rocks malayalam story

കുഞ്ഞിപ്പാത്തു റോക്സ്

ഈ വീക്കെന്റിൽ സൗദിഅറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലേക്ക് പോവാന്ന് പറഞ്ഞുറപ്പിച്ചപ്പൊ അവിടെ എന്തൊക്കെ ഉള്ളതെന്ന് അറിയണം ഞമ്മളെ കുഞ്ഞിപ്പാത്തൂന്.

“അവിടെ എന്താ മോളേ ഇല്ലാത്തത്. ഞമ്മളെ ഈ പട്ടിക്കാട്ടിൽ കൊണ്ടോയിട്ടിട്ട് ഒരൊലക്കയും കാണിച്ച് തരാതെ ഇതാ ഗൾഫെന്നും പറഞ് പറ്റിക്കാ അന്റെ പപ്പ..

അവിടെ കിങ്‌ഡം ടവർ ണ്ട് അയിന്റെ മോളിൽന്ന് നോക്കിയാ റിയാദ് മൊത്തം കാണാം. എന്ത് രസാ..
പിന്നെ തൂക്കുപാലം മൃഗശാല ഡോൾഫിൻ ഷോ മാത്രല്ല അവിടെ മൂന്ന് ലുലുമാളും ഉണ്ട്.”

“ങേ.. ഇത്രേം കാലായിട്ട് ഞമ്മളിതൊന്നും കണ്ടില്ലാ.. ഇജ്ജിതൊക്കെ എങ്ങനെ അറിഞ്ഞേ മുത്തൂസേ..”

എപ്പോളും ഈ ഫെയ്സ്‍ബുക്കും വാട്ട്സാപ്പും തൊണ്ടിയിരുന്നാ ഇതൊന്നും കാണൂല..
അവിടൊക്കെ കൊണ്ടോവണം ന്നാലെ കാണൂ.
ഞാൻ നെറ്റിൽ സെർചെയ്തപ്പൊ അറിഞ്ഞതാ ഇതൊക്കെ..

ന്നാപിന്നെ അനക്ക് അവിടെ പോവാണോ നെറ്റിൽ കണ്ടാപോരേന്ന് ചോയ്ച്ചപ്പോ മറുപടി പറയാൻ വേണ്ടി പുറത്തേക്കിട്ട നാവ് പൊത്തിപ്പിടിച്ച് മാണ്ട പൊന്നേ ഞമ്മക്ക് പോവാന്ന് പറഞത് കോംപ്രമൈസാക്കി..

അപ്പോളാണ് ഒരു ഹലാക്കിലെ സംശയവുമായിട്ട് പാത്തു വര്ണത്. അവിടല്ലേ സൗദിരാജാവ് ഉള്ളത്. പാത്തൂന് രാജാവിനേം കാണണംന്ന് പറഞ് തുള്ളിച്ചാടാൻ തുടങ്ങി.

മുൻപെങ്ങോ കരച്ചിൽ നിർത്താൻ വേണ്ടി ഒരു തമാശ പറഞ്ഞതെയ്‌നി. ഓളത് മറന്നില്ലേ റബ്ബേ..

അങ്ങനെ റിയാദിലെ കാഴ്ചകളും കണ്ട് ലുലുമാളിൽ കേറി ഞമ്മളെ പോക്കറ്റും കാലിയാക്കി തിരിച്ച് പോവാനൊരുങ്ങുമ്പോളാണ് ‘ഏടെ മ്മളെ രാജാവ്’ ന്ന് പാത്തൂന്റെ ചോദ്യം.

പടച്ചോനേ പെട്ടല്ലോ.. ഈ കുരിപ്പ് ഇതിഞ്ഞും മറന്നീല്ലേ..

അത് വരെ ഡീസെന്റായി നിന്ന പാത്തു അലമ്പാവാൻ തുടങ്ങി. അലമ്പായാൽ പിന്നെ പറയണ്ട ബാക്കി. അവിടം പൂരപ്പറമ്പാവും.

“ആൾക്കാര് നോക്ക്ണതാ, കുന്തം മുണുങ്ങിയ പോലെ നിക്കാണ്ട് എന്തേലും പറയിങ്ങള്ന്ന് പറഞ് മുത്തൂസ് തന്ന നുള്ളിന്റെ വേദനയിൽ പല്ല് കടിച്ചപ്പോ തലയിൽ കത്തിയ ഒരു ഐഡിയ ഞമ്മളെ പുറത്തേക്ക് ചാടിയത്.

വേഗം കേറ് പാത്തോ രാജാവിപ്പം പോവുന്ന് പറഞ് ഓളെ എട്ത്ത് വണ്ടീലേക്കിട്ട് നിലവിളി ശബ്ദമിട്ട് ചീറിപ്പാഞ്ഞു.

വണ്ടി പിന്നെ നിന്നത് ഒരു കൊട്ടാരം പോലെ തോന്നിക്കുന്ന ഒരു വീടിന് മുന്നിലാണ്.
വാതിൽക്കൽ ചെന്ന് മുട്ടിവിളിച്ചപ്പോ പരിചാരകരൊന്നും ഇല്ലാതെ അതാ ഇറങ്ങി വരുന്നു എന്റെ തൂലികയുടെ സാക്ഷാൽ രാജാവ് അനസ് കണ്ണൂർ. അതെ ആ വീട്ടിൽ രാജാവൊറ്റക്കായിരുന്നു.

