online malayalam kadha

എയ്തൊരമ്പ്

“ചേട്ടാ..
ഗ്യാസ് വന്നു,
പേഴ്സ് എവിടെ? ഞാൻ പൈസയെടുത്ത് കൊടുക്കട്ടെ.”

ലാപ് ടോപ്പിൽ മിഴിനട്ടിരുന്ന, അശോക നോട്, ഗായത്രി വന്നു ചോദിച്ചു..

“ആഹ്, ഞാൻ കൊണ്ട് കൊടുക്കാം ”

ലാപ്ടോപ്പ് താഴെ വച്ച് പേഴ്സുമെടുത്ത് അശോകൻ മുറ്റത്തേക്ക് ചെന്നു.

“ഷൈജു അതൊന്ന് അടുക്കളയിലേക്ക് വച്ചേക്ക് ഞാനും കൂടി പിടിച്ച് തരാം”

ഗായത്രി , സിലിണ്ടറുകൊണ്ട് വന്ന ഷൈജുവിനോട് പറഞ്ഞു.

“ഉം .. വേണ്ട’ വേണ്ട നീയങ്ങോട്ട് മാറ്, ഞാനിത് ഒറ്റയ്ക്ക് പിടിച്ച് അകത്ത് കൊണ്ട് വച്ചോളാം, ഇന്നാ ഷൈജു നിന്റെ കാശ് ”

അശോകൻ നീട്ടിപ്പിടിച്ച കാശും വാങ്ങി ഷൈജു വണ്ടിയെടുത്ത് പോയി.

“നീയെന്തുവാടീ വായും പൊളിച്ച് നില്ക്കുന്നേ, ഏതെങ്കിലും ആണുങ്ങള് വീട്ടിലോട്ട് വന്നാൽ ഒടനെ ചാടി പൊറത്തിറങ്ങിക്കോളും ”
ഗായത്രിയുടെ നേരെ, രൂക്ഷമായി നോക്കിക്കൊണ്ട്, അയാൾ പറഞ്ഞു.

“എൻറീശ്വരാ… എന്റെ കുഞ്ഞാങ്ങളേടെ പ്രായമേയുള്ളു ആ ചെക്കന് ,എന്തിനാ അശോകേട്ടാ.. നിങ്ങളീ വേണ്ടാധീനമൊക്കെ പറയുന്നേ”

സിലിണ്ടറുമായി അടുക്കളയിലേക്ക് പോയ അശോകനോടവൾ പരിഭവിച്ചു.

“ഉം. തന്നെ, തന്നെ.
ഞാനെല്ലാം കാണുന്നുണ്ടെടീ, പാൽക്കാരനോടും ,മീൻകാരൻ പാപ്പിയോടുമൊക്കെ നീ കൊഞ്ചിക്കുഴയുന്നത് ”

“ദേ, അശോകേട്ടാ.. എൻെറ ക്ഷമയ്ക്കും
ഒരതിരുണ്ട് ,എന്റെ വീടിനടുത്തു നിന്ന് വരുന്നതാ, പാപ്പിച്ചേട്ടൻ.
എന്റച്ഛന്റെ കൂട്ടുകാരൻ, അദ്ദേഹത്തോട് എന്റെ വീട്ടിലെ വിശേഷങ്ങൾ ചോദിക്കുന്നതാ ഞാൻ.

നിങ്ങള് വീട്ടിനകത്ത് കേറി , എനിക്ക് കാവലിരിക്കാതെ, ഓഫീസിൽ പോകാൻ നോക്ക് ,ഇപ്പോ തന്നെ ലീവൊക്കെ തീർന്നില്ലേ
ഇനി, ഒന്നാം തിയതി ശബ്ബളം കിട്ടുമോയെന്ന് ദൈവത്തിനറിയാം”

സിലിണ്ടർ കണക്ട് ചെയ്തോണ്ടിരുന്ന അശോകനോടവൾ പുച്ഛഭാവത്തിൽ പറഞ്ഞു.

“ങ്ങ്ഹും ,എന്നിട്ട് വേണം നിനക്ക് കണ്ടവൻമാരെ ഇതിനകത്തേക്ക് വിളിച്ച് കേറ്റാനല്ലേ?”

