meesha book review

മീശ | Meesha by S Hareesh – Book Review

മീശ(നോവല്‍)

എസ്. ഹരീഷ്

ഡി സി ബുക്സ്

വില 299 രൂപ

മീശ | Meesha Book Review

വിവാദങ്ങള്‍ എപ്പോഴും സമൂഹത്തില്‍ രണ്ടു തരം വികാരങ്ങള്‍ ആണ് ഉണ്ടാക്കുക . ഒന്ന് പ്രിയം മറ്റൊന്ന് അപ്രിയം. ഈ പ്രിയാപ്രിയങ്ങള്‍ക്കിടയില്‍ പലപ്പോഴും സത്യം മരിച്ചു പോകുന്നുണ്ട്. ആടിനെ പട്ടിയാക്കലുകള്‍ ഒരുപാട് നടക്കുന്ന ഒരിടമായി ഇന്ന് സാഹിത്യ രംഗം മാറിയിരിക്കുന്നു അതിനാല്‍ തന്നെ വായനക്കാര്‍ പലപ്പോഴും ആശയക്കുഴപ്പത്തില്‍ അകപ്പെടുന്നുണ്ട്. അടുത്തിടെ പല വിവാദങ്ങള്‍ മലയാള സാഹിത്യം അഭിമുഖീകരിക്കുകയുണ്ടായി. ചിലതൊക്കെ അങ്ങനെ തന്നെ തീയും പുകയും കെട്ടണഞ്ഞു പോയപ്പോള്‍ ചിലതിന്നും വികാരനിര്‍ഭരമായി നിലനില്‍ക്കുന്നുമുണ്ട്. ഇവ മൂലം ചില മനോഹരമായ കൃതികള്‍ പോലും വായനക്കാര്‍ വായിക്കാതെ ഉപേക്ഷിക്കുന്നതും സര്‍വ്വ സാധാരണമായി കാണുന്ന ഒരു സംഗതിയാണ് . ഇന്ന് നാം ജീവിക്കുന്നത് ഫാസിസത്തിന്റെ ക്രൂരനഖങ്ങള്‍ക്കിടയില്‍ പെട്ടുപോയ മനുഷ്യരായാണ്. എന്ത് കഴിക്കണം , എഴുതണം , പറയണം , എന്നൊക്കെ നിയന്ത്രിക്കുന്ന ഭരണകൂടവ്യവസ്ഥയും, മതവും,ആശയങ്ങളും ആണ് നമ്മെ നയിക്കുന്നത്. വിമര്‍ശിക്കപ്പെടുന്ന സാഹിത്യത്തെ, ഭാഷയെ ഉന്മൂലനം ചെയ്യാന്‍ അതിനാല്‍ തന്നെ ഒരു വ്യഗ്രത സമൂഹത്തിലെ ചില കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്നതായി മനസ്സിലാക്കാം. ഒരിടത്ത് അത് സനാതനസംസ്കാരം / ആര്‍ഷഭാരത സംസ്കാരം എന്നോ ദേശീയത എന്നോ പറയുന്നുവെങ്കില്‍ മറിടത്ത് അതിനു പേര് മതനിന്ദ എന്നോ ദൈവനിന്ദ എന്നാണു. ഇനിയൊരിടത്തു അതിനു പേര് വ്യക്തിഹത്യയെന്നും ആശയപാപ്പരത്തം എന്നും വിശേഷിപ്പിക്കാം. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ ഹിന്ദുവെന്ന സത്വം വളരെ വലിയൊരു ക്രൗര്യതയാര്‍ന്ന രൂപത്തില്‍ വളര്‍ന്നുനില്‍ക്കുന്നു . അതുപോലെ തന്നെ പ്രവാചകനിന്ദ എന്നും മതനിന്ദ എന്നും പേരില്‍ ഇസ്ലാമികമായ ഒരു ഇരവാദവും കമ്യൂണിസം എന്നാല്‍ ചോദ്യം ചെയ്യപ്പെടാന്‍ ആവാത്തത് എന്നൊരു ബോധവും സമൂഹത്തില്‍ വളര്‍ന്നു നില്‍ക്കുന്നു .. സാംസ്കാരികമായി ഉയര്‍ന്ന മനുഷ്യര്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും, തെരുവുകളില്‍ കബന്ധങ്ങള്‍ സൃഷ്ടിച്ചും , അഗ്നി പടർത്തിയും , അംഗഭംഗങ്ങള്‍ നടത്തിയും ഈ നാടകങ്ങള്‍ അനസ്യൂതം ഒഴുകുന്നു . ഇവയെ എല്ലാം പൊതുവേ ഫാസിസം എന്ന് തന്നെ പറയാം എന്നുണ്ടെങ്കിലും അവസരോചിതമായി ഉപയോഗിക്കുന്ന ഒന്നായി ഫാസിസം ഇന്ന് മാറിപ്പോയിരിക്കുന്നു എന്നത് പറയാതിരിക്കാന്‍ കഴിയില്ല.

