തിരിച്ചറിവ് story

തിരിച്ചറിവ്

ബൈക്കുമായി ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറിയതും മുൻവശത്തെ സിറ്റൗട്ടിൽ അച്ഛനോടൊപ്പം ഇരിക്കുന്ന മകനെ ആണ് കണ്ടത്…

അച്ഛനുമായി എന്തോ കുശലം പറഞ്ഞു ചിരിക്കുകയാണവൻ..

കളർ പെൻസിൽ കൊണ്ട് കൈയിലുള്ള ബുക്കിൽ എന്തൊക്കെയോ ചെയ്യുന്നുമുണ്ട്..

ഞാൻ വരുന്നത് കണ്ടതും അവന്റെ മിഴികളുടെ ശ്രദ്ധ അല്പനേരത്തേക്ക് എന്റെ നേർക്കായി..

ആ നാല് വയസ്സുകാരൻ എന്നെ നോക്കി പുഞ്ചിരിച്ചു..

കൈയിൽ കരുതിയിരുന്ന ചോക്കളേറ്റ് അവന്റെ കൈയിൽ ഏൽപ്പിച്ചു ഞാനാ കവിളിൽ അരുമയോടെ തഴുകി…

“നീ എവിടെ പോയിരുന്നു…”

“ഞാൻ ടൗണ് വരെ പോയതാണ്.. ഒരു സുഹൃത്തിനെ കാണാൻ..”

അച്ഛന്റെ ചോദ്യത്തിന് മറുപടി നൽകി ഞാൻ അകത്തേക്ക് പാദങ്ങൾ ചലിപ്പലിച്ചു…

മുറിയിലെ കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന മോളേയും നോക്കി അല്പനേരം ഞാൻ കിടന്നു..

“ആഹാ… ഇതെപ്പോ എത്തി…”

മുറിയിലേക്ക് കയറി വന്ന ആർച്ചയുടെ സ്വരമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്…

മറുപടി ഒന്നും പറയാതെ ഞാൻ അവൾക്കൊരു പുഞ്ചിരി നൽകി…

വന്നപാടെ മോളുടെ അലക്കി ഉണക്കിയ തുണികൾ അടുക്കുന്ന തിരക്കിലേർപ്പെട്ടു അവൾ…

“ഊണ് വിളമ്പട്ടെ…അച്ഛനും അമ്മയും കഴിച്ചു..ഇനി നമ്മളെ ഉള്ളു …

ചായ കുടിക്കേണ്ട നേരത്താണ് ഊണ് കഴിക്കാൻ വരുന്നേ..

അതെങ്ങനെ വീട്ടിൽ ഇരിക്കില്ലല്ലോ ..”

കേട്ടുമടുത്ത അവളുടെ സ്ഥിരം പരിഭവങ്ങൾ മറനീക്കി വീണ്ടും പുറത്ത് വന്നു..

അതിനും എന്നിൽ നിന്നും മറുപടി കിട്ടാതെ വന്നതോടെ തന്റെ പണി പാതിവഴിയിൽ ഉപേക്ഷിച്ചു കൊണ്ട് അവൾ എനിക്കരികിൽ എത്തി…

കട്ടിലിൽ എന്നോട് ചേർന്ന് അവൾ ഇരുന്നു..

“എന്ത് പറ്റി ഏട്ടന്… രണ്ട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു…

ഏത് നേരവും ഒരു ചിന്ത..”

എന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി അവൾ ചോദിച്ചു…

ആ കൈകൾ എന്റെ മുടിയിൽ അപ്പോഴും തഴുകുന്നുണ്ടായിരുന്നു…

“നിനക്ക് വെറുതെ തോന്നുന്നതാണ് ആർച്ചേ…

നല്ല തലവേദന ,,അതാണ് ഞാൻ മിണ്ടാതെ കിടന്നത്..”

അവളുടെ ചോദ്യത്തിന് അലസമായി ഞാൻ മറുപടി നൽകി…

“എനിക്ക് അറിഞ്ഞൂടെ ഏട്ടനെ…എന്തോ ഉണ്ട്..

മര്യാദക്ക് സത്യം പറഞ്ഞോ…ഏതവളെയാ ആലോചിച്ചോണ്ടിരുന്നത് എന്ന്..

