ക്രിസ്മസ് കാല ഓർമ്മകൾ .

അന്ന് ഒരു മഞ്ഞണിഞ്ഞ ഡിസംബർ മാസ പുലരിയായിരുന്നു. അർക്ക കിരണങ്ങൾ ഭൂമിയെ പുൽകി നനുത്ത ഇളം കാറ്റ് വീശിക്കൊണ്ടിരുന്നു. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു എന്റെ യാത്ര. എനിക്ക് പത്തനം തിട്ട ജില്ലയിലെ എനാത്ത് എന്ന സ്ഥലത്തേക്കായിരുന്നു പോകേണ്ടത്. അതിനായി ചെങ്ങന്നൂർ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ദൂരേക്കുള്ള യാത്രയായതിനാൽ പ്രിയ സുഹൃത്തുമുണ്ട് കൂടെ. കാലത്തെ കോടമഞ്ഞിനെ വകവെക്കാതെ രണ്ടര കിലോമീറ്ററോളം നടന്നായിരുന്നു റെയിൽവെ സ്റ്റേഷനിലേക്ക് എത്തപ്പെട്ടത്. അതു കൊണ്ട് തന്നെ എനിക്ക് നല്ല ജലദോഷം ബാധിച്ചിരുന്നു. മുന്നര പതിറ്റാണ്ട് മുമ്പ് കാലത്തെ നമ്മുടെ യാത്രാപഥം വളരെ ക്ലേഷകരവും, എന്നാൽ ഏറെ സുരക്ഷിതവുമായിരുന്നു. മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ലിങ്ക് എക്സ്പ്രസ് വണ്ടിയിലായിരുന്നു യാത്ര. കൃത്യ സമയത്ത് തന്നെ യാത്ര പുറപ്പെട്ടതിനാൽ ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴും പുതിയ മുഖങ്ങളുമായി മനസ്സ് പങ്ക് വെച്ച് കൊണ്ടേയിരുന്നു. കേവലം മുപ്പത് ദിവസ അവധിക്ക് നാടണിഞ്ഞ ഒരു പഴയ കാല പ്രവാസിയുടെ ഇടപെടലുകൾ അക്കാലത്ത് അങ്ങിനെയായിരുന്നു. നാടണിഞ്ഞാൽ കൂട്ടുകുടുംബമൊത്തും, കൂട്ടുകാരുമൊത്തും, വഴിയിൽ നടന്നു നീങ്ങുന്നവരുമായും കുശലം പറഞ്ഞു കൊണ്ട് ഓരോ നിമിഷങ്ങളേയും അവർ ഏറെ ആനന്ദത്തോടെ ഉപയോഗപ്പെടുത്തുമായിരുന്നു.

