online malayalam kadha

മൈലാഞ്ചിച്ചോപ്പ് മായുമ്പോൾ

“ഇക്കാ …
ഒന്ന് വരുന്നുണ്ടോ?
മണി 12 ആയി.
രാവും, പകലും കൂട്ടുകാരുമായി ശയിക്കാനാണെങ്കിൽ, പിന്നെന്തിനാ, എന്നെ കെട്ടിയെടുത്ത് ഇങ്ങോട്ട് കൊണ്ട് വന്നത് ”

ഫോണിലൂടെ റിയാസിനെ വിളിച്ച് സൗമില അത് പറയുമ്പോൾ ,രോഷം കൊണ്ടവൾ വിറയ്കുകയായിരുന്നു.

അത് കേട്ട റിയാസ്, ശരിക്കും പകച്ച് പോയി.

ങ്ഹേ, ഇവൾക്ക് ഇത്രയും ധൈര്യമോ?
തന്നോടിങ്ങനെ ഷൗട്ട് ചെയ്യാൻ.

“നീ കിടന്നുറങ്ങിക്കോ
ഞാൻ രാവിലെയേ വരൂ.
ഇവിടെ, ഷാജിയും ,സലീമും ,
മജീദുമൊക്കെയുണ്ട് .
അവർക്കുമുണ്ട് ഭാര്യമാർ ,അവരാരും ഇത് വരെ വിളിച്ചിട്ടില്ല.
പിന്നെ നിനക്ക് മാത്രമെന്താടീ… ഇത്ര ക…….?

അവളുടെ ചെവി പൊട്ടുന്ന രീതിയിൽ, അവൻ തിരിച്ച് രണ്ട് ചീത്ത പറഞ്ഞപ്പോൾ, ദേഷ്യവും സങ്കടവും സഹിക്കാതെ
സൗമില,ഫോൺ കട്ട് ചെയ്തു .

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷവും രണ്ട് മാസവുമാകുന്നുള്ളു.

സൗമില, ചിന്തിക്കുകയായിരുന്നു.

കല്യാണാലോചനയുമായി ആദ്യമായി, തന്നെ കാണാൻ വന്നത്, റിയാസിക്കയായിരുന്നു.

സുമുഖൻ ,ആരെയും ആകർഷിക്കുന്ന വാക്ചാതുരി .

തന്നോട് മാത്രമായി സംസാരിക്കണമെന്ന്, റിയാസിക്ക
പറഞ്ഞപ്പോൾ ,വിറച്ച് വിറച്ചാണ് ആ മുന്നിൽ ചെന്ന് നിന്നത്.

അഞ്ച് മിനിറ്റത്തെ സംസാരം കൊണ്ട്, താൻ അദ്ദേഹത്തിന്റെ ആരാധികയാവുകയായിരുന്നു.

തന്റെ പുഞ്ചിരിയിൽ പൊതിഞ്ഞ മൗനത്തിൽ നിന്നും, തനിക്ക് ഈ വിവാഹത്തിന് സമ്മതമാണെന്ന്, വീട്ടുകാർക്ക് മനസ്സിലായി.

പിന്നെ ,പരസ്പരം സ്നേഹം പങ്ക് വയ്ക്കാനുള്ള മത്സരമായിരുന്നു.

ഒടുവിൽ വിവാഹവും കഴിഞ്ഞ് അതിന് ശേഷം താൻ മെൻസസാകാതിരുന്നപ്പോൾ, അദ്ദേഹം ഒരു പാട് സന്തോഷിച്ചു.

പിന്നെ ഓരോ നിമിഷവും തന്നെ കൈവെള്ളയിലെന്നപോലെയാ കൊണ്ട് നടന്നത്‌ .

അദ്ദേഹത്തെപ്പോലെ തന്നെ സുന്ദരനായ ഒരു മോനെ താൻ ആ കൈയ്യിലേക്ക് വച്ച് കൊടുത്തു.

