുരിശ് മുറുക്കെ പിടിച്ചു. സർവ്വശക്തിയും എടുത്ത് മെല്ലെ കണ്ണുകൾ തുറന്നു.

ആ തറകളിൽ എന്തൊക്കെയോ എഴുതിരിക്കുന്നു. വിശ്വസിക്കാൻ ആവാത്ത വിധം ഞാൻ ഒരു സത്യം മനസിലാക്കി. അതേ ഇത് കല്ലറകൾ തന്നെയാണ്. എഴുതിയ വാക്കുകളിലേക്ക് ഞാൻ സൂക്ഷിച്ച് നോക്കി.

ഇല്ലാ എനിക്ക് ഒന്നും വായിക്കാൻ സാധിക്കുന്നില്ല. വേണ്ടാ എനിക്ക് ഒന്നും വായിക്കേണ്ട. അതിൽ ഒരു കല്ലറയിൽ മെഴുകുതിരി ഉരുകി ഒലിച്ച ഇറങ്ങിയ പോലത്തെ പാട്.

ഞാൻ പെട്ടന്ന് കിട്ടിയ ശക്തിയിൽ അവിടെ നിന്ന് എങ്ങോട്ടോ ഓടി. എത്തിയത് വീടിന്റെ തന്നെ ഏതോ ഭാഗത്താണ്.

കിതച്ച് കൊണ്ടുള്ള ആ ഒറ്റ വീഴ്ചയിൽ അവിടെ ഒരു ഭാഗത്ത് ഇരുന്നു. ഞാൻ കണ്ട കാഴ്ച്ച കണ്ണിൽ നിന്ന് മായുന്നില്ല. ഒരു വിധം ശ്വാസം നേരെയായപ്പോൾ ആണ് ഓഷിനെ ഓർമ്മ വന്നത്.

മെല്ലെ അവൾ പോയ ഭാഗത്തോട്ട് പോയി. അവളെ അവിടെ എവിടെയും കാണാനില്ല. എന്റെ ശ്വാസം നിന്ന പോയ പോലെ. കാലുകൾ തളരുന്നു.

അവൾ അപ്പുവേട്ടാ എന്ന് വിളിച്ച ആ നിമിഷം മുതൽ ഇവിടെ അവൾ വാതിൽ അന്വേഷിച്ച് പോയ വരെയുള്ള ഓരോ നിമിഷവും മനസ്സിൽ ഓടി കളിച്ച് കൊണ്ടിരുന്നു.

പെട്ടന്ന് പിറകിൽ ഒരു കാലൊച്ച പോലെ. ആ ശബ്ദം കൂടി കൂടി വരുകയാണ്. എനിക്ക് തിരിഞ്ഞ് നോക്കണം എന്നുണ്ട്. പക്ഷെ എനിക്ക് സാധിക്കുന്നില്ല. പെട്ടന്ന് ഒരു കയ്യ് എന്റെ പുറത്ത് ഇരിക്കുന്ന പോലെ.

“ഏട്ടാ.. ആരെയാ നോക്കുന്നേ.. ഞാൻ ഇവിടെ തന്നെയുണ്ട്. “

ഓഷിന്റെ ശബ്ദം ആണ്. വേഗം തിരിഞ്ഞ് അവളെ നോക്കി. നോക്കിയതും എന്തോ ഞാൻ പേടിച്ചു. ഇത്ര നേരം ഓഷിനായി തോന്നിയിരുന്നതായിരുന്നു. പക്ഷെ എനിക്കിപ്പോൾ സമുദ്ര ആയിട്ടാണ് തോന്നുന്നത്.

“ഏട്ടാ.. എന്താ പേടിച്ചിരിക്കുന്നേ..”

“ഏയ് ഒന്നുവില്ല നീ പറ..”

“ഏട്ടാ എന്തോ ഞാൻ ഇവിടെ വന്നിട്ടുള്ള പോലെ.. ഞാൻ ഒന്നും പറയാഞ്ഞതാ.. ആ കോളേജും ഈ വീടും എവിടെയൊക്കെയോ..”

അവളുടെ ഓരോ വാക്കുകളും ഓരോ അശിരീരി പോലെ മനസ്സിൽ മുഴങ്ങി കൊണ്ടിരുന്നു.

“പിന്നെ ഞാൻ വീടിന്റെ ഉള്ളിലോട്ട് കയറിട്ടോ.. ഏട്ടൻ എവിടെയായിരുന്നു ഞാൻ നോക്കിയിട്ട് കണ്ടില്ലല്ലോ..”

“ഉള്ളിലോട്ടോ എങ്ങനെ..”

ആദ്യം ശബ്ദം വന്നില്ലെങ്കിലും എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു.