എന്നെ ഒരു കൊലപാതകി ആക്കരുത്…”

കണ്ണുരുട്ടി എന്റെ കഴുത്തിൽ ഇരുകൈകൊണ്ടും അമർത്തി അവൾ ചോദിച്ചു…

“മോളെ… ഇങ്ങോട്ടൊന്ന് വന്നേ…”

ഉമ്മറത്ത് നിന്നും അച്ഛന്റെ ശബ്ദം എന്നെ രക്ഷിച്ചു..

“ആ അച്ഛൻ വിളിക്കുന്നു… നീ അങ്ങോട്ട് ചെല്ല് ..”

ചിരിച്ചുകൊണ്ട് ഞാൻ അവളെ പറഞ്ഞു വിടാൻ ശ്രമിച്ചു…

“ആ വന്നിട്ട് ബാക്കി തരുന്നുണ്ട് ഞാൻ..”

കപടദേഷ്യത്തോടെ അവൾ എഴുന്നേറ്റ് പോയി..

അപ്പോഴേക്കും വീണ്ടുമെന്റെ മനസ്സ് ചിന്തകളുടെ ആഴങ്ങളിലേക്ക് വീണു..

“ആമ്മേടെ മുത്തേ… എന്റെ കൂട്ടനാണോ ഇത് വരച്ചേ…”

ഉമ്മറത്ത് നിന്നും ആർച്ചയുടെ ശബ്ദം ആണ് എന്നെ വീണ്ടും ചിന്തകളിൽ നിന്നും ഉണർത്തിയത്…

അച്ഛന്റെയും അവളുടെയും ചിരികൾ എന്റെ കാതുകളിൽ മുഴങ്ങി…

“ആ കൊള്ളാല്ലോ …അമ്മമ്മയുടെ ചക്കരകുട്ടനാ…”

അമ്മയും അവരോടൊപ്പം കൂടി..

മൂവരും മോനെ അഭിനന്ദിക്കുകയാണ് എന്നവന് ഏറെക്കുറെ മനസ്സിലായി…

കാര്യമെന്തെന്നു അറിയാൻ ഞാൻ അങ്ങോട്ടേക്ക് ചെവികൂർപ്പിച്ചു…

“ഏട്ടാ ഇത് കണ്ടോ… നമ്മുടെ അച്ചു വരച്ചത്…”

അച്ചുവിനെയും ഒക്കത്തെടുത്തുകൊണ്ട് അവൾ എനിക്കരികിൽ എത്തി..

“അച്ഛനെ കാണിക്ക്..”

വാത്സല്യത്തോടെ അവനെ ഉമ്മവച്ചുകൊണ്ട് അവൾ പറഞ്ഞു…

നിറഞ്ഞ പുഞ്ചിരിയോടെ ആ കുഞ്ഞിക്കൈകളിൽ ചേർത്തുപിടിച്ച ബുക്ക് അവൻ എനിക്ക് നേരെ നീട്ടി…

ആ ബുക്കിന്റെ താളുകളിലേക്ക് നോക്കിയതും എന്റെ കണ്ണുകൾ വിടർന്നു..

കണ്ണുകളിൽ അറിയാതെ നനവ് പടർന്നു..

ചുണ്ടിൽ പുഞ്ചിരിയുടെ ലാഞ്ചന തെളിഞ്ഞു…

മനസ്സിനെ കുറച്ച് ദിവസമായി ഉരുണ്ടുകൂടിയ ഭാരം കനക്കുന്നത് പോലെ..

എന്നെ വരക്കുവാനുള്ള അവന്റെ ശ്രമം ഏറെക്കുറെ വിജയിച്ചിരുന്ന കാഴ്ചയാണ് ആ താളുകളിൽ എന്റെ മിഴികൾ കണ്ടത്…

അതും കൂടി കണ്ടതോടെ മനസ്സിലെ വിങ്ങൽ വല്ലാതെ കൂടി…

ഒരു പരാജിതനയി മനസ്സിൽ സ്വയം എന്നെ അവരോധിച്ചു…

അവളിൽ നിന്നും അച്ചുവിനെ ഇരുകരങളും നീട്ടി എന്നിലേക്ക് ഞാൻ ക്ഷണിച്ചു..