ഊഷര ഭൂമിയിൽ നിന്നും പച്ചപ്പിന്റെ നാട്ടിലേക്കെത്തിയപ്പോഴുണ്ടാവുന്ന സ്വാഭാവിക അനുഭൂതി. നാട്ടിലേക്ക് വരുന്നതിന് തൊട്ട് മുമ്പ് ഞാൻ ജോലി ചെയ്യുന്ന ഓഫീസിലെ പത്തനംതിട്ടക്കാരനായ എന്റെ സീനിയർ ഓഫീസർ ‘ജോയി സാർ ‘എന്നോട് ഒരു ചോദ്യം. നാട്ടിലെത്തിയാൽ നിനക്ക് എന്റെ നാട്ടിലേക്ക് പോകാമോ ? തെല്ലും അമാന്തിക്കാതെ ഞാൻ മറുപടി പറഞ്ഞു. പോകാം സാർ, കുറച്ച് ബുദ്ധിമുട്ടേണ്ടി വരും…… ജോയി സാർ പറഞ്ഞു. അതൊന്നും സാരമില്ലെന്ന് ഞാൻ മറുപടി ആവർത്തിച്ചു. എന്റെ കയ്യിൽ ഒരു സമ്മാനപ്പൊതി നീട്ടിപ്പറഞ്ഞു. ഇതൊരു ക്രിസ്മസ് സമ്മാനമാണ്. നാട്ടിൽ എന്നെയും കാത്ത് കഴിയുന്ന എന്റെ അപ്പച്ചനും, അമ്മച്ചിയുമുണ്ട്. ഇത് അവർക്ക് നാട്ടിൽ എത്തിയ ഉടനെ തന്നെ പറ്റുമെങ്കിൽ എത്തിക്കുക…. ഞാൻ സന്തോഷപൂർവ്വം സമ്മാനപ്പൊതി വാങ്ങി. നാടണിഞ്ഞ പിറ്റെ ദിവസം തന്നെയുള്ള യാത്രയായതിനാൽ എന്റെ വേഷവും, സൗന്ദര്യവുമെല്ലാം ഒരു പ്രവാസിയാണെന്ന് ആർക്കും തിരിച്ചറിയാം. ബെൽബോട്ടം പാന്റ്സും, കൂളിംഗ് ഗ്ലാസും, പോളിസ്റ്റർ ഷർട്ടും കയ്യിൽ ഒരു ബ്രീഫ് കേസും എല്ലാമായപ്പോൾ ഒരു ഗൾഫ്കാരൻ തന്നെ. വണ്ടി സമയനിഷ്ഠതയോടെ തന്നെ ഒരോ സ്റ്റേഷനും പിന്നിട്ടു കൊണ്ടിരുന്നു. ഓരോ സ്റ്റേഷനിൽ നിന്നും പുതിയ മുഖങ്ങൾക്കായി പഴയ മുഖങ്ങൾ വഴി മാറി. ഇനി എന്റെയും, സുഹൃത്തിന്റേയും ഊഴമാണ്. വണ്ടി ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തി. ഞങ്ങളുടെ ഇരിപ്പിടങ്ങൾ പുതിയ യാത്രക്കാർക്ക് കൈമാറി ഞങ്ങൾ സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി. സമയം വൈകീട്ട് 5 മണിയായി. ഇനി ഏനാത്തിലേക്കുള്ള ബസ്സ് കയറണം. തൊട്ടടുത്ത ബസ്‌ സ്റ്റോപ്പ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു നീങ്ങാൻ തുടങ്ങവേ, പിറകിൽ നിന്നും ആരോ വിളിക്കുന്നു. കാഴ്ച്ചയിൽ തന്നെ ആളെ മനസ്സിലായി. വിശുദ്ധിയുടെ ലോഹയിട്ട ഒരു ഫാദർ….

നിങ്ങൾക്ക് എങ്ങോട്ടേക്കാണ് പോവേണ്ടത് ? ഞാൻ വിശദീകരിച്ച് മറുപടി പറഞ്ഞു. ഫാദർ പറഞ്ഞു. എനിക്കും ആവഴിക്കാണ് പോകേണ്ടത്…

ബുദ്ധിമുട്ടില്ലെങ്കിൽ ഒരു ടാക്സി പിടിച്ച് പോകാം. വാടക നമുക്ക് തുല്യമായി പങ്കിടാം. ഞാൻ തെല്ല് ശങ്കിച്ച് സമ്മതം മൂളി. തൊട്ടടുത്തുണ്ടായിരുന്ന ടാക്സിയിൽ ഞങ്ങൾ യാത്രയായി. മുൻ വശത്തെ സീറ്റിൽ ഫാദറും, പിറക് വശത്തെ സീറ്റിൽ ഞങ്ങൾ രണ്ട് പേരും…. ഓരോ പ്രാന്തപ്രദേശങ്ങളും പിന്നിട്ട് കാർ ഓടിത്തുടങ്ങി. ഇതിനിടയിൽ ഫാദർ വാചാലനായി…. മംഗലാപുരത്തെ ഒരു അരമനയിൽ നിന്നുമാണ് ഫാദർ വരുന്നത്. സർവ്വീസ് കഥകളും, നാട്ടുവർത്തമാനങ്ങൾ ചോദിച്ചും ഫാദർ ഞങ്ങളോട് കൂടുതൽ അടുത്തു. അപ്പോഴേക്കും സന്ധ്യയാകാറായി തുടങ്ങിയിരുന്നു. ഫാദറിന് ഇറങ്ങാനുള്ള ഇടമായി.

