malayalam story

ഓർമയിൽ ഒരു പരീക്ഷക്കാലം

എട്ടിലെ പരീക്ഷാക്കാലം.. ക്‌ളാസിൽ അത്യാവശ്യം നല്ല മാർക്ക് വാങ്ങി പഠിക്കുന്നത് കുറച്ചു പേരെ ഉള്ളൂ അതിൽ ഞാനും ഉണ്ട്.

എന്റെ ബാല്യം അത്ര നല്ലതല്ല. നല്ല ഉടുപ്പോ, നല്ലൊരു നിക്കറോ ഇട്ടുകൊണ്ട് പോവാൻ എനിക്കുണ്ടായിരുന്നില്ല കീറിയ നിക്കറിന്റെ മൂടോക്കെ ‘അമ്മ ഉരുട്ടി തയ്ച്ചു വച്ചിരിക്കും. അതുകൊണ്ടൊക്കെ തന്നെ വൃത്തിയിൽ നടക്കുന്ന ഇച്ചിരി കാശുള്ള കുട്ടികൾ ഒന്നും എന്നെ കൂടെ പോലും കൂട്ടുന്നുണ്ടായിരുന്നില്ല. എനിക്കതിൽ നല്ല വിഷമവുമുണ്ടായിരുന്നു. ഓണപരീക്ഷക്ക് ഫിസിക്സ് ഒഴിച്ച് മറ്റുള്ള എല്ലാ വിഷയത്തിനും തൊണ്ണൂറ് ശതമാനത്തിൽ അധികം മാർക്ക് ഉണ്ടായിരുന്നു.

എന്നാൽ, എന്തുകൊണ്ടോ ഫിസിക്സ് മാത്രം അൻപത് മാർക്കിൽ ഇരുപത് മാർക്കെ കിട്ടിയുള്ളൂ..

എന്റെ ക്‌ളാസിൽ ജോർജ് [യഥാർത്ഥ പേരല്ല] എന്നൊരു പയ്യൻ ഉണ്ടായിരുന്നു. അവൻ ആ സ്‌കൂളിലെ തന്നെ സാറിന്റെ മകൻ ആയിരുന്നു. അഞ്ചാമത്തെ ക്‌ളാസ് മുതൽ ഞാനും അവനും തമ്മിൽ ആയിരുന്നു മത്സരം.

ഒരു വിഷയത്തിനല്ലെങ്കിൽ മറ്റൊരു വിഷയത്തിന് അവനെക്കാൾ ഒരു മാർക്ക് ഞാൻ കൂടുതൽ വാങ്ങിക്കുമായിരുന്നു.

ഇതിൽ അസൂയ ഉള്ള അവൻ എന്റെ കുറ്റങ്ങൾ ക്‌ളാസ് ടീച്ചറിനോടോ അല്ലെങ്കിൽ അവന്റെ അപ്പൻ മാഷിനോടോ പറഞ്ഞു കൊടുത്ത് എനിക്ക് അടി വാങ്ങി തരുമായിരുന്നു..

എന്തോ അന്നൊന്നും എന്റെ പക്ഷം ആരും കേൾക്കില്ല.

വരാന്തയിലൂടെ എങ്ങാനും നടക്കുന്ന കണ്ടാൽ അവന്റെ അപ്പൻ എന്നെ മാത്രം വഴക്കു പറയുമായിരുന്നു.[ചിലപ്പോൾ എന്റെ തോന്നൽ ആവാം]

ക്രിസ്തുമസ് പരീക്ഷ അടുത്ത് വന്നപ്പോൾ എങ്ങനെയും ഫിസിക്സിനും കൂടി നല്ല മാർക്ക് വാങ്ങിക്കണം എന്നുറപ്പിച്ചു.

അങ്ങനെ പരീക്ഷ വന്നെത്തി. പരീക്ഷ നടക്കുന്ന ഹാളിൽ ഒരു ബഞ്ചിൽ രണ്ടു പേര് വച്ചാണിരിക്കുന്നത്. അന്നത്തെ പരീക്ഷ നിയന്ത്രിക്കുന്നത് ജോർജിന്റെ അച്ഛനും.

