malayalam story

മീനമാസത്തിലെ വരിക്കച്ചക്ക

ദിവസത്തിന്റെ കാതലായ പത്ത്‌ മണിക്കൂറിലതികം ഓഫീസ്‌ മുറിയുടെ ചില്ലു ജാലകത്തിനകത്തായതുകോണ്ട്‌ നടന്നു വന്ന വഴികളിൽ പലതും ഇന്ന് ഓർമ്മയിൽ തങ്ങിനിൽക്കുന്നില്ല.

അപ്രതീക്ഷിതമായി ചിലതൊക്കെ കാണുമ്പോൾ മരവിച്ചു പോയ മാറാലകൾ തുടച്ചു നീക്കി ചിലതെല്ലാം പൊടിതട്ടിയെടുത്ത ഓട്ടോഗ്രാഫിലെ താളുകളിൽ കുറിച്ചിട്ട ഒരിക്കലും യാഥാർത്ഥ്യമാകാൻ സാധ്യതയില്ലാത്ത വാക്കുകൾ മാത്രമായി മുന്നിൽ വന്ന് നിൽക്കുന്നു.

പലതും ഒരു വിളിപാടകലെ ഉണ്ടായെങ്കിലും പിൻ വിളിക്ക്‌ കാതോർക്കാതെ എത്തിപെടാത്ത ദൂരത്തേ സ്വയം മാറി നിൽക്കുമ്പോഴും മനസ്സിന്റെ അടിത്തട്ടിലെവിടെയോ ആ മാമ്പഴക്കാലവും വരിക്ക ചക്കയുടെ പഴുത്തമണവും മാടിവിളിക്കുന്ന വഴികളിലേക്ക്‌ കണ്ണും നട്ട്‌ നോക്കി നിൽക്കുമ്പോൾ അങ്ങോട്ടുള്ള വാതിലായി പരീക്ഷക്കാലം.

പരീക്ഷകാലത്തിന്റെ പരീക്ഷണം കഴിഞ്ഞാലെ പ്രിയോരു മാങ്ങയുടെ രുചി ആസ്വദിക്കാനാകു, വരിക്ക ചക്കയുടെ ചുള ഉരിയുമ്പോൾ ഒഴുകുന്ന തേൻ നുകരാനാകൂ.

ലുലുമാളിന്റെ മുകളിലെ ഫുഡ്‌ കോർട്ടിൽ ഇരുന്നു ബർഗ്ഗർ കഴിക്കുമ്പോ മീനമാസത്തിലെ സൂര്യതേജസിന്റെ കാഠിന്യം സായാൻഹത്തോടടുക്കുമ്പോഴും മുറുക്കം വിടാതെ നിന്നു.

ചില്ലുകളാൽ അലങ്ക്രതമായ ചുവരിലൂടെ താഴേക്ക്‌ നോക്കിയപ്പോൾ സ്കൂൾ യൂണിഫോം ഇട്ട്‌ തിരികേ വീട്ടിലേക്ക്‌ പോകുന്ന കുട്ടികളെ കണ്ടപ്പോൾ വീണ്ടും ഓർമ്മകൾ ആ പടികൾ ചവിട്ടി കയറാൻ തുടങ്ങി.

ഓർമ്മകൾ ഓർമ്മകളാകാൻ തുടങ്ങിയത്‌ എന്നുമുതലാണ്‌. നാലാം ക്ലാസിലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്തിനു ശേഷം അമ്മവിടും, പ്രിയോർ മാങ്ങയും, വരിക്കച്ചക്കയും എല്ലാം ഓർമ്മകളായി മാറി.