“മീശ” എന്ന നോവല്‍ മാതൃഭൂമിയില്‍ രണ്ടു ഭാഗം വന്നു കഴിഞ്ഞപ്പോള്‍ തന്നെ ഉണ്ടായ വിവാദം മലയാളി മറക്കാന്‍ ഇടയില്ല. ‘ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി പോകുന്നത് പൂജാരിയെ ഞങ്ങള്‍ ലൈംഗികബന്ധത്തിന് ഒരുക്കം ആണെന്ന് അറിയിക്കാന്‍’ ആണെന്ന ഒരു കൂട്ടുകാരന്റെ ചിന്തയെ ഓര്‍ത്തെടുക്കുന്ന മീശ നോവലിലെ സൂത്രധാരകഥാപാത്രം  ആയിരുന്നു ഈ വിവാദത്തിനു കാരണം ആയി മനസ്സിലാക്കേണ്ടത്. പൊതുവായ ഒരു അഭിപ്രായം അല്ല അതെന്നും അതൊരു വ്യക്തിയുടെ ചിന്ത മാത്രമാണെന്നും അതുപോലെയോ, അതിലും ചെറുതോ വലുതോ ആയ ചിന്തകള്‍ പലപ്പോഴും അമ്പലങ്ങള്‍ക്ക് മുന്നിലുള്ള ആല്‍ത്തറകളില്‍ പലകാലങ്ങളിലും കേട്ടിരുന്നതാണ് എങ്കിലും ഇതൊരു വിവാദം ആക്കണം എന്നാര്‍ക്കോ നിര്‍ബന്ധം ഉണ്ടായിരുന്നതിനാല്‍ മാത്രം അതങ്ങനെ ആയിത്തീരുകയും തുടര്‍ന്ന് ഡി സി ആ നോവല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് മാതൃഭൂമിയിലെ എഡിറ്റര്‍ പോലും തന്‍റെ സ്ഥാനത്തു നിന്നും തെറിക്കപ്പെട്ടതും മലയാളി കണ്ടതാണ്. ഈ നോവലില്‍ ഈ ഒരു ചിന്ത മാത്രമല്ല പങ്കു വച്ചിട്ടുള്ളത്. ഇതില്‍ ഉടനീളം നായരെയും, പുലയരേയും, ഈഴവരെയും ഒക്കെ വളരെ മോശമായി ആക്ഷേപിക്കുന്ന പല സന്ദര്‍ഭങ്ങള്‍ ഉണ്ട്. അവയൊക്കെ ഓരോ കഥാപാത്രങ്ങള്‍ ചെയ്യുന്നവയാണ് താനും. പലപ്പോഴും പെണ്ണുടല്‍ ഒരു വെറും ലൈംഗികോപകരണം മാത്രമായി കാണുന്ന കഥാപാത്രങ്ങള്‍ ഇതില്‍ കാണാം. ‘പെണ്ണും പൂറും കണ്ടാല്‍ അപ്പോഴേ അടിച്ചോണം’ എന്നൊരു വാക്യവും ഇടയില്‍ ആരൊക്കെയോ നോവലിസ്റിനെ ആക്ഷേപിക്കാന്‍ എടുത്തു ക്വോട്ട് ചെയ്തു കണ്ടിരുന്നു.

