അവൾ

അവൾ

അടിവയറ് വേദന,
അസഹ്യമായപ്പോൾ ലതിക, കട്ടിലിൽ നിന്നെഴുന്നേല്ക്കാതെകൊഞ്ച് പോലെ വളഞ്ഞ് കിടന്നു.

സാധാരണ നാല് മണിക്ക് എഴുന്നേല്ക്കുന്നതാണ്.

പല്ല് തേച്ച് മുഖം കഴുകി, അടുക്കളയിലേക്ക് കയറിയാൽ, അദ്ദേഹത്തിനും കുട്ടികൾക്കുമുള്ള പ്രാതലും മുത്താഴവും തയ്യാറാക്കി കഴിയുമ്പോൾ, മണി ആറാകും.

അതിന് ശേഷം, നട്ടെല്ലിന് ക്ഷതം പറ്റി കിടക്കുന്ന ,ഏട്ടന്റെ
അമ്മയെ, പല്ല് തേല്പിച്ച് വെറും വയറ്റിൽ കഴിക്കാനുള്ള കൂട്ട് മരുന്ന് അരച്ച് കൊടുക്കണം.

തലേന്ന് അണിയിച്ച ഉടയാടകൾ മാറ്റി ചൂടുവെള്ളത്തിൽ തുണി മുക്കി, നനച്ച് തുടച്ചിട്ട് വേറെ മുണ്ടും കുപ്പായവുമണിയിക്കേണം.

അപ്പോഴേക്കും ഏട്ടനും കുട്ടികളും ഉണർന്ന് വന്നിരിക്കും.

പിന്നെ എട്ടര മണിക്ക് മുൻപേ, ശ്വാസം വിടാതെ താൻ ഓടി നടന്നാലെ സ്കൂൾ ബസ്സ് വരുമ്പോൾ മക്കളെ ഒരുക്കി ,ഭക്ഷണം കൊടുത്ത് സമയത്ത് വിടാൻ പറ്റുകയുള്ളു.

“മണി അഞ്ചാകുന്നു
നിനക്ക് എഴുന്നേല്ക്കാനായില്ലേ?

മുനിസിപ്പാലിറ്റിയിൽ നിന്നും സൈറൻ മുഴങ്ങുന്നതോടൊപ്പം ശശിയേട്ടൻ അമറുന്നത് കേട്ടു.

തലേ രാത്രി കുടിച്ച വാറ്റ് ചാരായത്തിന്റെ മണം അടിച്ചപ്പോൾ ലതികയ്ക്ക് മനംപിരട്ടലുണ്ടായി.

“എനിക്ക് തീരെ വയ്യ ശശിയേട്ടാ.. പിള്ളേർക്ക് ഇന്ന് പരീക്ഷ തുടങ്ങുവാ
നിങ്ങള് ബാലേട്ടന്റെ ചായക്കടേന്ന് അവർക്കുള്ള ഭക്ഷണവും വാങ്ങി നിങ്ങളും കഴിച്ചിട്ട് പോകാൻ നോക്ക് ”

“ഓഹ് അവക്കടെ ഒരു വയ്യാഴ്ക ,ഇത് നിനക്ക് എല്ലാമാസവും ഉണ്ടാകാറുള്ളതല്ലേ? പുതിയതൊന്നുമല്ലല്ലോ?
ലോകത്തെ എല്ലാ സ്ത്രീകളും ഇങ്ങനൊക്കെ തന്നെയാ,
എന്നും പറഞ്ഞ് അവരാരും നിന്നെ പോലെ മടിപിടിച്ച് ഭർത്താവിനും മക്കൾക്കും വെച്ച് വിളമ്പി കൊടുക്കാതിരിക്കില്ല, അറിയുമോ”.

“ഓഹ് എന്തിനാ ശശിയേട്ടാ, ഇങ്ങനൊക്കെ പറയുന്നത്, ഇതിന് മുൻപ് എപ്പോഴെങ്കിലും നിങ്ങളെ ഞാൻ പട്ടിണിക്കിട്ടുണ്ടോ?
ഇതിപ്പോ, എനിക്ക് അത്രയ്ക്കും മേലാഞ്ഞിട്ടല്ലേ?”

“പിന്നെ … നിന്നെക്കാളും കൂടുതൽ,
ടിപ്പർ ലോറീടെ വളയം പിടിച്ച് കഷ്ടപ്പെട്ടിട്ടാ, ഞാൻ ദിവസവും വൈകുന്നേരം കേറി വരുന്നത്. എന്നിട്ട്
ഞാനെന്നെങ്കിലും ലീവ് എടുത്തിട്ടുണ്ടോ ?
എടുത്താൽ എനിക്കറിയാം, ഈ കുംബം പട്ടിണിയായി പോകുമെന്ന് ”

ലതികയുടെ അവശതകൾ അംഗീകരിക്കാൻ അയാൾ തയ്യാറായില്ല

“ങ്ഹും ,നിങ്ങളെപ്പോഴും നിങ്ങളുടെ കഷ്ടപ്പാട് മാത്രമേ പറയുന്നുള്ളു.
നിങ്ങള് ആഴ്ചയിൽ കൊണ്ട് തരുന്ന അയിരത്തി അഞ്ഞൂറ് രൂപം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത് എന്നാണോ ,നിങ്ങൾ ധരിച്ചിരിക്കുന്നത്, എന്നാൽ നിങ്ങളറിഞ്ഞോ, ആ ,കാശ് നിങ്ങടെ അമ്മയ്ക്ക് മരുന്ന് വാങ്ങാനും, പിന്നെ വൈദ്യന് കൊടുക്കാനും മാത്രമേ തികയുകയുള്ളു.