നിറഞ്ഞ പുഞ്ചിരിയോടെ അവൻ എന്റെ മാറോട് ചേർന്നു…

ആ കുഞ്ഞിളം കവിളിൽ പതിവിലും വല്സല്യത്തോടെയും അനുഭൂതിയോടെയും ഞാൻ ഉമ്മ വച്ചു….

കണ്ണുകളിലെ നനവ് ആർച്ച കാണാതെ മറക്കാനും ഞാൻ ശ്രമിച്ചു…

പെങ്ങളുടെ വിവാഹത്തിന്റെ കടങ്ങൾ തീർക്കാൻ ആണ് ആഗ്രഹമില്ലാഞ്ഞിട്ട് കൂടി വീട്ടുകാരെ പിരിഞ്ഞു പ്രവാസി ആയത്…

പിന്നീടുള്ള വരവിൽ ആർച്ചയെ വിവാഹം ചെയ്തു…

അപ്പോഴും വീട്ടിതീർക്കാൻ ഒരുപാട് ബാക്കി ഉണ്ടായിരുന്നു..

പ്രവാസത്തിന്റെ വിരഹത അനുഭവിക്കുന്ന നാളുകളിൽ എപ്പോഴോ അവളുടെ നാവിൽ നിന്നാണ് ഞാനെന്ന അച്ഛന്റെ ജനനം സംഭവിച്ചത്..

ഒരുപാട് സന്തോഷിച്ച നാളുകൾ…

പക്ഷെ എന്റെ മോനെ നേരിട്ട് കാണാൻ പറ്റിയത് അവന് രണ്ട് വയസ്സ് ആകുമ്പോഴാണ്..

ജോലി സ്ഥലത്തെ പ്രശ്നങ്ങൾ കാരണം ജോലി നിർത്തിയാണ് നാട്ടിലേക്ക് ആ വരവ് വന്നത്..

മനസ്സ് ആകെ തകർന്ന അവസ്ഥ…

ഇനിയെന്ത് എന്ന ചോദ്യം മനസ്സിൽ എപ്പോഴും അലയടിച്ചതിനാൽ ആ വരവിൽ അവനെ കൊതി തീരെ സ്നേഹിക്കാനോ അവന്റെ ഒപ്പം സമയം ചിലവിടാനോ സാധിച്ചില്ല…

അധികം താമസിയാതെ സുഹൃത്ത് വഴി നല്ലൊരു വിസയിൽ ഒരു കമ്പനിയിൽ ജോലി കിട്ടി അങ്ങോട്ടേക്ക് പറന്നു…

ജീവിതം ഒരു കരയ്ക്ക് എത്തിയതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് ഒരാൾ കൂടി വരുന്നു എന്ന വാർത്ത അറിഞ്ഞത്…

കാത്തിരിപ്പിന്റെ നാളുകൾ ആയിരുന്നു പിന്നീട്..

അച്ഛന്റെ വാക്കുകളിലൂടെ ഞങ്ങളുടെ
മാലാഘയുടെ വരവ് ഞാനറിഞ്ഞു…

മനസ്സ് സന്തോഷത്തിൽ മതിമറന്ന നാളുകൾ..

മോളുടെ വരവോടെ അറിഞ്ഞോ അറിയാതെ അച്ചുവിന്റെ വിശേഷങ്ങൾ തിരക്കൽ എന്നിൽ നിന്നും കുറഞ്ഞു…

എങ്കിലും ആർച്ച അവന്റെ ഓരോ കാര്യങ്ങളും മറക്കാതെ എന്നെ അറിയിക്കുന്നത് കൊണ്ട് മനസ്സിലെ ആ മാറ്റം തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല..

രണ്ട് വർഷം രണ്ട് യുഗം പോലെ തോന്നി…

കടങ്ങൾ ഏറെക്കുറെ തീർന്ന് സ്വസ്ഥമായ മനസ്സോടെ ഞാൻ മോളെ കാണാൻ നാട്ടിൽ എത്തി…

പകൽ സമയങ്ങളിൽ കൂട്ടുകാരോടൊപ്പവും വീട്ടിലുള്ളപ്പോൾ മകളെ കൊഞ്ചിക്കാനും ഞാൻ കൂടുതൽ സമയം കണ്ടെത്തി…