“അതൊക്കെ ഞാൻ കേറി. ഞാൻ ആരാ മോള്.. താക്കോൽ ഈ തുണി ചവട്ടിയുടെ താഴെ തന്നെ കിടന്നിരുന്നു. അതൊക്കെ പോട്ടെ ഈ ബുക്ക് നോക്കിയേ..”

അവൾ പതിവിലും ഉന്മേഷയായ പോലെ. ഞാൻ ഇവളെ ഇത്ര സന്തോഷത്തിൽ ആദ്യമായിട്ടാണ് കാണുന്നത്. പെട്ടന്ന് അവൾ ബുക്ക് തുറക്കുന്നത് കണ്ട് ഞാൻ പിടിച്ച് വലിച്ചു. എനിക്കെന്തോ പെട്ടന്ന് ദേഷ്യം വന്നു.

“നിന്നോടാരാ ഉള്ളിൽ കയറാനും ഓരോന്നൊക്കെ എടുത്ത് നോക്കാനും പറഞ്ഞേ..”

എന്നും പറഞ്ഞ് ആ ബുക്ക് എടുത്ത് ഞാൻ എന്റെ ബാഗിൽ വെച്ചു. അവളുടെ ശബ്ദം കേൾക്കാതായപ്പോൾ അവളെ ഒന്ന് നോക്കിയതും ഞാൻ ഉരുകി പോയി. രണ്ട് ഉണ്ടക്കണ്ണുകളും ചുവന്ന് തുടിച്ച് ഇരിക്കുന്നു.

പെട്ടന്ന് എന്റെ പോക്കറ്റിലിൽ ഒരു വിറയൽ. മൊബൈൽ ആണ്. ആ നിമിഷത്തിൽ ഞാൻ പേടിച്ചു പോയി. നോക്കിയപ്പോൾ വിൻസെന്റ് സർ ആണ്.

“മോനേ.. നിങ്ങൾ ഇറങ്ങിയോ.. വേഗം ഇറങ്ങു ട്ടാ.. ഇരുട്ടായാൽ അവൾക്ക് പേടിയാകും.”

ദേ ഇറങ്ങിന്നും പറഞ്ഞ് ഫോൺ വെച്ചു. പേടിയോ അവൾക്കോ..എനിക്ക് ചിരി വന്നു.

അവളെ കൊണ്ട്‌ വന്ന എന്നെയാണ് സമ്മതിക്കേണ്ടത്. പപ്പയാണ് വിളിച്ചതെന്ന് അവൾക്ക് മനസിലായെന്ന് തോന്നുന്നു. അവൾ ഒരുവിധം തണുത്തു.

മെല്ലെ അവളെയും കൂട്ടി പടിയടച്ച് പുറത്തേക്ക് വന്നു. എന്താന്ന് അറിയില്ല അവളുടെ മുഖത്തേക്ക് നോക്കുവാൻ ഒരു ഭയം. അതു വഴി കണ്ട ഒരു ഓട്ടോയ്ക്ക് കയ്യും കാണിച്ച് ബസ് സ്റ്റാൻഡിൽ ചെന്നിറങ്ങി.

കാലത്ത് വന്ന പോലെ അല്ല. ഒരുവിധം എല്ലാ ബസുകളിലെ സീറ്റുകൾ ഫുള്ളാണ്. അതിൽ കുറച്ച് സീറ്റ്‌ ഒഴിവ് തോന്നിയ ബസ്സിൽ കയറി.

അതിൽ മുന്നിൽ ഒരു രണ്ട് പേരുടെ സീറ്റ്‌ കണ്ടെങ്കിലും അവളെ അവിടെ ഇരുത്തി ഞാൻ ബസിന്റെ പിറകിൽ വന്നിരുന്നു. ഇല്ലാ ഇനി എനിക്ക് അവളുടെ കൂടെ ഇരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

സീറ്റിൽ ചെന്നിരുന്ന് ആ ബുക്ക് എടുക്കാനായി ബാഗ് ഒന്ന് തുറന്നുവെങ്കിലും അത് അതിനുള്ളിൽ തന്നെ വെച്ച് വേഗം അടച്ച് വെച്ചു. കണ്ണടച്ചപ്പോൾ ആ മൂന്ന് കല്ലറകൾ മാത്രം ഓർമ്മ വരുന്നുള്ളു.

ഞാൻ ഹെഡ്സെറ്റും എടുത്ത് ചെവിയിൽ തിരുകി നല്ല ശബ്ദത്തിൽ പാട്ടും വെച്ചിരുന്നു. നേരെ നോക്കുമ്പോൾ അവളെ കാണാതിരിക്കാൻ തല മുന്നിലെ സീറ്റിന്റെ കമ്പിയിലോട്ട് താഴ്ത്തി കിടന്നു.