എന്റെ അപ്പുറത്ത് ഇരുന്നു പരീക്ഷ എഴുതുന്നത് ക്‌ളാസിലെ ഏറ്റവും തല്ലിപൊളിയൻ ആണ്. തോട്ടിപ്പുറത്ത് ഉള്ള ബഞ്ചിൽ അത്പോലെ തന്നെ വേറെ ഒരു ഉഴപ്പനും ആണ് പരീക്ഷ എഴുതുന്നത്. ഇവർ രണ്ടു പേരും എന്നോട് ഒന്നിന്റെ ഉത്തരം ഏതാ, രണ്ടിന്റെ ഉത്തരം ഇതാ എന്നൊക്കെ സാറിന്റെ കൺവെട്ടം മറയുമ്പോൾ ചോദിക്കുന്നുണ്ട്. എനിക്കാണേൽ പേടിച്ചിട്ട് മുട്ടുകാല് വിറക്കാനും തുടങ്ങി

കുറച്ചു കഴിഞ്ഞപ്പോൾ ആണ് എന്റെ കൂടെ ഇരുന്ന് പരീക്ഷ എഴുതുന്നവൻ ശരീരത്തിൽ എവിടെ നിന്നോ ബിറ്റ് എടുത്ത് വച്ചു കോപ്പി അടിക്കുന്നു. ഇതുകണ്ട എന്റെ പേടി കൂടി. കൈകൾ വിറക്കാൻ തുടങ്ങി. എഴുതാനും സാധിക്കുന്നില്ല.

ഒന്നോ രണ്ടോ ഉത്തരങ്ങൾ കൂടി എഴുതിയാൽ അത് തീരും. ഈ സമയത്ത്. തൊട്ടിപ്പുറത്തിരുന്നവൻ എന്റെ അടുത്തിരുന്നവനോട് ബിറ്റ് ചോദിച്ചത്.

അവൻ ഉടനെ എഴുതിക്കഴിഞ്ഞ ബിറ്റ് അവന്റെ നേരെ ചുരുട്ടി ഒറ്റ ഏറ്. അവന്റെ ഉന്നം കിറു കൃത്യമായിരുന്നകൊണ്ട് സാധനം ദേ എന്റെ ദേഹത്ത് തട്ടി നേരെ കാലിന്റെ ചോട്ടിൽ.

തോണ്ടി അവനിട്ടു കൊടുക്കാൻ പറഞ്ഞു എന്റെ അടുത്തിരുന്നവൻ കണ്ണുരുട്ടി. എനിക്കാകെ പേടിയായി വെപ്രാളത്തിൽ ഞാൻ ആ ബിറ്റ് അവന് കാലുകൊണ്ട് തോണ്ടിക്കൊടുക്കുന്നത് മാഷ് കണ്ടു.

എന്നെ കൈയോടെ പൊക്കി. പേപ്പറും വാങ്ങി വച്ചു. ഭാഗ്യത്തിന് ഞാൻ എഴുതി കഴിഞ്ഞിരുന്നു.എന്നെ പൊക്കിയത് കണ്ടതും അടുത്തിരുന്നവൻ പെട്ടന്ന് അവൻ എഴുതിയ ഉത്തര പേപ്പർ മാഷിന് കൊടുത്തിട്ട് പരീക്ഷ ഹാളിൽ നിന്ന് സ്കൂട്ടായി.

സാർ എന്നെ ഓഫീസ് റൂമിൽ കൊണ്ട് പോയി നിക്കറും ഉടുപ്പും എല്ലാം ഊരിച്ചു വിശദമായി ചെക്ക് ചെയ്തു. എന്നിട്ടും സംശയം തീരാത്ത മാഷ്, ഞാൻ കോപ്പിയടിച്ചു എന്ന് മുദ്രകുത്തി.

ഞാൻ ചെയ്തിട്ടില്ല എന്ന് കരഞ്ഞു പറഞ്ഞിട്ടും സമ്മതിക്കാതെ മാഷ് എന്റെ ഫിസിക്സ് സാറിന് വിവരം കൈമാറി.

ഉത്തരക്കടലാസ് വന്നപ്പോൾ അൻപതിൽ നാല്പത്തൊമ്പത് മാർക്കുണ്ടായിരുന്നത് വെട്ടിക്കുറച്ചു ഇരുപത്തഞ്ചു മാർക്ക് ആക്കി കുറച്ചു. ഫിസിക്സ് സാറിനോടും ഞാൻ കെഞ്ചി പറഞ്ഞു നോക്കി, ഞാൻ ചെയ്തിട്ടില്ല എന്ന്.. തിരിച്ചു നടക്കുമ്പോൾ നാല്പത്തെട്ട്‍ മാർക്ക് മേടിച്ച ജോർജിന്റെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു..

എന്നെ കുടുക്കിൽ ചാടിച്ചവൻ സീറ്റിൽ തിരിച്ചെത്തിയപ്പോൾ ആരും കേൾക്കാതെ എന്റെ ചെവിയിൽ പറഞ്ഞു.. തെണ്ടിപിള്ളേർക്ക് ഇത്രയൊക്കെ മതിയെന്ന്…

സുനിൽ – കുട്ടായി

ഓർമയിൽ ഒരു പരീക്ഷക്കാലം
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.