മലയാളമൊഴികെ എല്ലാം കീറാമുട്ടികളായി നിലകൊണ്ടപ്പോൾ കീറാമുട്ടികൾ നിഷ്പ്രയാസം നുറുക്കി കഷണങ്ങളാക്കുന്ന കുഞ്ഞപ്പൻ ചേട്ടനെ പോലെ നന്നായി വിറക്‌ കീറുന്ന ഒരാളായാൽ മതിയെന്ന മനസ്സിന്റെ ഭ്രമം തുറന്നു പറഞ്ഞപ്പോൾ വലിയ വട്ടചെമ്പിലെ പുന്നെല്ലരിയോടൊപ്പം കിടന്നു പുഴുങ്ങിയ വള്ളിചൂരലിന്റെ വടുക്കൾ കാലിന്റെ പുള്ളകുടത്തിൽ ചേനത്തണ്ടൻ പാമ്പിനെ പോലെ വളഞ്ഞു കിടന്നപ്പോൾ , “ന്റ്‌ ക്ടാവിനെ ആരായി തല്ലിയ്യേ “എന്ന് ചോദിച്ച അമ്മാമയുടെ സ്നേഹത്തിലേക്ക്‌ എത്തിപെടാൻ മനസ്സ്‌ തുറക്കാൻ ശ്രമിച്ചപ്പോൾ, സോഷ്യൽ സ്റ്റഡീസ്‌ ഒരു മണിചിത്രപൂട്ടായി.
രജപുത്രമാരും ചാലൂക്യന്മാരും പല്ലവന്മാരും കടന്ന് മുഗളന്മാരെയും വകഞ്ഞു മാറ്റി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ ചരിത്രമെഴുതിയപ്പോൾ ബ്രിട്ടിഷ വൈസ്രോയിയുടെ പേരു അക്ബർ എന്ന പറഞ്ഞതിനു സൂസി മിസ്‌ നൽകിയ സ്നേഹസമ്മാനം കൈയിൽ തണർത്തു കിടന്നു.

ഉത്തരകടലാസിലേക്ക്‌ പകർത്തിയപ്പോൾ വീണ്ടും എവിടെയോ പിശക്‌ പറ്റിയല്ലോ എന്ന ശങ്ക, പിന്നിട്‌ വന്ന പല ചോദ്യങ്ങളെയും ആശയകുഴപ്പത്തിലാക്കി.

പരീക്ഷ കഴിഞ്ഞാലെ മണ്ണംതുരുത്തിൽ പോകാനൊക്കു, അമ്മാമയെ കാണാനൊക്കു.
ലക്ഷ്യം പരീക്ഷ കഴിഞ്ഞ്‌ ചെന്നെത്താനുള്ള മണ്ണംതുരുത്ത്‌ തന്നെ.

അങ്ങിനെ ഒരു ചൊവാഴ്ച രാത്രി ഒൻപത്‌ മണി കഴിഞ്ഞു ലോകസഭയുടെയും രാജ്യസഭയുടെയും വാർത്തകൾ കഴിഞ്ഞു ജയ്‌ ഹനുമാനെ പ്രതീക്ഷിച്ചിരുന്നു. വിചാരിച്ചപോലെ വാർത്ത തീരുന്നില്ല. കണക്കു പരീക്ഷയ്ക്ക്‌ മുന്നോടിയായി ഇട്ടുതന്ന കണക്കുകൾ എങ്ങിനെയൊക്കെയോ ശരിയാക്കിയതിനാൽ ഹനുമാനെ കാണാൻ അപ്പച്ചൻ അനുമതി തന്നു. മാത്രമല്ല അപ്പച്ചനും ഹനുമാനെ ഇഷ്ടമായിരുന്നിരിക്കണം.
രാജ്യസഭാ വാർത്ത തീരുന്നില്ല. അപ്പച്ചന്റെ മനസ്സ്‌ മാറല്ലേ എന്ന പ്രാർത്ഥനയുമായി ടി വി യിലേക്ക്‌ നോക്കി നിന്നപ്പോൾ പെട്ടെന്ന് കേട്ടു.

“ബ്രിട്ടാനിയ അവതരിപ്പിക്കുന്നു.. ജയ്‌ ഹനുമാൻ..”

മനസ്സ്‌ വലാത്തൊരു ശാന്തത ദർശ്ശിച്ചു.

ഹനുമാനെപോലെ ചാടാനുള്ള കഴിവ്‌ ദൈവം തന്നില്ലല്ലോ എന്നോർത്ത്‌ മനസ്സ്‌ വിഷമിച്ചു.
അങ്ങനെ ഒരു കഴിവുണ്ടായിരുന്നേൽ എപ്പോഴെ മണ്ണംതുരുത്തിൽ എത്തിയേനെ.