പ്രസവം കഴിഞ്ഞ് താൻ സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ , അദ്ദേഹത്തോട് ചട്ടം കെട്ടിയിരുന്നു ,എല്ലാ ദിവസവും തന്നെയും കുഞ്ഞിനെയും കാണാൻവീട്ടിലേക്ക് വരണമെന്ന് .

പക്ഷേ ആദ്യത്തെ ഒന്നോ രണ്ടോ പ്രാവശ്യം അത് പാലിച്ചു .

പിന്നെ താൻ ,മൂന്ന് മാസങ്ങൾ കഴിഞ്ഞ് തിരിച്ച് വരുന്നത് വരെ അങ്ങോട്ട് വന്നിട്ടില്ല.

ഫോണിലൂടെ താൻ വിളിക്കുമ്പോൾ മാത്രം കുഞ്ഞിന്റെ വിശേഷങ്ങൾ ചോദിക്കും.

കല്യാണം കഴിഞ്ഞ് വരുമ്പോൾ റിയാസിക്കായുടെ ഉമ്മ തന്നോട് ഒരു കാര്യം പറഞ്ഞിരുന്നു.

കൂട്ടുകാരുടെ കൂടെയായിരുന്നു അവനിത്ര നാളും ജീവിച്ചത്. അവരുടെ കൂടെയാണ്, അവൻ അന്തിയുറങ്ങിയിരുന്നത്

ഇനി മുതൽ ,നീ വേണം അവനെ ഇവിടെ തളച്ചിടേണ്ടത് ,എന്ന് .

വർദ്ധിച്ച ആത്മവിശ്വാസത്തിലാണ് താൻ ആ വെല്ലുവിളി ഏറ്റെടുത്തത്.

പക്ഷേ’ തിരിച്ചെടുക്കാനാവാത്ത വിധം തന്നിൽ നിന്നും അദ്ദേഹം അകന്ന് പോയിരിക്കുന്നു .

ചിന്തകൾ അവളുടെ ഉറക്കം കെടുത്തി .

ഇടയ്ക്ക് കുഞ്ഞുണർന്ന് കരഞ്ഞപ്പോൾ, അവനെ ചേർത്ത് കിടത്തി മുലകൊടുത്ത് ഉറക്കി.

കലുഷിതമായ മനസ്സിനെ, സ്വതന്ത്രമാക്കാനായി
അവൾ മൊബൈലിനെ ആശ്രയിച്ചു.

നെറ്റ് ഓൺ ചെയ്തപ്പോൾ തന്നെ കൂട്ടുകാരികളുടെ ഗുഡ് നൈറ്റ് മെസ്സേജുകൾ ക്യൂ നില്ക്കുന്നു.

ഓരോരുത്തർക്കും
മറുപടി അയച്ച് കഴിഞ്ഞപ്പോൾ ദാ വരുന്നു, പുതിയ ഒരു മെസ്സേജ്

“എന്താ ,ഉറങ്ങിയില്ലേ?

സൗമില, ആ പ്രൊഫൈൽ സൂക്ഷിച്ച് നോക്കി.

മുഖം മൂടിയണിഞ്ഞ ഒരു യോദ്ധാവിന്റെ ചിത്രം.

പേര്, പ്രാണൻ.

അപ്പോഴെ മനസ്സിലായി, ഏതോ ഞരമ്പ്
രോഗിയാണെന്ന് .

“ഇല്ല. എന്താ ഉറക്കാൻ വന്നതാണോ?

ഒട്ടും മയമില്ലാതെ അവൾ മറുപടി പറഞ്ഞു.

“അയ്യോ, ചൂടാവല്ലേ
ഈ പാതിരാത്രിയിലും
അവിടുത്തെ പച്ച ലൈറ്റ് തെളിഞ്ഞ് കിടന്നത് കൊണ്ട് വെറുതെ ചോദിച്ചതാ”

“ഓഹോ, അപ്പോൾ പച്ച ലൈറ്റ് കണ്ടാൽ ഉടനെ കേറി ചോദിക്കുമോ?