ഒരു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകണം. ഞാൻ ഒന്ന് തലയുയർത്തി നോക്കിയപ്പോൾ അവൾ ഇരുന്ന ഇരുപ്പിൽ തന്നെയാണ്. അവളുടെ പിറക് വശം മാത്രം കാണുന്നുള്ളത് കൊണ്ട്‌ എന്താ ചെയ്യുന്നെന്ന് മനസ്സിലായില്ല. ഒന്ന് നെടുവീർപ്പെട്ട് ഞാൻ വീണ്ടും ചാരി കിടന്നു.

അറിയാതെ ഉറങ്ങി പോയെങ്കിലും ഉറക്കത്തിൽ കല്ലറയും കുതിരയുടെ കുളമ്പടി ശബ്ദവും തന്നെ. ഒന്ന് ഞെട്ടിയെഴുന്നേറ്റ് മൊബൈൽ നോക്കിയപ്പോൾ അഞ്ചാറു മിസ്സ്‌ കാൾ.

അങ്ങോട്ട്‌ തിരിച്ച് വിളിക്കാൻ നിന്നപ്പോഴേക്കും അവന്റെ കോൾ. പെട്ടന്നൊന്ന് പേടിച്ചെങ്കിലും ഞാൻ കോൾ എടുത്തു.

“ഡാ നീ എവിടെത്തി.. എത്രനേരായി വിളിക്കുന്നു. എത്തിയാൽ വേഗം തന്നെ എന്നെ വിളിച്ചോളോ..ഒരു കാര്യം സീരിയസ് ആയി പറയാൻ ഉണ്ട്.”

ഇതും പറഞ്ഞ് അവൻ കോൾ കട്ട്‌ ചെയ്തു. എന്തായിരിക്കും അവനെ പറയാൻ വന്നത്. വിൻസെന്റ് സാറെ പറ്റി അന്വേഷിക്കാൻ പോകണം എന്ന് പറഞ്ഞിരുന്നു.

എന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി തുടങ്ങി. എങ്ങനെയെങ്കിലും വീട് എത്തിയാൽ മതി. വാച്ച് നോക്കിയപ്പോൾ സമയം പോകാത്ത പോലെ..

വേഗം തന്നെ അവനെ ഞാൻ തിരിച്ച് വിളിച്ചപ്പോൾ കോൾ കട്ട്‌ ചെയ്തു. പെട്ടന്ന് ഒരു ശബ്‌ദം. ശ്രീയുടെ മെസ്സേജ് വന്നതാണ്.

” ഇപ്പോൾ വിളിക്കണ്ട ഞാൻ പുറത്താണ്. നീ എത്തുമ്പോൾ പറഞ്ഞോളോ ട്ടാ”

മെല്ലെ എഫ്ബി തുറന്ന് ചുമ്മാ തോണ്ടി കൊണ്ടിരുന്നു. ഞാൻ അറിയാതെ ഉറങ്ങി പോയെന്ന് തോന്നുന്നു.

 കണ്ടക്ട്ടർ തൃശ്ശൂർ എന്ന് വിളിക്കുന്നത് കേട്ടാണ് ഞാൻ എണീറ്റത്. വേഗം ചാടി എഴുന്നേറ്റ് ഓഷിനെ നോക്കിയപ്പോൾ അവൾ അവിടെ തന്നെയുണ്ട്. എന്തൊക്കയോ ആലോചിച്ചിരിക്കുന്ന അവളെയും വിളിച്ച് എഴുന്നേൽപ്പിച്ച് ചാടിയിറങ്ങി.

അവിടെ വിൻസെന്റ് സാർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നോടും കാറിൽ കേറാൻ പറഞ്ഞ് വിളിച്ചു. ഒന്ന് മടിച്ചെങ്കിലും ഞാനും കയറി. വിൻസെന്റ് സാർ എന്തൊക്കയോ ചോദിച്ചെങ്കിലും ഞാൻ മൂളുകയല്ലാതെ ഒന്നും സംസാരിക്കാൻ പോയിയില്ല.

 എന്റെ വീടിന്റെ വഴിയിൽ എത്തിയപ്പോൾ ഇനി ഞാൻ പൊക്കോളാം എന്നും പറഞ്ഞ് അതിൽ നിന്നിറങ്ങി.

വീട്ടിലേക്ക് നോക്കിയപ്പോൾ അമ്മ ഉമ്മറത്ത് കാത്തിരിക്കുന്നുണ്ട്. ഞാൻ മെല്ലെ ഉള്ളിലോട്ട് കയറി. ഇനി എങ്ങാനും ഞാൻ ഇറങ്ങിയത് കണ്ടാവോ. ഏയ് കണ്ടിരുന്നെങ്കിൽ ചോദിക്കേണ്ടതാണ്.

എന്നാലും എന്തായിരിക്കും ശ്രീക്ക് പറയാൻ ഉള്ളത്. ഞാൻ വേഗം റൂമിൽ കയറി. ഫോണിൽ ശ്രീ എന്നിടത്ത് കുത്തി.

തുടരും…

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.