malayalam story

ഓർമയിൽ ഒരു പരീക്ഷക്കാലം

ടീച്ചർ ക്ലാസ്സിൽ ഉത്തരക്കടലാസ് വിതരണം ചെയ്തപ്പോൾ എന്റെ കണ്ണുകൾ ഗീതുവിലായിരുന്നു… അവൾക്ക് ഈ വിഷയത്തിന് ഫുൾ മാർക്ക്ക്കുണ്ട്, എന്നാലും എനിക്ക് ഫുൾ കിട്ടിയാൽ മുഴുവൻ വിഷയങ്ങളുടെയും മാർക്ക് കൂട്ടുമ്പോൾ ഞാനാകും ഫസ്റ്റ്….. അതിന്റെ ടെൻഷൻ അവളുടെ മുഖത്ത് നന്നായിട്ടുണ്ട്.

ചെറിയ ക്ലാസുകൾ മുതൽക്കേ ഞങ്ങൾ അങ്ങനെയാണ്… ക്ലാസ്സിൽ മൊത്തമായാണ് മത്സരങ്ങൾ നടക്കുന്നത്തെങ്കിലും എനിക്കും അവൾക്കും അത് ഞങ്ങൾ തമ്മിൽ മാത്രം നടക്കുന്ന മത്സരമായാണ് തോന്നാറ്.
നന്നായി പാട്ട് പാടാൻ അറിയാവുന്ന അവൾ പാട്ടു മത്സരങ്ങൾക്കൊക്കെ സമ്മാനം വാരിക്കൂട്ടുമ്പോൾ, വാ തുറന്നാൽ അടുത്ത വീട്ടിലെ പശുവിനെ പോലും ഒറ്റ പാട്ട് കൊണ്ട് ഓടിക്കാൻ കഴിയുന്ന ഞാൻ മിമിക്രി, മോണോആക്ക്റ്റ്, അന്യഭാഷ കവിതകൾ, പ്രഛന്നവേഷം, നാടകം മുതലായ പതിനെട്ടടവുകളും പയറ്റി അവളെ തോൽപ്പിക്കാൻ ശ്രമിക്കും.

അതുകൊണ്ട് തന്നെ ഈ പ്രാവശ്യത്തെ പരീക്ഷ വളരെ നിർണായകമാണ്.
പക്ഷേ പേപ്പർ കിട്ടിയ ഞാൻ ഞെട്ടി എനിക്ക് അൻപതിൽ നാല്പത്തിയാറു മാർക്കേ ഉള്ളു!. അവൾ ജയിച്ചു… അവൾ അതിന്റെ സന്തോഷ പ്രകടിപ്പിച്ചപ്പോൾ എനിക്ക് നല്ല സങ്കടവും വന്നു.

അന്ന് വീട്ടിലെത്തിയപ്പോൾ മുതൽ പതിവ് സൈക്കിൾ ചവിട്ടൽ പോലും മാറ്റി വച്ച് പഠിത്തം തുടങ്ങിയ ഞാൻ.. അടുത്ത തവണ അവളെ തോൽപ്പിച്ചു തുന്നം പാടിക്കണമെന്ന് തീരുമാനിച്ചുറച്ചു. അങ്ങനെ മുഴുവൻ സമയവും ഞാൻ ആ പഠനം തുടർന്നു. അടുത്ത ഇടക്കാല പരീക്ഷ വന്നു.
ഞാൻ വാശിയിലാണെന്ന് അറിയാവുന്ന അവളും നന്നായി പഠിച്ചു തന്നെ പരീക്ഷ എഴുതി… പക്ഷെ അവസാന പരീക്ഷയുടെ അന്ന് അവളെ ഞാൻ സ്കൂളിൽ കണ്ടില്ല.. !
എനിക്ക് അതിയായ സന്തോഷം തോന്നി.
ഈ പ്രാവശ്യം ഞാൻ തന്നെ വിജയി.