“ഏയ് അങ്ങനെ എല്ലാവരോടുമില്ല തന്നോട് മാത്രം ”

“അതെന്തിനാ എന്നോട് ചോദിക്കുന്നെ. അതിനൊക്കെ എന്റെ കെട്ടിയോനുണ്ട്.”

“ഹ ഹ ഹ ”

അത് കേട്ടവൻ പൊട്ടിച്ചിരിച്ചു.

“എന്താ ചിരിക്കുന്നത് ”

“അല്ല… ,കെട്ടിയവൻ ഉണ്ടായിട്ട് കാര്യമൊന്നുമില്ലല്ലോ,
തന്റെ എന്തെങ്കിലും കാര്യം അവൻ അന്വേഷിക്കുന്നുണ്ടോ?”

“ഇല്ലന്ന് തന്നോടാര് പറഞ്ഞു. ”

“ഹും ,ഉണ്ടായിരുന്നെങ്കിൽ തന്റെ കുഞ്ഞിന്റെ മൂന്നാം മാസത്തിലെ ഇൻജക്ഷൻ എടുക്കാൻ അവൻ കൂടെ വന്നോ?
താൻ ഒറ്റയ്ക്ക് ഉണ്ടാക്കിയതല്ലല്ലോ, ആ കുഞ്ഞിനെ. അവനുമില്ലേ, അതിലൊരു പങ്ക്.”

എന്നിട്ട് താനൊഴിച്ചുള്ളവരെല്ലാം ഭർത്താവുമായി വന്നപ്പോൾ, താൻ മാത്രം
അമ്മായി അമ്മയുമായി വന്നു. ആ സമയത്ത്, തന്റെ ഭർത്താവെന്ന് പറഞ്ഞവൻ കൂട്ടുകാരുമൊത്ത് മോണിങ് ഷോ കാണുകയായിരുന്നു.”

അത് കേട്ട് സൗമില അമ്പരന്നു.
തന്റെ എല്ലാ കാര്യങ്ങളും കിറുകൃത്യമായി അയാൾ പറയുന്നു.
അവൾക്ക് അത്ഭുതമായി.

“നിങ്ങളാരാ,നിങ്ങളെങ്ങനെ ഇതൊക്കെ അറിയുന്നു “.

“ഹ ഹ ഹ, അതോ? ഞാൻ ആരാണെന്ന് പിന്നെ പറയാം, അതിന് മുമ്പ് ഒരു ചോദ്യം. ഇങ്ങനൊരു ഭർത്താവിനെ നിങ്ങൾ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ?”

“പിന്നേ …
തീർച്ചയായും ”

“ഹി ഹി ഹി .അത് ഞാൻ വിശ്വസിക്കില്ലാ ,
കാരണം, തന്റെ ആവശ്യങ്ങൾ അറിയാത്ത, സുഖവിവരങ്ങൾ അന്വേഷിക്കാത്ത,
പകലന്തിയോളം കാത്ത് കാത്തിരുന്ന് കാണാഞ്ഞിട്ട്, അവസാനം ഒന്ന് വന്നിരുന്നെങ്കിൽ, എന്ന് ആശിച്ച് വിളിക്കുമ്പോഴും, കൂട്ടുകാരെ പിരിയാൻ വയ്യെന്ന് പറഞ്ഞ് ചീത്ത വിളിക്കുന്ന, ഒരു സ്നേഹവുമില്ലാത്ത ഭർത്താവിനെ, ഏതെങ്കിലും ഭാര്യയ്ക്ക് ഇഷ്ടപ്പെടാൻ കഴിയുമോ?”

അവൻ തന്ത്രം മെനഞ്ഞു.

