Rajalakshmiyude kathakal

രാജലക്ഷ്മിയുടെ കഥകൾ | Rajalakshmiyude kathakal Book Review

Book Review of രാജലക്ഷ്മിയുടെ കഥകൾ | Rajalakshmiyude kathakal by Rajalakshmi

ഡി സി ബുക്സ്

വില : 135 രൂപ

കഥകളില്‍ ആത്മാവ് കൊരുത്തിടുന്ന ചിലരുണ്ട്. തങ്ങള്‍ ജീവിച്ചിരുന്ന ഇടത്തെയും കാലത്തെയും ഓര്‍മ്മകളില്‍ ഉണക്കാനിട്ടുകൊണ്ട് അവര്‍ മെല്ലെ മാഞ്ഞു പോകും. ഒന്നുകൂടെ പറഞ്ഞുവെങ്കില്‍ എന്നൊരു ചിന്തയില്‍ വായനക്കാര്‍ അവരെ തേടിക്കൊണ്ടേയിരിക്കും. ഇനിയും ഇനിയും പറയാനുണ്ട് എന്നൊരു മൗനം അവര്‍ ഉപേക്ഷിച്ചു പോകും. ആത്മഹത്യയിലൂടെ ലോകത്തിന്റെ തിരശ്ശീല മറയിലേക്ക് അവര്‍ നടന്നു കഴിഞ്ഞാകും കാലം വരെ ഓര്‍ത്ത്‌ തുടങ്ങുക . വായിച്ചു തുടങ്ങുക. എഴുത്തുകാര്‍ ഉള്ളില്‍ പേറുന്ന നിഗൂഢ മൗനം വായിച്ചെടുക്കാന്‍ കാലം ഒരുപാട് താമസിക്കും. അപ്പോഴേക്കും അവര്‍ തങ്ങള്‍ പറഞ്ഞത് നിങ്ങള്‍ കേട്ടില്ലല്ലോ എന്ന പരിഭവത്തോടെ ഓര്‍മ്മയില്‍ മറഞ്ഞിരിക്കും. നിറയെ നിറയെ ചിത്രങ്ങള്‍ സമ്മാനിച്ചു കടന്നു പോയ ക്ലിന്റ് എന്ന കുഞ്ഞുപോലും ഈ ഒരു മൗനം സമ്മാനിച് കടന്നു പോയ കലാകാരന്‍ ആണ് . നന്ദിതയുടെ കവിതകള്‍ ഇന്നും മലയാളി വേദനയോടെ മാത്രമാണ് വായിക്കുന്നത്. ഓര്‍ക്കുന്നത് . അടച്ചിട്ടുപോയ വാതായനങ്ങള്‍ തുറന്നു ഓരോ മനസ്സും തിരക്കുന്നത് ആ പ്രണയത്തിന്റെ ഭാഷയെ നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിക്കുന്നത് ആ എഴുത്തുകാരിയോടുള്ള കടപ്പാടാണ് അവരെ അറിയാന്‍ ശ്രമിക്കാതെ പോയ കാലത്തിന്റെ നേര്‍ക്കുള്ള പ്രായശ്ചിത്തം ആയി അതിനെ കാണണം . രാജലക്ഷ്മി എന്നൊരു കഥാകാരി ജീവിച്ചിരുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ പോലും നെടുവീര്‍പ്പാകുന്ന ഇടത്തിലാണ് അവരുടെ എഴുത്തുകളുടെ സാന്ദ്രതയും അതില്‍ മറച്ചു വയ്ക്കപ്പെടുന്ന ആത്മനൊമ്പരങ്ങളും വായനക്കാര്‍ക്ക് തൊട്ടെടുക്കാൻ കഴിയുന്നത്.

മരണത്തെക്കുറിച്ചും , പ്രണയത്തെ കുറിച്ചും, കടമകളും കടപ്പാടുകളെയും കുറിച്ചും എഴുത്തുകാരി വരച്ചിടുന്ന ചില ചിത്രങ്ങള്‍ ഉണ്ട് . ഓരോ കഥയും ഓരോ ഇടങ്ങളെ അല്ല ഒരാളെ മാത്രമാണ് ഓര്‍മ്മിപ്പിക്കുന്നത് . ചിലപ്പോള്‍ അവള്‍ മകള്‍ ആണ് ചിലപ്പോള്‍ അമ്മയാണ് മറ്റു ചിലപ്പോള്‍ പ്രണയിനിയാണ് മറ്റു ചിലപ്പോള്‍ അവര്‍ വിരഹിണിയായ വിധവയും. എന്തുകൊണ്ടാണ് പെണ്ണിന്റെ മനസ്സ് കാണാന്‍ വായനക്കാര്‍ക്ക് ഇത്ര ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നത് സാഹിത്യത്തിലെ ഒരു തമാശ ആയി അനുഭവപ്പെടുന്നുണ്ട് . അവള്‍ പ്രണയം എഴുതുകയാണെങ്കില്‍ അത് അവളുടെ താന്തോന്നിത്തരം . അവള്‍ രതി എഴുതിയാല്‍ അവള്‍ വേലി ചാടാന്‍ കാത്തു നില്‍ക്കുന്നവള്‍ . അവള്‍ കുടുംബത്തിലെ  രസക്കുറവിനെ കുറിച്ച് പറഞ്ഞാല്‍ കുടുംബത്തിനു പേര് ദോഷമുണ്ടാക്കുന്നവള്‍.  അവള്‍ എഴുതാതിരുന്നാല്‍ കുലസ്ത്രീയും. ഇതുകൊണ്ട് തന്നെയാകണം അല്ല അതൊക്കെ കൊണ്ട് തന്നെയാണ് ഓരോ പെണ്ണും എഴുതാന്‍ മടിക്കുകയോ മറ്റൊരു പേരിലോ ഒളിച്ചും പാത്തുമോ എഴുതുന്നത്‌ . എത്ര സ്ത്രീ എഴുത്തുുകാരുടെ വീട്ടുകാര്‍ക്ക് അറിയാമായിരിക്കും അവര്‍ എഴുത്തുകാരിയാണ് എന്ന് ? എത്ര എഴുത്തുകാരികള്‍ക്ക് അവരുടെ ജീവിത പങ്കാളിയില്‍ നിന്നോ കുടുംബത്ത് നിന്നോ അനുകൂലമായ ഒരു ആകാശം ലഭിക്കുന്നുണ്ടാകും . കണക്കെടുപ്പുകള്‍ വളരെ സങ്കടകരമായ വസ്തുതകള്‍ മാത്രമേ നല്‍കുകയുള്ളൂ.