“ന്റെ മഹാദേവാ ..
എന്നെ കുറിച്ച് അപവാദം പറയുന്ന ഇങ്ങേരുടെ നാവ് പുഴുത്ത് പോണേ”

അവൾ തലയിൽ കൈവച്ച് പ്രാകി .

അന്നും അശോകൻ ജോലിക്ക് പോയില്ല.

ലിവിംഗ് റൂമിൽ ഇരുന്ന് കൊണ്ട് ,ഗായത്രിയുടെ ചലനങ്ങൾ ശ്രദ്ധിച്ച് കൊണ്ടിരുന്നു.

ഇടയ്ക്ക്, അടുക്കളയിൽ നിന്ന് ഗായത്രിയുടെ മൊബൈൽ റിംങ്ങ് ചെയ്യുമ്പോൾ അവളറിയാതെ, അയാൾ കതകിന് മറഞ്ഞ് നിന്ന്, കാതോർക്കും .

അവളുടെ സംസാരത്തിൽ നിന്നും
അമ്മയാണ് വിളിച്ചതെന്ന് ബോധ്യപ്പെടുമ്പോൾ
അയാൾ പതിയെ പിൻ വാങ്ങും .

അടുക്കളയിൽ കറിക്കരിയുമ്പോഴും ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

കല്യാണം കഴിഞ്ഞിട്ട് വർഷം 12 ആയി.

ആദ്യമൊക്കെ എന്തൊരു സ്നേഹമായിരുന്നു തന്നോട് .

പിന്നീട് എപ്പോഴാണ് അതിന് മാറ്റം വന്നു തുടങ്ങിയത്.

അവൾ ആലോചനയിലാണ്ടു.

വിവാഹം കഴിഞ്ഞിട്ടും കൃത്യമായിട്ട് തനിക്ക് മാസമുറ ഉണ്ടായിക്കൊണ്ടിരുന്നു.

വേനലും വർഷവും ശിശിരവുമൊക്കെ മാറി മാറി വന്നു.

ഉദ്യാനത്തിൽ ബഹുവർണ്ണങ്ങളിലുള്ള പൂക്കൾ വിടർന്നും കൊഴിഞ്ഞും, വസന്തങ്ങളും കടന്ന് പോയി.

പക്ഷേ താൻ മാത്രം പുഷ്പിച്ചില്ല .

വീട്ടുകാരുടെ നിർബന്ധത്താൽ
ഡോക്ടറെ കണ്ടു.

പരിശോധനയിൽ താൻ പൂർണ്ണ ആരോഗ്യവതിയാണെന്നും ,അദ്ദേഹം തികച്ചും ദുർബലനാണെന്നും കണ്ടെത്തി .

അത് അദ്ദേഹത്തെ മാനസികമായി തളർത്തി.

തന്റെ കഴിവില്ലായ്മയെ ഭാര്യ ചൂഷണം ചെയ്യുമെന്ന് അദ്ദേഹം ഭയന്നു.

ആ ,ഭയമാണ്, പിന്നീട് സംശയമായി രൂപാന്തരപ്പെട്ടത്.

ജോലികളൊക്കെ തീർത്ത് ,ഉച്ചയൂണുo
കഴിഞ്ഞ്, ഗായത്രി ലിവിങ് റൂമിലിട്ടിരുന്ന ദിവാൻ കോട്ടിൽ വിശ്രമിക്കാൻ കിടന്നു.

അടുത്തിരുന്ന് മൊബൈൽ ഫോണിൽ നോക്കിക്കൊണ്ടിരുന്ന, അശോകൻ, വേഗമെഴുന്നേറ്റ് ബെഡ് റൂമിലേക്ക് പോയി.

ഹും, ഇവിടിരുന്നാൽ പോൺ വീഡിയോ കാണുന്ന കാര്യം, താനറിയുമെന്ന് കരുതിയാ അകത്തോട്ടുള്ള ഈ ഒളിച്ചോട്ടം ,അതൊക്കെ, എനിക്ക് മുമ്പേ അറിവുള്ളതല്ലേ?

അയാളുടെ പോക്ക് കണ്ട് ഗായത്രി ,ഉള്ളിൽ ചിരിച്ചു.