“അതൊക്കെ ശരിയാണ്, പക്ഷേ, അദ്ദേഹം എന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷനാണ്. ”

“എന്ന് വച്ച്
നിങ്ങൾ അയാളുടെ അടിമയാകണോ?
നിങ്ങൾക്കുമില്ലേ
അന്തസ്സും ആത്മാഭിമാനവും.
നിങ്ങൾ വലിഞ്ഞ് കേറി വന്നതൊന്നുമല്ലല്ലോ?
അയാളെക്കാളും വിവരവും വിദ്യാഭ്യാസവുമുള്ളയാളല്ലേ നിങ്ങൾ.
സ്വന്തമായി ഒരു ജോലിയുണ്ടായിരുന്നത് അവന് വേണ്ടി ഉപേക്ഷിച്ച മണ്ടി”.

അവളെ, നെഗറ്റീവ് ചിന്തകളിലൂടെ, തന്നിലേക്ക് അടുപ്പിക്കാനായിരുന്നു അവന്റെ പ്ളാൻ.

“ശരിയാണ്, എന്റെ ഇക്കയായിരുന്നു എനിക്ക് വലുത്.
അത് കൊണ്ട് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അനുസരിച്ചു. ”

അവളുടെ വാചകങ്ങൾ നിരാശ പൂർണ്ണമാകുന്നത് അവൻ ശ്രദ്ധിച്ചു.

“എന്നിട്ടിപ്പോൾ കുഞ്ഞിന് ഒരു നാപ്കിൻ വാങ്ങണമെങ്കിലും അവനോട് യാചിക്കണ്ടേ?
എന്നാലും അവൻ വാങ്ങിത്തരാറുണ്ടോ?”

“ഇല്ല ”

അവളുടെ വായിൽ നിന്നും അറിയാതെ സത്യം പുറത്ത് വന്നു.

“നിങ്ങൾ, നിങ്ങൾ എന്നെ ശരിക്ക് മനസ്സിലാക്കിയിരിക്കുന്നു .
എന്റെ ഭർത്താവിനെക്കാൾ കൂടുതൽ.”

അവൾ തന്നിലേക്ക് അടുത്ത് തുടങ്ങിയെന്ന് അവന് ഉറപ്പായി.

“ഉം ,അത് ഞാൻ നിങ്ങൾ അറിയാതെ നിങ്ങളെ ട്രെയ്സ് ചെയ്ത് മനസ്സിലാക്കിയതാ”

അവൻ ഇര കോർത്ത് ആദ്യത്തെ ചൂണ്ടയെറിഞ്ഞു.

“ങ് ഹേ ,അതെന്തിനാ ”

അവൾ അത്ഭുതം കൂറി.

“അത് പറഞ്ഞാൽ താനെന്നെ ചിലപ്പോൾ
ബ്ലോക്ക് ചെയ്യും.

അവൻ രണ്ടാമതും ചൂണ്ടയെറിഞ്ഞു.

“അയ്യോ ഇല്ല,
പറയൂ ”

അവൾക്ക് ജിജ്ഞാസയായി.

“ഉറപ്പാണോ പ്രോമിസ്?”

അവൻ സത്യം ചെയ്യിപ്പിച്ചു.

“ഉറപ്പാ ഒന്ന് വേഗം പറയൂ ”

അവൾക്ക് ആവേശം അടക്കാനായില്ല.

“എനിക്ക് തന്നെ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ട് ”

അവൻ രണ്ടും കല്പിച്ച് ആ നുണ പറഞ്ഞു.

“ങ് ഹേ, നിങ്ങൾ പറയുന്നത് സത്യമാണോ?”

അവൾക്ക് വിശ്വസിക്കാനായില്ല.

“അതെ നൂറ് വട്ടം,
പക്ഷേ ഞാൻ തന്നോട് അത് തുറന്ന് പറയാൻ തുടങ്ങുമ്പോഴേക്കും, തന്റെ വിവാഹം ഉറപ്പിച്ച് കഴിഞ്ഞിരുന്നു.”

അവൻ നിരാശ കലർത്തി പറഞ്ഞു.

“ഓഹ് ,എനിക്കിത് വിശ്വസിക്കാനാവുന്നില്ല”

അവൾ അവിശ്വാസം തുറന്ന് പറഞ്ഞു .

“സത്യം ഇപ്പോഴും നിന്നെ ഞാൻ സ്നേഹിക്കുന്നു.”