ഇത്തരം വാക്കുകളും പ്രയോഗങ്ങളും മലയാള സാഹിത്യത്തില്‍ പുതിയതല്ല എന്നു മാത്രമല്ല അവയെ പലപ്പോഴും ജാതീയതയും ഗോത്രീയതയും കലര്‍ന്ന ആക്ഷേപമായി ഉപയോഗിച്ച നിരവധി നോവലുകളും കഥകളും കവിതകളും ആഘോഷിക്കപ്പെട്ടവര്‍ ആയിട്ടും ഈ നോവലിസ്റ്റും ഈ നോവലും വളരെ മൃഗീയമായ ആക്രമണം നേരിടാന്‍ കാരണം മേല്‍പ്പറഞ്ഞ ഫാസിസത്തിന്റെ കടന്നു കയറ്റം തന്നെയാണ് എന്ന് നിസ്സംശയം പറയാം. കാരണം ഈ ആരോപണങ്ങളും ഇത്തരം എടുത്തു കാട്ടുന്ന (അവനനവന് ആവശ്യമായത് മാത്രം) വാക്കുകളും ഒഴിവാക്കിയാല്‍ മലയാള സാഹിത്യത്തില്‍ വളരെ മേലെ പ്രതിഷ്ഠാപനം ചെയ്യാവുന്ന ഒരു ഉത്തമ നോവല്‍ തന്നെയാണ് മീശ. ഖസാക്കിന്റെ ഇതിഹാസം ആഘോഷിക്കുന്ന അതേ ഊഷ്മളതയോടെ മീശയും ആഘോഷിക്കപ്പെടണം. അത് കാലം തെളിയിക്കും എന്ന് തന്നെ കരുതുന്നു. കാരണം ഇതിലെ ചില പോരായ്മകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഈ നോവല്‍ ഒരു വലിയ രചനാചക്രവാളം തന്നെയാണ് വായനക്കാരനില്‍ പങ്കു വയ്ക്കുന്നത്. ഏറ്റവും വലിയ പോരായ്മയായി തോന്നിയത് മാത്രം എടുത്തു പറഞ്ഞുകൊണ്ട് നോവലിലേക്ക് കടക്കാം. അഞ്ചു വയസ്സുള്ള പൊന്നു എന്ന് വിളിക്കുന്ന മകന് കഥ പറഞ്ഞു കൊടുക്കുന്നതയാണ് ഈ നോവല്‍. നേരത്തെ പറഞ്ഞ സൂത്രധാര സമ്പ്രദായം നാടകങ്ങളില്‍ നിന്നും അപ്രത്യക്ഷമായി എങ്കിലും നോവലുകളിലേക്ക് വരുന്നതിന്റെ ശുഭസൂചകം ആണ് ആ വേഷം. ഒരു കൊച്ചു കുട്ടിയുടെ മനസ്സിലേക്ക് ഒരു കഥ പറഞ്ഞു കൊടുക്കുമ്പോള്‍ , ആ കഥ പറഞ്ഞു കൊടുക്കുന്ന പിതാവ് പാലിക്കേണ്ട ഒരു ധര്‍മ്മവും ഈ കഥയില്‍ കണ്ടിരുന്നില്ല. നിറയെ ജാത്യാക്ഷേപങ്ങളും ലിംഗനീതിയില്ലായ്മയും നിറഞ്ഞ വസ്തുതകള്‍ കുട്ടിയിലേക്ക് പകരുന്ന ഔരു പിതാവിനെയാണ് ഈ നോവല്‍ സമ്മാനിക്കുന്നത് എന്നതാണ് ഇതിന്റെ വായനയില്‍ കണ്ട ഏറ്റവും വലിയ പോരായ്മ.