ബെഡ് റൂമിൽ കയറി വാതിലടച്ചിട്ട്, ഇയർ ഫോണെടുത്ത് മൊബൈലിൽ കണക്ട് ചെയ്ത് , ചെവിയിൽ തിരുകി വച്ചിട്ട് അയാൾ അശ്ളീല വീഡിയോ ,ശ്രവണ സുഖത്തോടെ കണ്ടാസ്വദിച്ചു .

ദിവാൻ കോട്ടിൽ കിടന്ന് മയങ്ങിപ്പോയ ഗായത്രി,
തന്നെ ആരോ തോളിൽ തട്ടി വിളിക്കുന്നത് കേട്ടാണ് ഉണർന്നത്.

കണ്ണ് തുറന്ന് നോക്കിയപ്പോൾ മുന്നിൽ രേഷ്മ.

അമ്മാവന്റെ മോളാണ്
തന്റെ അതേ പ്രായം.
ഏതാണ്ട് ഒരേവണ്ണവും പൊക്കവും.

നിങ്ങളെ കണ്ടാൽ ഇരട്ടകളെപ്പോലെയാണെന്ന്, കോളേജിലെ കുട്ടുകാരികൾ എപ്പോഴും പറയുമായിരുന്നു.

രേഷ്മയുടെ ഭർത്താവ് ഗൾഫിലാണ് .

“നീയെന്താടീ ഒറ്റയ്ക്ക് വന്നത്, കുട്ടികൾ എന്തേ?”

ഗായത്രി ആരാഞ്ഞു.

“അവര് സ്കൂളിൽ പോയി, എനിക്ക് ഇവിടെ പാസ്പോർട്ട് ഓഫീസിൽ ഒന്ന് വരണമായിരുന്നു.
അപ്പോൾ ഞാനോർത്തു നിന്നെ കൂടി ഒന്ന് കണ്ടിട്ട് പോകാമെന്ന് ,അശോ കേട്ടനെവിടേടീ”

രേഷ്മ ചോദിച്ചു.

“പുളളിക്കാരൻ ഊണ് കഴിഞ്ഞ് ഉറങ്ങാനായി ബെഡ് റൂമിലേക്ക് കയറിയതാ, ഞാൻ ശല്യപ്പെടുത്താതിരിക്കാനാ
കതകടച്ചിരിക്കുന്നത് ”

ഗായത്രി, രേഷ്മയോടൊരു കള്ളം പറഞ്ഞു ‘

“നീയിനി എന്തായാലും വൈകിട്ട് പോയാൽ മതി. ഞാൻ നിനക്ക് കഴിക്കാനെടുക്കാം നീയപ്പോഴേക്കും ഈ വേഷമൊക്കെ മാറി, ഒന്ന് ഫ്രഷാവ് ”

ഗായത്രി അടുക്കളയിലേക്ക് പോയപ്പോൾ , രേഷ്മ അടുത്ത ബെഡ് റൂമിലേക്ക് കയറി .

ഈ സമയം, പോൺ വീഡിയോ കണ്ട്, കണ്ണ് ചുവന്ന അശോകൻ ,ഗായത്രിയെ തേടി, ബെഡ് റൂമിന്റെ വാതിൽ തുറന്ന് വെളിയിലിറങ്ങി.

ദിവാൻ കോട്ടിൽ കിടന്നിരുന്ന ഗായത്രിയെ കാണാഞ്ഞ് ,അശോകൻ, അടുത്ത മുറിയുടെ നേരെ ചെന്ന്, ഡോർ കർട്ടൻ മാറ്റി നോക്കി.

അവിടെ അർദ്ധനഗ്നയായി ,
പുറം തിരിഞ്ഞ് നില്ക്കുന്ന ഗായത്രിയെ കണ്ടപ്പോൾ, അശോകന്റെ കണ്ണുകൾ വന്യമായി തിളങ്ങി .

ഞരമ്പുകളിലൂടെ രക്തം ഇരച്ച് കയറി.

വികാരപരവശനായ അയാൾ പുറകിൽ ചെന്ന്, ഗായത്രിയെ കടന്ന് പിടിച്ചു.