അവന് അപ്പോഴും അച്ഛനായിരുന്നു കൂട്ട്…

അല്ലെങ്കിൽ അവനോട് കൂട്ടുകൂടേണ്ട ഞാൻ അതിന് ശ്രമിക്കാതെ ഇരുന്നപ്പോൾ അവൻ അച്ഛനിൽ ആശ്രയം തേടിയത് ആയിരിക്കും…

അച്ചുവിന് വേണ്ട കളിപ്പാട്ടങ്ങളും പുത്തനുടുപ്പുകളും മിട്ടായികളും കൊണ്ടുവരാൻ ഞാൻ മറന്നില്ലെങ്കിലും അവനെ കേൾക്കാനോ അവനോടൊപ്പം ചിലവഴിക്കാനോ ഞാൻ സമയം കണ്ടെത്തിയില്ല…

കിടപ്പറയിൽ ആർച്ചയെ തനിച്ചുകിട്ടാൻ ഞങ്ങൾക്കിടയിൽ സുരക്ഷിതത്വത്തോടെ ഉറങ്ങേണ്ട അവനെ മറ്റൊരിടത്തേക്ക് പറിച്ചു നട്ടു…

എന്റെ കൈകൾ ആ കുഞ്ഞിളം കൈകളിൽ ചേർത്ത് പിടിക്കാൻ പലപ്പോഴും എനിക്ക് കഴിയാതെ പോയി…

ഞാൻ പോലും അറിയാതെ എന്റെ കുഞ്ഞിനെ ഞാൻ രണ്ടാം നിരയിലേക്ക് മാറ്റി നിർത്തി…

അച്ഛന്റെ കൈപിടിച്ചാണ് ഞാൻ പിച്ചവച്ചത്…

അച്ഛനിലൂടെയാണ് ഞാൻ ലോകം കണ്ടതും…

എന്നെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചതും,, നന്മയും തിന്മയും എന്തെന്ന് വേർതിരിച്ചു കാണാൻ പഠിപ്പിച്ചതും അച്ഛനാണ്…

അങ്ങനെയുള്ളൊരു അച്ഛന്റെ മകൻ സ്വന്തം മകന്റെ മുന്നിൽ ഒരു പിതാവെന്ന നിലയിൽ ഇതുവരെ പരാജയം ആയിരുന്നില്ലേ…

അവന്റെ ഇഷ്ടങ്ങൾ അറിയില്ല, അവനെ പലപ്പോഴും കേൾക്കാറില്ല, അവന് വേണ്ടി മാത്രം സമയം കണ്ടെത്തുന്നില്ല…

വീട്ടിലേക്ക് കയറുമ്പോൾ പോലും അവന് പലഹാരം നൽകുവാൻ ഞാൻ മറന്നില്ല പക്ഷെ അവൻ എന്താണ് അവിടെ ചെയ്‌യുന്നത് എന്ന് നോക്കാനുള്ള ചിന്തപോലും എന്റെ മനസ്സിൽ തോന്നിയില്ല…

ഒരുപക്ഷേ ഞാൻ ആ ബുക്കില്ലേക്ക് ഒന്ന് നോക്കിയിരുന്നെങ്കിൽ എന്ന് എന്റെ മോൻ ആഗ്രഹിച്ചിരിക്കില്ലേ…

കുറ്റബോധം കൊണ്ട് മനസ്സ് നീറിപ്പുകഞ്ഞു…

അവന് എന്നോട് സ്നേഹമില്ല എന്ന ചിന്തയാണ് ഇന്നീ തിരിച്ചറിവിലേക്ക് എന്നെ എത്തിച്ചത്…

സത്യത്തിൽ ഞാൻ അല്ലെ അവനെ അകറ്റിയത്…

അവന് എന്നെ ജീവനാണ് എന്നതിന് തെളിവല്ലേ ഈ ചിത്രം…

അവനോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ
തിര മനസ്സിൽ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു…

അവന്റെ വളർച്ചയുടെ ഈ നാൾവഴികളിൽ ഒരു കൈത്താങ്ങായി ഞാനെന്ന കൂട്ട് വേണം..