ബാക്കി വീട്ട് ചിലവും
കുട്ടികളുടെ പഠിത്തവുമൊക്കെ, ഞാൻ മുടങ്ങാതെ മുളക് കമ്പനിയിൽ പോയി പുകച്ചില് വകവയ്ക്കാതെ പണിയെടുത്തിട്ടാ,
അതറിയുമോ നിങ്ങക്ക്?”

“ഓഹ്…
അവക്കടെ ഒടുക്കത്തെ ഒരു കണക്ക് പറച്ചില് ,
ഇനി മുതല് നീ കമ്പനിയിൽ പോകണ്ടാ
അപ്പോഴെ..എനിക്കറിയാമായിരുന്നു ,നീ, ജോലിക്ക് പോകാൻ തുടങ്ങിയാൽ പിന്നെ, നിനക്ക് കൊമ്പ് മുളയ്ക്കുമെന്നു,
പെണ്ണായ നിന്നെയൊക്കെ വീടിനകത്ത് പൂട്ടിയിട്ട് വേണം വളർത്താൻ,
അല്ലെങ്കിൽ നീയൊക്കെ ആണുങ്ങളുടെ തലേ കേറിയിരുന്ന് അപ്പിയിടും ”

അയാൾ രോഷാകുലനായി കൊണ്ട് പറഞ്ഞു.

“ഇല്ല ശശിയേട്ടാ ,പെണ്ണുങ്ങളെയെല്ലാം അങ്ങനെ അടച്ചാക്ഷേപിക്കാൻ വരട്ടെ ,നിങ്ങളുടെ അമ്മയും ഒരു പെണ്ണല്ലായിരുന്നോ?
നിങ്ങൾ അഞ്ച് മക്കളെയും, ആ സാധു സ്ത്രീയെയും പെരുവഴിയിലാക്കി, നിങ്ങടെ അച്ഛൻ മറ്റൊരുവളുടെ, ചൂട് പറ്റി പോയപ്പോൾ, ആ അമ്മ നിങ്ങളെ ഉപേക്ഷിക്കുകയോ പട്ടിണിക്കിടുകയോ ചെയ്തോ?
പകരം ,രാപകല് പച്ചത്തൊണ്ട് തല്ലിച്ചതച്ച് കയറ്പിരിച്ച് കൊടുത്ത്, കിട്ടുന്ന ചില്ലറ കൊണ്ട് നിങ്ങളെ അഞ്ച് മക്കളെയും വളർത്തി പ്രാപ്തരാക്കിയില്ലേ.?

എന്നിട്ട് ആ അമ്മയ്ക്ക് ഒരു വീഴ്ച പറ്റിയപ്പോൾ നിങ്ങളുടെ സഹോദരൻമാർ ആരെങ്കിലും തിരിഞ്ഞ് നോക്കിയോ ,ഒരിക്കൽസഹികെട്ട് നിങ്ങൾ പോലും വൃദ്ധസദനത്തിലാക്കാമെന്ന് പറഞ്ഞ ആ അമ്മയെ, ഞാൻ തന്നെയല്ലേ ഇത്രനാളും ശുശ്രൂഷിച്ചത്.
അത് എന്ത് കൊണ്ടാണെന്നോ?
ഞാനും അവരും
സ്ത്രീയായത് കൊണ്ട്. ഒരു അമ്മയായത് കൊണ്ട്.

വേദന കൊണ്ട് പുളയുമ്പോഴും,
മറ്റുള്ളവരുടെ ആവശ്യാനുസരണം വലിച്ച് നീട്ടാനും ചുരുക്കാനും പറ്റുന്ന റബ്ബർ ബാൻഡ് പോലെയാണ്,
ഞങ്ങൾ ഓരോ സ്ത്രീകളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത്.
ഇത്രത്തോളം സഹനശക്തിയും സഹാനുഭൂതിയും
നിങ്ങൾ പുരുഷൻമാർക്കുണ്ടോ
ശശിയേട്ടാ..?

എല്ലാം കേട്ട് മറുപടിയില്ലാതെ അയാളിരുന്നു.

“എന്തായാലും ഞാനെഴുന്നേല്ക്കുവാ,
ഇനി അതിന്റെ പേരിൽ നിങ്ങളെന്നെ കമ്പനിയിൽ വിടാതിരുന്നാൽ
ഈ കുടുംബത്തിന്റെ നിലനില്പിനെ ,അത് ബാധിക്കും”

നെഞ്ച് കഴച്ചിട്ടും അടിവയറ്റിൽ സൂചി കുത്തിന്റെ നൊമ്പരമുണ്ടായിട്ടും
അതൊന്നും വകവയ്ക്കാതെ
അവൾ തന്റെ കടമകൾ അവിരാമം ചെയ്തു കൊണ്ടിരുന്നു.

[എല്ലാ സ്ത്രീകൾക്കും പുത്തൻ പ്രതീക്ഷകളുള്ള ഒരു നല്ല നാളേക്ക് വേണ്ടി ഇത് സമർപ്പിക്കുന്നു .]

രചന
സജിമോൻ ,തൈപറമ്പ്.

അവൾ
4.7 (93.33%) 3 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.