വഴിയരികിൽ നിന്നും അകന്ന് ഇടവഴിയിൽ ക്രിസ്മസ് അലങ്കാര ചമയങ്ങളിൽ നിറഞ്ഞു തലയുയർത്തി നിൽക്കുന്ന പള്ളിക്ക് മുമ്പിൽ വണ്ടി നിർത്തി. ഫാദർ കാറിൽ നിന്നും ഇറങ്ങിക്കൊണ്ട് പറഞ്ഞു, നിങ്ങൾക്കുള്ള സ്ഥലത്തേക്ക് ഈ സമയത്ത് പോകുന്നത് ഉചിതമല്ല. ഞാൻ തന്നെ നിങ്ങളെ ഉദ്ദേശ്യ സ്ഥലത്തേക്ക് എത്തിക്കാം…, പറഞ്ഞു കൊണ്ടിരിക്കെ ഫാദർ ടാക്സിക്കാരനെ വാടക കൊടുത്ത് പറഞ്ഞു വിട്ടു. തെല്ല് അമ്പരപ്പോടെയും, സംശയത്തോടേയും ഞങ്ങൾ ഫാദറിനൊപ്പം പള്ളി അരമന ലക്ഷ്യമാക്കി നടന്നു. ഫാദർ തന്റെ മുറി തുറന്നു തന്ന് കൊണ്ട് അവിടെ വിശ്രമിക്കാൻ ആവശ്യപ്പെട്ടു. അൽപ്പസമയം കഴിഞ്ഞപ്പോൾ ഫാദർ ലോഹയും, കറുത്ത കാപ്പും അഴിച്ച് വെച്ച്, തലയിൽ മഫ്ളറും ചുറ്റി ഡ്രസ് മാറി വന്നു. കൂടെ കയ്യിൽ ചായ ഫ്ലാസ്കും, മറുകയ്യിൽ കഴിക്കാനുള്ള അപ്പവുമായി ഞങ്ങളെ സ്വീകരിച്ചു. ചായ കുടിക്ക് ശേഷം തെല്ല് ശങ്കയോടെ ഞാൻ പറഞ്ഞു…

ഫാദർ….. ഞങ്ങൾക്ക് പ്രാർത്ഥിക്കാനുള്ള സമയമായി. അടുത്തെങ്ങാനും മുസ്ലിം പള്ളിയുണ്ടോ ?
ഫാദർ പറഞ്ഞു…
അൽപ്പം ദൂരം ചെന്നാൽ കാണുമായിരിക്കും, വിരോധമില്ലെങ്കിൽ ഇവിടെ നിന്ന് പ്രാർത്ഥിച്ചു കൊള്ളുക. പറയുന്നതിനിടയിൽ തന്നെ ഫാദർ ഒരു ഷാൾ ഞങ്ങൾക്ക് നേരെ നീട്ടി. ഞങ്ങൾ അസർ നമസ്ക്കാരം (സായാഹ്ന നമസ്ക്കാരം) നടത്തുന്നതിനിടെ, ഫാദർ അരമനക്ക് പിറക് വശത്തെ കാർഷെഡിൽ നിന്നും നിർത്തി വെച്ചിരുന്ന പഴയ ഒരു മിനി വാൻ സ്റ്റാർട്ട് ചെയ്തു. ഞങ്ങളോട് അതിൽ കയറാൻ ആവശ്യപ്പെട്ടു… ഫാദർ അതിശീഘ്രം വാൻ പായിച്ചു, ഏനാത്തേക്ക്.. അപ്പോഴേക്കും നേരം ഇരുളാൻ തുടങ്ങിയിരുന്നു.

