പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-7

എത്ര ആയി ചേട്ടോ?ചുണ്ട് തുടച്ചു കൊണ്ട് സൂരജ് കടക്കാരനെ നോക്കി.

പന്ത്രണ്ട് രൂപ.കടക്കാരൻ മറുപടി നൽകി.

ചില്ലറ ഇല്ല നൂറാ..സൂരജ് ഒരു നൂറ് രൂപാ നോട്ടെടുത്ത് കടക്കാരന് നൽകി.

ബാക്കി മേടിച്ച് തിരിഞ്ഞതും അവന്റെ നെഞ്ചിൽ വെള്ളിടി വെട്ടി.തൊട്ട് പിന്നിൽ ചെറു ചിരിയോടെ സി.ഐ ജീവൻ.

ഒരു നിമിഷം പകച്ച് നിന്ന സൂരജിന്റെ കണ്ണുകൾ ഇടം വലം വെട്ടി.തൊട്ട് പിന്നാലെ ജീവനെ തള്ളി മാറ്റി അവൻ മുൻപോട്ട് കുതിച്ചു.

ഹേയ്,ജോൺ ക്യാച്ച് ഹിം..കടയ്ക്ക് സൈഡിൽ നിന്ന ജോൺ വർഗ്ഗീസ്‌ കാല് വീശി സൂരജിന്റെ കാൽ മടക്കിൽ ആഞ്ഞു തൊഴിച്ചു.

ഒരാർത്ത നാദത്തോടെ സൂരജ് റോഡിലേക്ക് തെറിച്ചു വീണു.വായിൽ ചോര ചുവച്ചതും സൂരജ് ആഞ്ഞു തുപ്പി.

ഇങ്ങോട്ട് എഴുന്നേൽക്ക് നായിന്റെ മോൻ സൂരജ് കൃഷ്ണാ.ജോൺ വർഗ്ഗീസ്‌ സൂരജിന്റെ കോളറിൽ പിടിച്ചു പൊക്കി.

ന്നെ വിട്,വിടാൻ…സൂരജ് ജോണിന്റെ കൈ വിടുവിക്കാൻ ശ്രമം നടത്തി. പക്ഷേ ജോൺ കത്രികപ്പൂട്ടിട്ട് പിടിച്ചതോടെ ആ ശ്രമം വിഫലമായി.

തട്ട്കടയിൽ നിന്നവർ കാര്യമറിയാതെ പകച്ച് നിന്നു. പലരും പല കഥകളും പറഞ്ഞു തുടങ്ങി.

സൂരജിനെയും കൊണ്ട് ജോണും ജീവനും ഓഫീസിലേക്ക് കടന്നു. അകത്ത് കയറിയതും ജോൺ വർഗ്ഗീസ്‌ കൈ വീശി ഒന്ന് കൂടി കൊടുത്തു.

കവിളിൽ വീണ അടിയുടെ ശക്തിയിൽ സൂരജിന്റെ തല വെട്ടിപ്പോയി.

ജോൺ,മതി.അവനെ പിടിച്ചു ആ കസേരയിൽ ഇരുത്ത്.അത്ര നേരം മിണ്ടാതെ നിന്ന സി.ഐ ജോണിനെ തടഞ്ഞു.

ജീവൻ പറഞ്ഞത് അനുസരിച്ച് ജോൺ വർഗ്ഗീസ്‌ സൂരജിനെ പിടിച്ചെഴുന്നേൽപ്പിച്ച് കസേരയിലേക്ക് ഇരുത്തി. എതിർവശത്ത് മറ്റൊരു കസേരയിട്ട് ജീവനും ഇരുന്നു.

സൂരജിന്റെ മുഖത്ത് അപ്പോഴും വല്ലാത്ത ദേഷ്യം നിഴലിച്ചിരുന്നു. എനിക്കൊന്ന് ഫോൺ ചെയ്യണം. വായിൽ നിന്നും ഊറി വന്ന രക്തം തുടച്ചു കൊണ്ട് അവൻ ജീവനെ നോക്കി.

ഫോണൊക്കെ ചെയ്യാം ആദ്യം ഞങ്ങൾക്ക് ചില കാര്യങ്ങൾ അറിയാൻ ഉണ്ട്.അത് അറിഞ്ഞിട്ട് തീരുമാനിക്കാം ഫോൺ ചെയ്യണോ വേണ്ടയോ എന്ന്…

ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയില്ല.ഇതിനൊക്കെ എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും.