മനസ്സിൽ ഞാൻ അത് ഉറപ്പിച്ചു…

അച്ഛൻ പഠിപ്പിച്ച നല്ലപാഠങ്ങൾ മനസ്സിൽ മായാതെ കിടക്കുന്നത് കൊണ്ടാകാം ഒരുപക്ഷേ അറിയാതെ ആണെങ്കിലും ഞാൻ ചെയ്തുകൊണ്ടിരുന്ന തെറ്റുകളുടെ തിരിച്ചറിവ് എനിക്കുണ്ടായത്…

മടിയിലിരുത്തി ഓരോ ഉരുള ചോറും തെറ്റിന്റെ ഏറ്റുപറച്ചിലോടെ ഞാൻ അവന് നൽകുമ്പോൾ പുഞ്ചിരിയോടെ അവൻ അവ കഴിച്ചുകൊണ്ട് എനിക്ക് മാപ്പ് നൽകി…

അവനേയും എടുത്തുകൊണ്ട് ഞാൻ വീട്ടിൽ നിന്നും കവലയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ നിറഞ്ഞ മനസ്സോടെ അച്ഛൻ എന്നെ നോക്കി…

ഒരുപക്ഷേ അച്ഛന് എനിക്ക് മുൻപേ ആ തിരിച്ചറിവ് കിട്ടിയിരിക്കണം,,

ആ മനസ്സ് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും ഞാൻ സ്വയം തെറ്റ് തിരിച്ചറിഞ്ഞു തിരുത്താൻ ആയിരിക്കാം…

വഴിയിലുടനീളം വാതോരാതെ അവൻ എന്നോട് സംസാരിച്ചു…

കൂടുതലും അവന്റെ സംശയങ്ങൾ തീർക്കൽ ആയിരുന്നു എന്റെ ജോലി…

അവനോടൊപ്പം സംസാരിച്ചു നടക്കുമ്പോ ഒരു പ്രത്യേക ഊർജം എന്നിലേക്കും കൈവരുന്നത് പോലെ തോന്നി…

എത്ര സുന്ദര നിമിഷങ്ങളാണ് നഷ്ടപ്പെടുത്തിയത് എന്നോർത്തു ഞാൻ സ്വയം പഴിച്ചു…

അപ്പോഴാണ് എനിക്കെതിരെ നടന്നു വരുന്ന ആളെ ശ്രദ്ധിച്ചത്…

ആദ്യമായി എന്നിൽ മൊട്ടിട്ട പ്രണയപുഷ്പത്തെ പുറംകാൽ കൊണ്ട് ചവിട്ടി അരച്ച് പോയ എന്റെ സഹപാഠി ധന്യ..

എന്നെ കണ്ടതും ചിരിച്ചുകൊണ്ട് അവൾ എനിക്കരികിൽ എത്തി…

എന്റെ വിശേഷങ്ങൾ തിരക്കുന്നതോടൊപ്പം അവൾ തന്റെ വിശേഷങ്ങളും എന്നെ അറിയിക്കാൻ മറന്നില്ല…

അച്ചു എന്റെ മകൻ ആണെന്ന് അറിഞതോടെ വാത്സല്യത്തോടെ അവൾ അവന്റെ കവിളിൽ ചെറുതായി നുള്ളി…

പൊടുന്നനെ അച്ചുവിന്റെ വലത് കൈ ഒരു ദാക്ഷണ്യവുമില്ലാതെ വലിയ ശബ്ദത്തോടെ ധന്യയുടെ കവിളിൽ പതിഞ്ഞു..

അവളെപോലെ തന്നെ ഞാനും അതുകണ്ട് ഞെട്ടി…

അച്ചു അപ്പോഴും ദേഷ്യത്തോടെ അവളെ നോക്കുന്നുണ്ടായിരുന്നു..

“മോൻ അറിയാതെ…”

“അത് സാരമില്ല…”

വേദന കടിച്ചമർത്തി ഒരു പാൽപുഞ്ചിരി നൽകി ധന്യ പെട്ടെന്ന് തന്നെ സ്ഥലം വിട്ടു..

വീട്ടിലുള്ളവർ ഒഴികെ ആരും അവന്റെ കവിളിൽ പിടിക്കുന്നത് അച്ചുവിന് ഇഷ്ടമല്ല എന്ന് എപ്പോഴോ ആർച്ച എന്നോട് പറഞ്ഞത് പെട്ടെന്ന് എന്റെ ഓർമ്മയിലേക്ക് വന്നത്…

അറിയാതെ എന്റെ ഉള്ളിൽ പുഞ്ചിരി വിടർന്നു..