“ഓഹ്, എന്നെ ഇത്രയധികം സ്നേഹിയ്ക്കുന്ന ആ രാജകുമാരനെ കാണാൻ എനിക്ക് കൊതിയാവുന്നു.”

അവൾ തരളിതയായി.

“പക്ഷേ എന്നെക്കണ്ടാൽ നിനക്ക് ഇഷ്ടമാവില്ല.”

വീണ്ടും അവന്റെ നയതന്ത്രം .

“ആര് പറഞ്ഞു,
ഇനി നിങ്ങൾ എത്ര വിരൂപനാണേലും എന്നെ ഇത്രയധികം സ്നേഹിക്കുന്ന നിങ്ങളെ എന്ത് തന്നെയായാലും ഞാൻ ഇഷ്ടപ്പെടും തീർച്ച.”

രണ്ട് മിനുട്ട് കഴിഞ്ഞപ്പോൾ, അവൻ ഒരു പിക്ച്ചർ മെസ്സേജ്, അയച്ചു.

അത് കണ്ട് സൗമില ഞെട്ടിത്തരിച്ചു.

ഇത് തന്റെ റിയാസിക്കായുടെ ചങ്ക് ബ്രോ അല്ലേ?
ഇവനാണ് റിയാസിക്കയെ ഇവിടെ വന്ന് ദിവസവും കൂട്ടിക്കൊണ്ട് പോകുന്നത്.

അവൾക്കപ്പോൾ റിയാസിനെക്കാളും ദേഷ്യം അവനോട് തോന്നി.

അടുത്തത്, അപ്പുറത്ത് ടൈപ്പ് ചെയ്യുന്നത് കണ്ടപ്പോൾ സൗമില നെറ്റ് ഓഫ് ചെയ്തു കിടന്നു.

ചില തീരുമാനങ്ങളുമായിട്ടാണ് പിറ്റേന്ന് അവൾ എഴുന്നേറ്റത്.

രാവിലെ നാസ്തയുടെ നേരമായപ്പോൾ കയറി വന്ന റിയാസിനെ, അവൾ തലേ ദിവസത്തെ ചാറ്റിങ്ങ് കാണിച്ച് കൊടുത്തു.

അത് വായിച്ച അവന്റെ കണ്ണുകൾ ചുവന്നു.

“കണ്ടല്ലോ കൂട്ടുകാരുടെ തനി സ്വഭാവം ,ചങ്ക് ബ്രോയുടെ, ഭാര്യയോടാണ് അവന്റെ പ്രണയം.
കഷ്ടം! ഇങ്ങനെയുള്ളവൻമാരുടെ കൂടെയാണല്ലോ നിങ്ങളും നടക്കുന്നത്. ”

അവൾ അവനെ കുറ്റപ്പെടുത്തി.

അത് മുഴുവൻ കേൾക്കാൻ നില്ക്കാതെ, ഒരു കൊടുങ്കാറ്റ് പോലെ റിയാസ് പുറത്തേക്ക് പാഞ്ഞു.

ആ, പോക്ക് ,
തന്നെ സ്നേഹിക്കുന്ന, പാവം ഹതഭാഗ്യനെ, പഞ്ഞിക്കിടാൻ പോകുകയാണെന് അവൾക്ക് മനസ്സിലായി.

അത് കണ്ട് സൗമില ഉള്ള് തുറന്ന് ചിരിച്ചു.

ഇന്നു മുതൽ തന്നോടൊപ്പം റിയാസിക്ക ഉണ്ടാവുമെന്ന് അവൾക്കറിയാമായിരുന്നു.

അല്ലെങ്കിൽ, അവനവൻ, ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കിൽ, അവിടെ നായകേറി ഇരിക്കുമെന്ന് ആർക്കാ അറിയാത്തത്.

രചന
സജിമോൻ ,തൈപറമ്പ്

മൈലാഞ്ചിച്ചോപ്പ് മായുമ്പോൾ
4.5 (90%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.