ജീവൻ ചിരിക്കുക മാത്രം ചെയ്തു. മോനെ സൂരജേ..അങ്ങ് തെക്കൻ തിരുവിതാംകൂറിൽ നിന്നും ഇങ്ങ് വടക്കേ മലബാറിലേക്ക് എന്നെ കൊണ്ട് എത്തിച്ചത് ഇതിലും വലിയ ഒരു സംഭവം ആയിരുന്നു.

നാട്ടിൽ നിന്നെപ്പോലെ തല തെറിച്ച ഒരുത്തന് രണ്ടെണ്ണം കൊടുത്തു. അവനും ഇത് പോലെ എന്നോട് ഷോ കാണിക്കാൻ വന്നതാണ്.

ഒടുക്കം അവന്റെ കട്ടേം പടോം ഞാനങ്ങു മടക്കി.

അവനും നീയും തമ്മിൽ വ്യത്യാസം ഒന്നേയുള്ളൂ അവൻ സ്ഥലം എം.എൽ.എയുടെ മകൻ നീ സ്ഥലത്തെ ഒരു പ്രമാണിയുടെ മകൻ..

അപ്പോൾ പറഞ്ഞു വന്നത്.. കൂടുതൽ വിളച്ചിൽ എടുക്കാതെ നേരെ ചൊവ്വേ കാര്യങ്ങൾ പറഞ്ഞാൽ നിനക്ക് തടി കേടാകാതെ നോക്കാം.

സൂരജ് മറുപടി പറയാതെ ജീവന്റെ മുഖത്തേക്ക് തറച്ചു നോക്കി.

അപ്പോൾ പറ മോനെ കിഴക്കൻ കാവ് പീഡന കൊലപാതകത്തിൽ നിന്റെ പങ്ക് ന്താണ്?വേറെ ആർക്കൊക്കെ പങ്കുണ്ട്?

സൂരജ് ചോദ്യം കേട്ട ഭാവം പോലും നടിക്കാതെ ദൂരേക്ക് നോക്കിയിരുന്നു.

ജോൺ വർഗ്ഗീസിന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.അവന്റെ അഹങ്കാരം കണ്ടില്ലേ സർ,അടിച്ച് കരണം പുകയ്ക്കണം.ജോൺ പല്ല് കടിച്ചു.

ഹേയ്,അതൊന്നും വേണ്ട സൂരജ് മിടുക്കൻ ആണ്,അവൻ പറയും ല്ലേ സൂരജേ?ജീവന്റെ മുഖത്ത് അപ്പോഴും ചെറു ചിരിയായിരുന്നു.

എനിക്കൊന്നും പറയാനുമില്ല ഒന്നും അറിയുവേം ഇല്ല.മര്യാദയ്ക്ക് ന്നെ വിടുന്നതാ നല്ലത്.ഇല്ലെങ്കിൽ നീയൊക്കെ വിവരമറിയും.

പെട്ടന്ന് ജീവന്റെ മുഖത്തെ ചിരി മാഞ്ഞു.മ്മ്,ശരി അപ്പോൾ നിനക്കൊന്നും അറിയില്ല, സമ്മതിച്ചു.പിന്നെന്തിനാ നീ അയച്ച ആളുകൾ എന്റെ പിന്നാലെ വന്നത്?

ഞാൻ ആരെയും അയച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും വന്നെങ്കിൽ അവരോട് പോയി ചോദിക്കണം.

അടുത്ത നിമിഷം ജീവന്റെ കാൽ സൂരജിന്റെ നെഞ്ചിൽ ആഞ്ഞു പതിച്ചു.കസേര അടക്കം സൂരജ് പിന്നോട്ട് മറിഞ്ഞു.

കഴുവേറിക്ക മോനെ നീ ന്താടാ വിചാരിച്ചത് പൊലീസുകാർ വെറും ഉണ്ണാക്കന്മാർ ആണെന്നോ?

സത്യം പറഞ്ഞാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ കൊന്ന് കെട്ടിത്തൂക്കും നായെ..ജീവന്റെ മുഖം കലി കൊണ്ട് വിറച്ചു.

ജീവന്റെ പെട്ടന്നുള്ള ആ ഭാവമാറ്റം ജോൺ വർഗ്ഗീസിനെപ്പോലും ഞെട്ടിച്ചു കളഞ്ഞു.