ഞങ്ങളെ കണ്ട് വണ്ടറടിച്ച ലൈവ് മാമൻ ഓടിവന്ന് ഞമ്മളെ കെട്ടിപിടിച്ചപ്പോ ഒക്കത്തിരുന്ന കുഞ്ഞിപ്പാത്തു
‘ഇതേതാ കിരീടവും ചെങ്കോലുമൊന്നുമില്ലാത്ത കിളവൻ രാജാവെന്ന മട്ടിൽ അടിമുടിയൊന്ന് സ്കാൻ ചെയ്തു.

ഓളെ നോട്ടം മനസിലാക്കിയ മാമൻ ഓളെ എട്ത്ത് ഒരഞ്ചാറ് ഉമ്മ കൊടുത്തു.
ആ സ്നേഹത്തിന് മുന്നിൽ വീഴാത്ത ഏതേലും കിളികൾ എഫ്ബിയിലുണ്ടോ..
ഞമ്മളെ പാത്തുവും വീണു.
പിന്നെ മാമന്റെ മാരത്തോൺ സ്നേഹപ്രകടനമായിരുന്നു അവിടെ നടന്നത്.
കൈ നിറയെ ചോക്ലേറ്റും പാവക്കുട്ടിയും ടോയ്സും ഐസ്ക്രീമും എല്ലാംകൂടെ കിട്ടിയപ്പോ ഇതെന്നെ സൗദിരാജാവെന്ന് പാത്തുവും ഉറപ്പിച്ചു.

അവിടം കൊണ്ടൊന്നും തീർന്നില്ല. ഇനിയെന്താ പാത്തൂന് വേണ്ടതെന്ന രാജാവിന്റെ ചോദ്യത്തിന് കൊക്കോക്കോ മതിയെന്ന് പാത്തൂന്റെ മറുപടി..

നേരം വൈകിയല്ലോ ഇനിയിപ്പോ ഏത് കോഴിക്കൂട്ടിൽ പോയാലാ കൊക്കൊക്കോ കിട്ടാന്ന് അലോയ്ച്ചപ്പോളാണ് തൂലികയിലെ രോമാഞ്ചകഞ്ചുകം പൈ’ങ്കിളികളുടെ സുൽത്താൻ ഷാനുക്കാനെ ഓർമ്മവന്നത്.

ഫോണെടുത്ത് വിളിച്ച് കാര്യം പറഞ്ഞപ്പോ,
ഞാനിവിടെയുള്ളപ്പോഴാണോടാ കോഴിക്ക് പഞ്ഞം,, പാത്തൂന് ഒന്നല്ല പൈനായിരം കോഴിന്റെ ബ്രോസ്റ്റ് ഞമ്മള് വാങ്ങിക്കൊടുക്കുംന്ന് പറഞ് കെഎഫ്സി ആയിട്ട് ഷാനുക്കയും എത്തി.
കളിയും ചിരിയും തമാശപറച്ചിലുമൊക്കെ ആയിട്ട് പിന്നെ അവിടം കളറാക്കി. പ്രവാസ ജീവിതത്തിലെ വിരസതയിൽ മക്കളെ ഒരുപാട് മിസ്സ് ചെയ്യാറുണ്ട്. പാത്തൂനെ കണ്ടപ്പോ ആ മിസ്സിങ് കുറച്ച് മാറി എന്ന് പറഞ് അനസ്‌ക്ക കണ്ണിൽ വെള്ളം നിറച്ചപ്പോ അയ്യേ രാജാവ് കരയാറില്ലെന്ന് പറഞ് കുഞ്ഞിപ്പാത്തു കളിയാക്കി.

നീ വന്നപ്പോ ഉള്ള ആനന്ദ കണ്ണീരാടീന്നും പറഞ് എല്ലാരും കൂടി ഒരു സെൽഫിയും എടുത്ത് ഇടക്കിടക്ക് വരാട്ടോ കോഴി മാമ എന്നും പറഞ് പോത്ത്പോലെ വളർന്നേലും കുഞ്ഞുങ്ങളുടെ മനസുള്ള ഷാനൂനും ഒരവ്വ കൊടുത്ത് അവരോടൊക്കെ ടാറ്റ പറഞ്ഞവിടുന്നിറങ്ങി..
____

കുട്ടികൾ കൂടെയുള്ളപ്പോ നിങ്ങളും അവരെപ്പോലെ ആവുക. അവരോടൊപ്പം കളിയിൽ ഏർപ്പെടുക. മനസിലുള്ള പിരിമുറുക്കങ്ങളും ടെൻഷനുകൾക്കെല്ലാം നല്ലൊരു മരുന്നാണത്..
മക്കളെ പിരിഞ്ഞിരിക്കുന്ന എല്ലാ പ്രവാസികൾക്കും സർവശക്തൻ ക്ഷമ നൽകട്ടെ..

ഷാനിഫ് ഷാനി – Shanif Shani

കുഞ്ഞിപ്പാത്തു റോക്സ്
5 (100%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.