അല്ലേലും അവൾക്ക് പണ്ടേ ഞാൻ ഒരെണ്ണം കൊടുക്കണം എന്ന് വച്ചതാണ്…

ഇതിപ്പോ എന്റെ സന്താനം നിറവേറ്റി… ഞാൻ ധന്യനായി…

അതിന്റെ സന്തോഷത്തിൽ അവന് ഏറ്റവും ഇഷ്ടപ്പെട്ട ചോക്കളേറ്റ് ഐസ്ക്രീമും വാങ്ങികൊടുക്കാൻ ഞാൻ മറന്നില്ല…

കുറച്ചു സമയം കൂടി കവലയിൽ ചിലവഴിച്ചു ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു…

വീട്ടിൽ എത്തിയതും അച്ചു ആർച്ചയോട് കവലയിലെ വിശേഷങ്ങൾ പറയാൻ തുടങ്ങി…

ചൂട് ചായ ആസ്വദിച്ചുകൊണ്ട് ചെറു ചിരിയോടെ ഞാൻ അത് കേട്ടിരുന്നു…

“അമ്മേ അച്ഛയുടെ ഒരു ഫ്രണ്ടിനെ കണ്ടു ഞങ്ങള്… ധന്യ ആന്റി…”

അവന്റെ വായിൽ നിന്നും ആ പേര് വന്നതും ചായയുടെ ചൂട് എന്റെ നാക്ക് പൊള്ളിച്ചു…

ആർച്ചയുടെ കണ്ണുകൾ അപ്പോഴേക്കും ചുവന്നിരുന്നു…

അവൾ പല്ല് കടിച്ചുകൊണ്ട് എന്നെ നോക്കി…

“ഞാൻ അല്ല… ഞാൻ മിണ്ടിയില്ല… പോകുന്ന വഴിയിൽ കണ്ടു… അത്രേയുള്ളൂ…”

ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…

“ആണോ…”

അവൾ അച്ചുവിന് നേർക്ക് ചോദ്യമെറിഞ്ഞു…

“കുറച്ചു നേരം മിണ്ടി… അച്ഛ മറന്ന് പോയതാ..”

നിഷകളങ്കമായ ഭാവത്തോടെ അവൻ സത്യസന്ധൻ ആയി…

“അപ്പൊ നിങ്ങള് കള്ളം പറയാനും തുടങ്ങി അല്ലെ… മനസ്സിൽ ഒന്നുമില്ലെങ്കിൽ എന്തിനാ ഒളിക്കുന്നെ…”

ദേഷ്യത്തോടെ അതും പറഞ്ഞുകൊണ്ട് അവൾ മുറിക്ക് പുറത്തേക്ക് പോയി..

“മോളെ ധന്യേ… ചെ.. ആർച്ചേ…”

അവൾക്ക് പുറകെ വേഗത്തിൽ ഞാൻ പോയതും എന്റെ മുഖത്തിന് നേരെ വന്ന റിമോട്ടിനെ കാണാൻ എനിക്ക് കഴിഞ്ഞില്ല…

“ഹോ…ഈ തിരിച്ചറിവുകൾക്ക് ഇത്ര വേദനയോ…”

മെല്ലെ കൈകൊണ്ട് മൂക്കിൽ തടവി ഞാൻ സ്വയം ചോദിച്ചു…

“എങ്ങനെ…”

കിടക്കയിൽ എന്റെ നേർക്ക് തിരിഞ്ഞ് കിടന്നുകൊണ്ട് മുഖത്തേക്ക് നോക്കി ആർച്ച ചോദിച്ചു..

“അങ്ങോട്ട് ഒന്നും പറഞ്ഞില്ല… തിരിച്ചറിവിന്റെ വേദന കഠിനം പൊന്നയ്യപ്പാ…”

നീര് വന്ന് വീർത്ത മൂക്കുമായി ഞാൻ ഉറങ്ങാൻ പണിപ്പെട്ടു…

അപ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തോടെ അവൻ എന്റെ നെഞ്ചിലെ ചൂട് പറ്റി ഉഉറങ്ങുന്നുണ്ടായിരുന്നു…

Manu Prasad
തിരിച്ചറിവ്
4.7 (93.33%) 3 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.