നിലത്ത് വീണ സൂരജ് നടുവിന് അടി കൊണ്ട പാമ്പിനെപ്പോലെ പുളഞ്ഞു കൊണ്ടിരുന്നു.

വീണ്ടും തൊഴിക്കാനായി ജീവൻ കാൽ ഉയർത്തിയതും സൂരജ് കാലിൽ കെട്ടിപ്പിടിച്ചു.

ഇനി തല്ലല്ലേ സാറേ,ഞാൻ എല്ലാം പറയാം.ഇനി തല്ലിയാ ഞാൻ ചത്തു പോവും.

വായിൽ ചോര നിറഞ്ഞ് സൂരജിന് വാക്കുകൾ മുറിഞ്ഞു.

മ്മ്,ഒന്നമർത്തി മൂളിക്കൊണ്ട് ജീവൻ കാൽ പിൻവലിച്ചു.ജോണേ അവനെ അങ്ങോട്ട് ഇരുത്ത്.

ജോൺ വർഗ്ഗീസ്‌ സൂരജിനെ താങ്ങിപ്പിടിച്ച് അടുത്ത് കിടന്ന കസേരയിൽ ഇരുത്തി.

സൂരജിന്റെ കവിളും കണ്ണുകളും അടി കൊണ്ട് വീങ്ങി നീലച്ചിരുന്നു. വെള്ളത്തിനായി അവൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.

ജോൺ വർഗ്ഗീസ്‌ ഒരു ഗ്ലാസ് വെള്ളം അവന്റെ മുൻപിലേക്ക് നീക്കി വച്ചു. ഒറ്റ വലിക്ക് അത് അകത്താക്കിയ ശേഷം സൂരജ് ജീവന്റെ മുഖത്തേക്ക് നോക്കി.

സാർ വിചാരിക്കും പോലെ ഞാനാരേയും കൊന്നിട്ടില്ല.ശ്രീക്കുട്ടി അവൾ അവളെനിക്ക് എല്ലാം ആയിരുന്നു.അങ്ങനെ ഒരാളെ ഞാൻ കൊല്ലുവോ?

സൂരജ് പറഞ്ഞത് കേട്ട് ജീവന്റെ കണ്ണുകൾ ചുരുങ്ങി.അയാൾ ജോൺ വർഗ്ഗീസിന്റെ മുഖത്തേക്ക് നോക്കി. അയാളും സ്തംഭിച്ചു നിൽക്കുകയാണ്.

നീ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിന് ഒളിവിൽ പോയി?മരിച്ച കുട്ടിയും നീയും തമ്മിൽ എന്താണ് ബന്ധം.

പറയാം സർ,ഞാനെല്ലാം പറയാം.സൂരജ് പതിയെ ഓരോന്നായി പറഞ്ഞു തുടങ്ങി.

ജോൺ വർഗ്ഗീസ്‌ വോയിസ് റെക്കോർഡർ ഓൺ ചെയ്ത് സൂരജിന്റെ സമീപത്ത് വച്ചു.

സത്യത്തിൽ പേടിച്ചിട്ടാ സർ ഞാൻ ഒളിവിൽ പോയത്.അവള് പോയി അറിഞ്ഞപ്പോൾ ഞാനാകെ പേടിച്ചു.

സ്വാഭാവികമായും അന്വേഷണം എന്റെ നേരെ തിരിയും എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു.

പേടിച്ചിട്ടാണെങ്കിൽ പിന്നെ നീയെന്തിനാ ഞങ്ങളെ ആക്രമിക്കാൻ ആളുകളെ വിട്ടത്?

ഞാൻ ആരെയും വിട്ടിട്ടില്ല സർ,സത്യമായും എനിക്ക് അറിയില്ല.ആരോ സാറിനെ തെറ്റിദ്ധരിപ്പിച്ചതാണ്.

ഞാനും ശ്രീക്കുട്ടിയും ഒരുപാട് നാളായി ഇഷ്ട്ടത്തിൽ ആയിരുന്നു. വിവാഹം കഴിക്കണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പക്ഷേ വീട്ടിൽ അറിയിച്ചപ്പോൾ വലിയ കലാപം ഉണ്ടായി.

വേണ്ടി വന്നാൽ അവളെ ഇല്ലാതാക്കും എന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞാൻ പേടിച്ചു.