സ്ഥല പരിചയമില്ലാത്തതിനാൽ മനസ്സിൽ ഏറെ ഉൾഭയം ഇരട്ടിച്ചു വന്നു. വണ്ടി ഏനാത്തെ ഒരു കവലയിൽ ചെന്ന് നിന്നു. കവലയിലെ ഒരു കടയിൽ നിന്നും ജോയിച്ചന്റെ വീട്ടിലേക്കുള്ള വഴി കണ്ട് പിടിച്ചു. അൽപ്പം ഇടുങ്ങിയ വഴി. ഞങ്ങൾ വിടണഞു.. അവിടെ ജോയിച്ചന്റെ മാതാപിതാക്കൾ മാത്രമാണ് താമസം. എൺപത് വയസ്സിന് മേലെ പ്രായം ചെന്ന വൃദ്ധ ദമ്പതികൾ. ഫാദർ സ്ത്രോത്രം ചൊല്ലി അകത്ത് പ്രവേശിച്ചു. കൂടെ ഞങ്ങളും.

ഞാൻ ക്രിസ്മസ് സമ്മാനപ്പൊതി അവരുടെ കൈകളിൽ ഏല്പിച്ചു. അപ്പോഴേക്കും ആ കണ്ണുകളിൽ നിന്നും പ്രതീക്ഷകളുടെയും, വാത്സല്യത്തിന്റെയും പ്രകാശം പൊഴിയുന്നുണ്ടായിരുന്നു. വീടിന്റെ ഉമ്മറത്ത് നിന്നും അങ്ങകലേക്ക് ഞാൻ അൽപ്പം നോക്കി നിന്നു. ആകാശത്ത് നിന്നും താരകങ്ങൾ മിഴികൾ തുറക്കുന്നത് പോലെ താഴ് വാരത്തു നിന്നും ക്രിസ്മസ് നക്ഷത്രങ്ങൾ പ്രകാശം പൊഴിച്ചു കൊണ്ടിരുന്നു. തപ്പാൽ ഉരുപ്പടികളിൽ കൂടി മാത്രം പ്രിയപ്പെട്ടവരുടെ ഉൾതുടിപ്പുകൾ വായിച്ചറിഞ്ഞു കൊണ്ടിരുന്ന മാതൃപിതൃ ഹൃദയങ്ങൾക്ക് അകലങ്ങളിൽ നിന്നും, പ്രിയ മകനിലൂടെ വന്നെത്തിയ ക്രിസ്മസ് സമ്മാനങ്ങൾ അവരിൽ അനിർവ്വചനീയമാം വിധം സന്തോഷവും, ആഹ്ലാദവും സ്ഫുരിക്കുന്നത് ഞങ്ങൾ നോക്കിക്കണ്ടു.

പ്രിയ അപ്പച്ചനോടും, അമ്മച്ചിയോടും യാത്ര ചോദിക്കുമ്പോൾ അവരുടെ കണ്ണുകളിൽ നിന്നും ആയിരം പ്രതീക്ഷകളുടെ തെളിച്ചം വമിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വാനിൽ കയറി തിരികെ മടങ്ങി. ഫാദർ വീണ്ടും വാചാലനായിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു…. ഈ രാത്രിയിൽ ഞാൻ ഏറെ സന്തോഷവാനാണ്. ഇന്നത്തെ രാത്രിയിൽ എനിക്ക് ഉറങ്ങാൻ സാധ്യമല്ല. ഈ രാത്രിയിൽ മാലാഖമാർ ഭൂമിയിലിറങ്ങുന്നതാണ്. വാക്കുകളിലൂടെയുള്ള ആയിരം ഉപദേശത്തേക്കാൾ ഉത്തമം കർമ്മങ്ങൾ കൊണ്ടുള്ള നന്മകൾ… അദ്ദേഹം ഞങ്ങളേയും കൊണ്ട് ഏനാത്ത് നിന്നും വീണ്ടും ചെങ്ങന്നൂർ ലക്ഷ്യമാക്കി വണ്ടിയോടിച്ചു. വഴികൾ പിന്നിടുമ്പോൾ വഴിയോരങ്ങളിലൂടെ നടന്നു നീക്കിക്കൊണ്ടിരിക്കുന്ന സാന്താ ക്ലോസുകളടങ്ങുന്ന ക്രിസ്മസ് കരോളുകളേയും കാണാമായിരുന്നു. തിരുപ്പിറവി രാവിന്റെ അന്ത്യയാമങ്ങളിൽ കൈ നിറയെ സമ്മാനങ്ങളുമായി എത്തുന്ന സെന്റ് നിക്കോളാസിന്റെ പ്രതീകാത്മക വരവിനെ ഓരോ വീടുകളും ആഹ്ലാദ പൂർവ്വം സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. പ്രതീക്ഷകളുടെയും, പ്രത്യാശകളുടെയും നന്മകളുടെയും പുണ്യദിനത്തെ വരവേൽക്കാൻ വിശ്വാസി സമൂഹം ഒരുങ്ങിക്കഴിഞ്ഞതായി വഴിയോരങ്ങളിൽ ഒരുക്കിയ പൈൻ മരച്ചെടികളിൽ പിടിപ്പിച്ച ക്രിസ്മസ് നക്ഷത്രങ്ങളും, അലങ്കാര ചമയങ്ങളും ഓർമ്മിപ്പിക്കുന്നതായി തോന്നി.