“അയ്യോ ഓടിവായോ ”

നിലവിളിയുടെ ശൈലി മാറ്റം കേട്ട് അശോകൻ ഒന്ന് ഞെട്ടി.

അപ്പോഴേക്കും അടുക്കളയിൽ നിന്ന ഗായത്രി ഓടിയെത്തി.

ഭയന്ന് പോയ രേഷ്മ ,ബെഡ്ഷീറ്റെടുണ്ട് തന്റെ ശരീരം മറച്ചു.

ആള് മാറിയെന്നറിഞ്ഞ അശോകൻ വേഗം മുറി വിട്ട് വെളിയിലിറങ്ങി.

“ഗായത്രി ഞാൻ നീയാണെന്ന് കരുതിയാ ”
അയാൾ വാക്കുകൾക്ക് വേണ്ടി പരതി.

“ഇനി ഒരക്ഷരം മിണ്ടരുത്,
അമ്മാന്റെ വീട്ടിൽ ചെല്ലുമ്പോഴൊക്കെ നിങ്ങൾ രേഷ്മയോട് അമിത സ്നേഹം കാണിക്കുമ്പോഴെ..
എനിക്ക് സംശയമുണ്ടായിരുന്നു,
നിങ്ങളീ പണി കാണിക്കുമെന്ന്.

ഛെ! നാണമില്ലേ മനുഷ്യാ,
വീട്ടിൽ കയറി വന്ന ഒരഥിതിയോട് ഈ ചെറ്റത്തരം കാണിക്കാൻ ”

ഗായത്രി കോപം കൊണ്ട് വിറച്ചു.

“ഗായത്രീ.. നീയെന്നെ തെറ്റിദ്ധരിച്ചതാണ്.
ഞാൻ.. ഞാനോർത്തത് നീയായിരിക്കുമെന്നാ,
എന്നോട് പൊറുക്കൂ ഗായത്രി ”

അയാൾ തൊഴുത് കൊണ്ട്, അവളോട് കെഞ്ചി.

“ഇല്ല ,എന്റെ മുന്നിൽ വച്ച് ഇങ്ങനെ കാണിച്ച നിങ്ങൾ പുറത്ത് എവിടൊക്കെ പോയിക്കാണും,
ഒരു സ്ത്രീലമ്പടനെയാണല്ലോ ഈശ്വരാ ഞാനിത്ര നാളും കൂടെ പൊറുപ്പിച്ചത്.”

ഗായത്രിയുടെ മനസ്സിൽ താൻ ഇപ്പോൾ വെറുക്കപ്പെട്ടവനായി എന്നയാൾക്ക് മനസ്സിലായി.

കുനിഞ്ഞ ശിരസ്സോടെ അയാൾ പുറത്തേക്ക് ഇറങ്ങി പോയപ്പോൾ,
ഗായത്രി, രേഷ്മയെ ചേർത്ത് പിടിച്ചു.

“അദ്ദേഹത്തിന് അബദ്ധം പറ്റിയതാണെന്ന്, എന്നെപ്പോലെ തന്നെ നിനക്കും മനസ്സിലായി കാണുമല്ലോ?

പക്ഷേ നമുക്ക് സത്യമറിയാമെന്ന്, തല്ക്കാലം അദ്ദേഹം അറിയണ്ട, കാരണം ഇപ്പോൾ ബോള് ,എന്റെ കയ്യിലാ, ഇനി കുറച്ച് നാൾ, എനിക്കുമൊന്ന് സ്വസ്ഥമായി ജീവിക്കണം”
ഗായത്രിയുടെ സംസാരത്തിൽ എന്തോ ഒന്ന് ഉണ്ടെന്ന് രേഷ്മയ്ക്ക് മനസ്സിലായി .

“നീ വരു.. ,ഭക്ഷണം കഴിക്കുമ്പോൾ ഞാൻ എല്ലാം നിന്നോട് തുറന്ന് പറയാം ”

തന്നെ നോക്കി മിഴിച്ച് നില്ക്കുന്ന രേഷ്മയേം കൂട്ടി ഗായത്രി അടുക്കളയിലേക്ക് പോയി.

രചന
സജിമോൻ ,തൈപറമ്പ്.

 

എയ്തൊരമ്പ്
4.5 (90%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.