ഒടുവിൽ അവളുടെ നല്ലതിനായി ബന്ധം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.

അവൾ കൊല്ലപ്പെടുന്നതിന്റെ അന്ന് രാവിലെ ആണ് ഞങ്ങൾ അവസാനമായി കാണുന്നത്.അന്ന്….
<<<<<<<<<<<<< >>>>>>>>>>>>>>>
ന്താ കിച്ചുവേട്ടാ ഈ പറയണേ.ത്ര വേഗം ല്ലാം മറക്കാൻ ങ്ങനെ പറ്റണ്. ന്നെ പറ്റിക്കാരുന്നോ?

ശ്രീക്കുട്ടിയുടെ കണ്ണുകൾ അണപൊട്ടിയൊഴുകി.സൂരജിന്റെ ഷർട്ടിൽ പിടിച്ച് ഉലച്ചു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.

വാവേ നീ ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്,ന്റെ അച്ഛൻ നമ്മളെ ഒന്നാവാൻ സമ്മതിക്കില്ല.

ഇനിയിപ്പോ അച്ഛനെ ധിക്കരിച്ച് കല്ല്യാണം കഴിച്ചു എന്നിരിക്കട്ടെ നമ്മളെ സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ?

ഞാൻ ഒരുപാട് ആലോചിച്ചു. ഇതല്ലാതെ വേറെ വഴി ഇല്ല്യാ.ല്ലാം നിന്റെ നന്മയ്ക്ക് വേണ്ടിയാ.

സൂരജ് പറഞ്ഞത് കേട്ട് ശ്രീക്കുട്ടി അവിശ്വസനീയതയോടെ തല വെട്ടിച്ചു.

ല്ലാ,ഞാൻ വിശ്വാസിക്കില്ല.ന്നെ പറ്റിക്കാൻ പറയാ…ല്ലേ സത്യം പറ ന്നെ പറ്റിക്കാൻ അല്ലേ…

ശ്രീക്കുട്ടി സൂരജിനെ കെട്ടിപ്പിടിച്ചു തല അവന്റെ നെഞ്ചിൽ അടിച്ചു.

ഞാൻ സത്യാ പറഞ്ഞത്.നമുക്ക് പിരിയാം.ല്ലാം മറക്കണം.അതാ നല്ലത്.അവളെ ബലമായി പിടിച്ചു മാറ്റിക്കൊണ്ട് സൂരജ് തിരിഞ്ഞു നടന്നു.

പിന്നിൽ നിന്നും ശ്രീക്കുട്ടിയുടെ തേങ്ങിക്കരച്ചിൽ ഉയരുന്നുണ്ടായിരുന്നു.
<<<<<<<<<<<<< >>>>>>>>>>>>>>>
പിന്നെ ഞാൻ അറിയുന്നത് അവളുടെ മരണ വാർത്ത ആണ് സർ. സത്യത്തിൽ എനിക്ക് എന്ത് ചെയ്യണം അറിയില്ലായിരുന്നു.

കേസ് അന്വേഷണത്തിൽ ഞങ്ങൾ തമ്മിലുള്ള ബന്ധം അറിഞ്ഞാൽ അതെന്റെ കുടുംബത്തെ സാരമായി ബാധിക്കും എന്നറിയാവുന്നത് കൊണ്ട് വീട്ടുകാർ എന്നോട് ഒളിവിൽ പോവാൻ പറഞ്ഞു.അതാ ഞാൻ.

പറഞ്ഞു തീരുമ്പോൾ സൂരജിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.മുഖം അമർത്തി തുടച്ചു കൊണ്ട് സൂരജ് തല കുമ്പിട്ടിരുന്നു.

ജോൺ വർഗ്ഗീസ്‌ ആകെ അമ്പരന്ന് നിൽക്കുകയാണ്.ഇങ്ങനെ ഒരു ട്വിസ്റ്റ്‌ അയാൾ പ്രതീക്ഷിച്ചില്ല.

ജീവൻ നെറ്റി ഉഴിഞ്ഞു കൊണ്ട് ചിന്തയിൽ മുഴുകി.താൻ ഉദ്ദേശിച്ചത്‌ പോലെയല്ല സംഭവത്തിന്റെ കിടപ്പെന്ന് ജീവന് തോന്നി.