ഫാദർ ശാരീരികമായി ക്ഷീണിതനെങ്കിലും ഏറെ ഉന്മേഷവാനായാണ് ഞങ്ങളോട് സംസാരിച്ചു കൊണ്ടേയിരുന്നു. വിശുദ്ധ തോമാശ്ലീഹയുടെ പാദസ്പർശ ഭൂമികയാണ് പത്തനംതിട്ട. വിശുദ്ധ മാരാമൺ കൺവെൻഷൻ നടക്കുന്നതും ഈ മണ്ണിൽ. ഞങ്ങളുടെ വാൻ ചെങ്ങന്നൂരിലെ ഒരു ഹോട്ടലിന് മുന്നിൽ എത്തി.. സമയം ഏതാണ്ട് ഒൻപത് കഴിഞ്ഞിരിക്കുന്നു. ഫാദർ പറഞ്ഞു, ഞാൻ തിരിച്ചു പോവുകയാണ്. എനിക്ക് അരമനയിലെത്തണം. പാതിരാ കുർബാനയിൽ പങ്കെടുക്കേണ്ടതുണ്ട്. ഞാൻ നേരത്തെ പറഞ്ഞുറപ്പിച്ച വാടകയിനത്തിലുള്ള സംഖ്യയും ചേർത്ത് ഫാദറിന് നേരെ നീട്ടി.

ഫാദർ എന്റെ നേരെ നോക്കി അൽപ്പം ഗൗരവത്തോടെ പറഞ്ഞു. ഈ രാത്രി നിങ്ങൾക്ക് വേണ്ടി സേവിക്കുകയെന്നത് ദൈവനിശ്ചയമാണ്. എന്റെ ദൗത്യവും കൂടിയാണ്. പരിശുദ്ധനായ ദൈവം കർമ്മമാണ് നോക്കുന്നത്. വാചകത്തിലല്ല. കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.

അപ്പോഴേക്കും ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഫാദറിന്റെ കണ്ണുകളിലും സ്നേഹത്തിന്റെ നീരൊലിക്കുന്നത് ഞാൻ കണ്ടു. ഫാദർ യാത്രയായി. ഭൂമിയിൽ ഓരോരുത്തരുടെയും ജീവിതത്തിൽ മാലാഖമാർ പ്രത്യക്ഷപ്പെടുന്നുണ്ട്. വിവിധ ഘട്ടങ്ങളിൽ മനുഷ്യ രൂപത്തിലാണെന്ന് മാത്രം. പക്ഷെ നാം അവരെ തിരിച്ചറിയുന്നത് ഏറെ വൈകിയാണെന്ന് മാത്രം… ഉയർന്ന മാനവികതയുടെ മുഖമായി മാറാൻ നാം ഓരോരുത്തർക്കും സാധിക്കട്ടെ ……
‘അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം: ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം”, എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകൾ ( ജാബിർ പാട്ടില്ലം)

Writer: Jabir Pattillam

ക്രിസ്മസ് കാല ഓർമ്മകൾ .
4.7 (93.33%) 3 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.