ഒരുപാട് വായിക്കാന്‍ ആഗ്രഹിക്കുന്ന , എഴുതാന്‍ കൊതിക്കുന്ന , സഞ്ചരിക്കാന്‍ ഇഷ്ടമുള്ള ഒരു പെണ്ണിന്റെ മനസ്സ് ഈ കഥകള്‍ക്കുള്ളില്‍ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. വ്യവസ്ഥിതികളെ എതിര്‍ക്കാന്‍ കഴിയാത്ത ഒരു സാധാരണ സ്ത്രീയുടെ വിലാപം ഈ കഥകളില്‍ വായിക്കാന്‍ കഴിയും . കുടുംബത്തിന്റെ ഭാരം ചുമലിലേറ്റേണ്ടി വന്ന സ്ത്രീയുടെ വിഷമതകള്‍ , കുടുംബത്തിനു വേണ്ടി , മറ്റുള്ളവരുടെ അഭിമാനത്തിന്‍ വേണ്ടി , കുലമഹിമയുടെ ഭാരത്താല്‍ ഒക്കെ ശ്വാസം മുട്ടേണ്ടി വരുന്ന സ്ത്രീയുടെ മനസ്സ് ഇവയില്‍ വായിക്കാന്‍ കഴിയും . ആത്മഹത്യ ചെയ്യുന്നത് ധീരതയാണ് എന്നാണു കഥാകാരി പറയുവാന്‍ ശ്രമിക്കുന്നത്. ധൈര്യമില്ലാത്ത ഒരാള്‍ക്കെങ്ങനെ ആത്മഹത്യ ചെയ്യാന്‍ കഴിയും എന്ന ചിന്തയില്‍ നിന്നുകൊണ്ട് ആത്മഹത്യ ഒളിച്ചോട്ടമല്ല എന്ന നിലപാട് എഴുത്തുകാരി കൈക്കൊള്ളുന്നത് വായനയില്‍ ഇഴപിരിച്ചെടുക്കാന്‍ കഴിഞ്ഞു. മകള്‍ എന്ന കഥ അവസാനം എത്തുമ്പോള്‍ കാണുന്ന ദുരന്തവും അതിന്റെ ആദ്യഭാഗങ്ങള്‍ നല്‍കുന്ന അമേയമായ കുടുംബ ബന്ധത്തിന്റെ മനോഹരമായ നൂലിഴകളും പ്രണയത്തിന്റെ ഭാരവും ഒക്കെ കഥാകാരിയുടെ ഭാഷയോടുള്ള ആത്മാര്‍ഥതയും ജീവിതത്തോടുള്ള അടങ്ങാത്ത ദാഹവും ഒരുപോലെ കൊണ്ട് പോകുന്ന ഒരു കാഴ്ചയാണ് വായനയില്‍ പതിയുന്നത് .

ഒരുപാട് കഥകള്‍ എഴുതുവാന്‍ ബാക്കി വച്ച ഈ എഴുത്തുകാരി ഇത്ര കയ്യടക്കത്തോടെ എഴുതിയിട്ടും അതിനെ എന്തുകൊണ്ട് സമൂഹം തിരസ്കരിച്ചു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതില്ല എന്ന് തോന്നുന്നു . കാരണം രണ്ടാം പൗരയായി ആണ്‍ കോയ്മ തള്ളി അകറ്റിയ ഒരു മനുഷ്യവിഭാഗത്തിന്റെ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും ഇവിടെ നിലനില്‍പ്പ്‌ ഉണ്ടാകുക എന്നത് തികച്ചും അസാധ്യമാകുന്ന ഒരു കാലത്തായിരുന്നു അവര്‍ എഴുതിയിരുന്നത് . ഇന്നതില്‍ നിന്നും ഏറെ ഒന്നും നാം മുന്നോട്ടു പോയിട്ടുമില്ല . പോകാന്‍ അനുവദിക്കുക എന്നത് പുരുഷത്വം ഇല്ലായ്മ ആയി കാണുന്ന സമൂഹ മനസ്സ് എന്നാകും മാറുക?

Rajalakshmiyude kathakal | രാജലക്ഷ്മിയുടെ കഥകൾ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

രാജലക്ഷ്മിയുടെ കഥകൾ | Rajalakshmiyude kathakal Book Review
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.