പോക്കറ്റിൽ നിന്നും ഒരു ലൈറ്റ്‌സ് എടുത്ത് തീ പിടിപ്പിച്ചു കൊണ്ട് ജീവൻ കസേര വിട്ടെഴുന്നേറ്റു ജനലഴികളിൽ പിടിച്ച് പുറത്തേക്ക് കണ്ണോടിച്ചു.

നരിമറ്റം ആൽബി,നീ അറിയോ അവനെ?പാതി വലിച്ച ലൈറ്റ്സ്‌ തറയിലിട്ട് ചവുട്ടി ഞെരിച്ചു കൊണ്ട് ജീവൻ സൂരജിനെ നോക്കി.

അറിയാം സർ,നരിമറ്റം സ്കറിയ അങ്കിളിന്റെ മകൻ.ഒരിക്കൽ അവനുമായി ഞാൻ ഒന്ന് കോർത്തിട്ടുണ്ട്.

എന്ത് കാരണം കൊണ്ട്?സി.ഐ സൂരജിന്റെ മുഖത്ത് നിന്ന് കണ്ണ് മാറ്റിയില്ല.

സർ,അത്..കോളേജിൽ പഠിക്കുമ്പോ യൂണിയന്റെ പേരിൽ ചില കശപിശ.പിന്നെ ഞങ്ങൾ കണ്ടിട്ടില്ല.

മ്മ്,ജീവൻ ഒന്ന് ഇരുത്തി മൂളിക്കൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു.പിന്നാലെ വാതിൽ അടച്ച് ജോൺ വർഗ്ഗീസും.

തനിക്ക് എന്ത് തോന്നുന്നു?
സർ അവൻ പറയുന്നത് പൂർണ്ണമായും അങ്ങ് വിശ്വസിക്കാൻ പറ്റുമോ?

വിശ്വസിക്കാതെ ഇരിക്കാൻ തക്ക കാരണം വേണ്ടേ ജോണേ?

But sir,നമുക്ക് നേരെ ഉണ്ടായ അറ്റാക്ക്..അന്ന് ആ പയ്യന്മാർ പറഞ്ഞത് അത് ഇവൻ പറഞ്ഞിട്ടാണ് എന്നല്ലേ?

അങ്ങനെ നോക്കുമ്പോൾ ഇവൻ പറയുന്നതിൽ എന്തോ പൊരുത്തക്കേട് ഉള്ളത് പോലെ.

അതും ശരിയാണ്.ഇപ്പോ ന്താ ചെയ്യുക.ജീവൻ ആലോചനയോടെ മുറിയിൽ രണ്ട് ചാൽ നടന്നു.

പെട്ടന്ന് എന്തോ ഓർമ്മ വന്നത് പോലെ ജോൺ വർഗ്ഗീസിന് നേരെ തിരിഞ്ഞു.

നമുക്ക് ആ വണ്ടി ഒന്ന് കൂടി ചെക്ക് ചെയ്യണം.എന്റെ മനസ്സ് പറയുന്നു ഒരു തുമ്പ് കിട്ടുമെന്ന്.

Ok,സർ,നോക്കാം.വണ്ടി ഇവിടെ തന്നെയാണ് ഉള്ളത്.വരൂ സർ.

ജീവനും ജോൺ വർഗ്ഗീസും ഓഫീസിന് പുറത്ത് പിടിച്ചെടുത്ത വണ്ടികൾക്കിടയിൽ കിടന്ന സ്കോർപിയോയ്ക്ക് അരികിലെത്തി.

അകവും പുറവും അരിച്ച് പെറുക്കിയെങ്കിലും സംശയത്തക്ക വണ്ണം ഒന്നും ലഭിച്ചില്ല.

വണ്ടിക്ക് ഒന്ന് വലം വച്ച ജീവൻ കൈകൾ കൂട്ടിത്തിരുമ്മി ബോണറ്റിൽ ആഞ്ഞിടിച്ചു.

അപ്പോഴാണ് ജോൺ വർഗ്ഗീസ്‌ അത് കാണുന്നത്.അയാളുടെ കണ്ണുകൾ വിടർന്നു.സർ അത് നോക്കൂ.

എസ്.ഐ കൈ ചൂണ്ടിയിടത്തേക്ക് ജീവൻ തല തിരിച്ചു.ജീവന്റെ കണ്ണുകളിൽ ഒരു മിന്നലുണ്ടായി.
#തുടരും

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

പകർന്നാട്ടം: ഭാഗം-7
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.