കാലിയായ ബർഗ്ഗറിന്റെ പ്ലേറ്റിലേക്ക്‌ നോക്കി മെല്ലെ പുഞ്ചിരി തൂകി.

ഇന്ന് ഹുമയൂണും ബാബറും അക്ബറുമെല്ലാം എവിടെയാണാവോ?

കണക്ക്‌ പരീക്ഷയുടെ ചോദ്യപേപ്പർ മനസ്സിനെ വല്ലാതെ പരീക്ഷിച്ചു.
കൂട്ടലും , കുറയ്ക്കലും, ഗുണിക്കലും, ഹരിക്കലും കഴിഞ്ഞു ഫ്രാക്ഷൻ ആണു. ഒന്നും മനസ്സിലാകുന്നില്ല.
ഇതൊക്കെ ആരാണാവോ കണ്ടുപിടിച്ചേ. കണ്ടുപിടിച്ചവനെ ഞാൻ പോലും അറിയാതെ മനസ്സ്‌ പ്രാകി.
എങ്കിലും ജയശ്രി ടീച്ചർ പഠിപ്പിച്ച മൾട്ടിപ്ലിക്കേഷൻ ടേബിൾ മനസ്സിൽ മായാതെ കിടന്നു.

എങ്ങിനെയൊക്കെയോ കടത്തു കഴിച്ച രീതിയിൽ എല്ലാം തീർത്തു. പരമാവതി വലിച്ചു നീട്ടി പത്ത്‌ പേജ്‌ തികച്ച സംത്യപ്തിയിൽ വീട്ടിലേക്ക്‌ കുതിക്കുമ്പോൾ മണ്ണംതുരുത്തിലേക്ക്‌ കൊണ്ടുപോകാൻ അച്ചാൻ വരുന്നതും കാത്ത്‌ കണ്ണുകൾ ഇടച്ചേരിപള്ളത്തേക്ക്‌ നീണ്ടു കിടക്കുന്ന പാതയിലേക്ക്‌ നോക്കി നിന്നു.

ഇന്നിതാ എല്ലാ കെട്ടുപാടുകളിൽ നിന്ന് മുക്തനായി സ്വന്തം കാലിൽ നിൽക്കുമ്പോഴും മറ്റെന്തൊക്കെയോ കെട്ടിമാറാപ്പുകളിൽ ജീവിതം തളയ്ക്കപ്പെട്ടിരിക്കുന്നു.

ഒന്നിനും സമയമില്ല.

സമയം ഉണ്ടെങ്കിലും എന്ത്‌ കാര്യം.

അവിടെ അമ്മാമയില്ല. പ്രിയോർ മാവിന്റെ വേരിൽ ആരോ കോടാലിയുടെ മൂർച്ച പരിശോദിച്ചു. അവിടെ ഇപ്പോൾ കോൺക്രീറ്റ്‌ തൂണിന്റെ വേരുകൾ പടർന്നിരിക്കുന്നു.വരിക്കപ്ലാവിന്റെ വേരുകൾ ചെള്ളയിൽ കുത്തി ശിഖരങ്ങൾ കരിഞ്ഞു. വർഷങ്ങൾക്ക്‌ ശേഷം ഒരിക്കൽ വസ്തു കീറിമുറിച്ചു വിതം വച്ചപ്പോൾ അസ്ഥിപഞ്ചരം പോലെ ആ പ്ലാവിന്റെ ശിഖരങ്ങൾ നിൽക്കുന്നത്‌ കണ്ടിരുന്നു.

ചില്ലു ചുമരിലൂടെ താഴേക്ക്‌ നോക്കി.

പ്രതീക്ഷയോടെ.

മീനമാസ സൂര്യൻ പടിഞ്ഞാറു ലക്ഷ്യമാക്കി നീങ്ങുകയാണ്‌.

– Danish John Menacherry

മീനമാസത്തിലെ വരിക്കച്ചക്ക
4 (80%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.