എന്താണ് മീശ എന്ന നോവല്‍ എന്നത് വളരെ പ്രസക്തമായ ഒരു വിഷയം ആണ് . വാവച്ചന്‍ എന്നൊരു പുലയകൃസ്ത്യാനി ഒരു നാടകത്തിന്റെ ആവശ്യത്തിലേക്കായി അതിലെ രണ്ടേ രണ്ടു രംഗത്തായി മാത്രം വരുന്ന ഒരു പോലീസുകാരനായി വരുന്നു. ആ കഥാപാത്രത്തിന്റെ മീശ ആയിരുന്നു ഹൈലൈറ്റ് . ആ മനുഷ്യനില്‍ നിന്നും കഥാപാത്രം ഇറങ്ങിപ്പോയെങ്കിലും മീശ ഇറങ്ങി പോകുന്നില്ല . ആ മീശക്കാരന്‍ ഒരു പ്രദേശത്തെ ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും വീണു ഒരു ചരിത്രമാകുന്നതാണ് ഈ നോവലിന്റെ പ്രമേയം. കുട്ടിക്കാലത്ത് ആഹാരം കഴിക്കാനും ഉറങ്ങാനും വേണ്ടി മുത്തശ്ശിക്കഥകള്‍ കേട്ട് വളര്‍ന്ന ഒരു തലമുറ പോലെ  ആ പ്രദേശത്തെ മനുഷ്യര്‍ പറഞ്ഞും കണ്ടും കേട്ടും ഭാവനയില്‍ മെനഞ്ഞും മീശ എന്ന മനുഷ്യനില്‍ നിന്നും ഒരു ഭയാനകവും , അമാനുഷികവുമായ അവതാരമായി മാറുന്ന ഒരാളുടെ ജീവിതം അതിന്റെ നാള്‍ വഴികള്‍. അവയെ വളരെ മനോഹരമായി ഇതില്‍ കാണാന്‍ കഴിയും. കുട്ടനാടിന്റെ പ്രാദേശികവും പാരിസ്ഥികവും ആയ എല്ലാ അംശങ്ങളും ഇതില്‍ നിറഞ്ഞു നില്‍ക്കുന്നു. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍ കുട്ടനാടിന്റെ കഥയാണ് ഇത്. വെള്ളപ്പൊക്കവും , ദാരിദ്ര്യവും നിറഞ്ഞ ഒരു പ്രദേശത്തിന്റെ നേര്‍ക്കാഴ്ച. ജീവിതം വെള്ളത്തിലും ദാരിദ്ര്യത്തിലും മാത്രം നിറഞ്ഞു കിടക്കുന്ന ഒരു പ്രദേശത്തെ പാച്ചുപിള്ള എന്ന കൗശലക്കാരനായ കൃഷിക്കാരന്റെ മകന്‍ തന്റെ ചെറുമകന്  ആ കാലത്തെ പരിചയപ്പെടുത്തുകയാണ് . ആ കാലത്തെ പരിചയപ്പെടുത്തുമ്പോള്‍ അതിനെ  പറഞ്ഞു പോകാന്‍ ഉള്ള ഒരു സാങ്കേതമായാണ് ഇതില്‍ മീശയും വാവച്ചനും വരുന്നത്. ഇതിന്റെ കാലഘട്ടവും അന്നത്തെ സാമൂഹ്യ വ്യവസ്ഥയും സമ്പ്രദായങ്ങളും വളരെ നന്നായിത്തന്നെ ഇതില്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത് ഈ നോവലിന്റെ വായനയെ വളരെ നല്ല തോതില്‍ സഹായിച്ചിട്ടുണ്ട്. അവതരണത്തിലെ പാളിച്ച (കുട്ടിക്കുള്ള കഥ) മാറ്റിനിര്‍ത്തിയാല്‍ ഇതൊരു മനോഹരമായ നോവല്‍ ആണ് .

Meesa നോവല്‍ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

തീര്‍ച്ചയായും മലയാള സാഹിത്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു നോവല്‍ തന്നെയാണ് ഇത്. കാലഘട്ടത്തിനെ അടയാളപ്പെടുത്തുന്നതില്‍ വിജയിച്ചതിനൊപ്പം തന്നെ ഒരു നായകനെ ഒരേ സമയം പ്രതിനായകന്‍ കൂടിയാക്കി നിര്‍ത്തുകയും  ‘ഒടിയന്‍ മിത്തി’നെ സമീപിക്കുന്ന അതേ തന്ത്രത്തോടെ അതിനെ മനസ്സിലേക്ക് പകര്‍ത്താനും നോവലിസ്റ്റിനു കഴിഞ്ഞിരിക്കുന്നു. ഇത്തരം ഭാഷാലളിതമായ ആഖ്യായന ശൈലി അന്യമാകുകയാണ് മലയാളത്തിനിന്ന്. മലയാളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ നിരയിലേക്ക് കസേരയിട്ട് ഇരിക്കാന്‍ അര്‍ഹത നേടിയ ഒരു എഴുത്തുകാരന്‍ ആയി എസ് ഹരീഷിനെ ഉയര്‍ത്തുന്നതിന് മീശ എന്നൊരൊറ്റ നോവല്‍ മതിയാകും. ബാലാരിഷ്ടതകള്‍ മാറ്റി വയ്ക്കുകയാണെങ്കില്‍, ഒരു പുനര്‍എഡിറ്റ്‌ ചെയ്യപ്പെടാന്‍ എഴുത്തുകാരന്‍ മുതിരുകയാണെങ്കില്‍ മീശ കുറച്ചു കൂടി സ്വീകാര്യത ഉണ്ടായേനെ എന്ന സദാചാര ചിന്തകള്‍ മാറ്റി വച്ച്  സ്വതന്ത്രമായി വായിക്കുകയാണെങ്കില്‍ മീശയോളം നല്ലൊരു നോവല്‍ അടുത്തകാലത്ത് വന്നിട്ടില്ല എന്ന് സമ്മതിക്കേണ്ടി വരും . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

 

മീശ | Meesha by S Hareesh – Book Review
4.8 (95%) 4 votes

Related Post

3 Comments

  1. വളരെ നന്നായിതന്നെ എഴുതി

    1. Author

      സന്തോഷം സ്നേഹം വായനക്കും വരികള്‍ക്കും

  2. Author

    നന്ദി സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.