പിറ്റേന്ന് സ്കൂളിൽ വന്നപ്പോളാണ് അറിയുന്നത് അന്ന് ഞങ്ങൾക്ക് ക്ലാസ്സ്‌ ഇല്ലെന്ന്. ഗീതുവിന്റെ അനിയനും, അമ്മയ്ക്കും തലേദിവസം ആക്‌സിഡന്റ് പറ്റിയെന്നും… അമ്മയും,അനിയനും മരിച്ച് പോയെന്നും.അവർ മൂന്നാളും വൈകിട്ട് പള്ളിയിൽ പോയി തിരിച്ചു വരും വഴി ഒരു കാർ നിയന്ത്രണം വിട്ട് വന്ന് അവരെ ഇടിക്കുക ആയിരുന്നു.അങ്ങനെ ഗുരുതരമായി പരിക്ക് പറ്റിയ അനിയനും അമ്മയും ആശുപത്രിയിലായെന്നും. പിറ്റേന്ന് അനിയൻ മരിച്ചു… തുടർന്നു അമ്മയും..
ഗീതു മാത്രം ഇതിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇതൊക്കെ അറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി. പൊതുവേ ഒരുപാട് ആലോചിച്ചു കൂട്ടുന്ന എന്റെ കുഞ്ഞിത്തല അന്ന് രാത്രിയും കിടന്നും ഇരുന്നും ആലോചിച്ചു ഗീതുവിനെക്കാൾ മാർക്ക്‌ കിട്ടാനായി പ്രാർത്ഥിക്കുന്നതിനിടയിൽ എങ്ങനെയെങ്കിലും എനിക്കു അവളെക്കാൾ മാർക്ക്‌ കിട്ടണേ എന്ന് ഞാൻ പ്രാർത്ഥിച്ചോ എന്ന് ഞാൻ സംശയിച്ചു… ചിലപ്പോൾ അങ്ങനെയും എന്റെ വായിൽ നിന്നും വീണു കാണും… ആ “എങ്ങനെ എങ്കിലും “എന്ന വാക്ക് എന്റെ വായിൽ നിന്നും വന്നത് കൊണ്ടാവും അവളുടെ അനിയനും അമ്മയും മരിച്ചത്… പക്ഷേ അവൾക്ക് ഒരു പനി വരണേ എന്ന് പോലും ഞാൻ മനസ്സിൽ ആഗ്രഹിച്ചിട്ടില്ല…

എന്നാലും എന്റെ കുഞ്ഞ് മനസ്സ് നീറാൻ തുടങ്ങി… എനിക്ക് ബുക്ക്‌ തുറക്കാൻ പോലും പറ്റാതെയായി… ഭക്ഷണവും ഉറക്കവും ഇല്ലാതെയായി…സ്കൂളിൽ പോകാനും മടിയായി.

വീട്ടിൽ എല്ലാവരും വിചാരിച്ചു കൂട്ടുകാരിയുടെ അനിയനും അമ്മയും മരിച്ചത്തിലുള്ള സങ്കടമാണിതെന്ന്…
പക്ഷേ ഞാൻ പേറിയത് രണ്ടു പേരേ കൊന്നത്തിന്റെ കുറ്റബോധമാണ്..

ഒരാഴ്ച കഴിഞ്ഞാണ് ഗീതു സ്കൂളിൽ വന്ന് തുടങ്ങിയതു. അവളെ നോക്കാൻ പോലുമാവാതെ ഞാൻ മുഖം മറച്ചു…
ആ പ്രാവശ്യത്തെ പേപ്പറുകൾ എല്ലാം കിട്ടിയപ്പോൾ ഞാൻ ക്ലാസ്സിൽ ഫസ്റ്റായി.
ഫസ്റ്റ്ന്റെ ബാഡ്ജ്ജ് മിസ്സ്‌ ഷർട്ടിൽ കുത്തി തിരിച്ചു എന്റെ ബെഞ്ചിൽ ഇരിക്കാൻ നേരം അവളുടെ നേരേ നോക്കാതെ ഞാൻ എന്റെ കണ്ണുകൾ ദൂരത്തേക്ക് പായിച്ചു…
പിന്നത്തെ പരീക്ഷകളിലൊക്കെ അവസാനത്തെ വലിയ മാർക്കുകളുടെ ചോദ്യങ്ങൾ മനഃപൂർവം വിട്ട് ഞാൻ അവളോട്‌ പ്രാശ്ചിത്ത ചെയ്തു കൊണ്ടിരുന്നു….

ഇപ്പോൾ മക്കൾ മാർക്കിനു വേണ്ടി മത്സരിക്കുന്നത് കാണുമ്പോൾ ഞാൻ പറയും ഫുൾ മാർക്കൊന്നും വേണ്ടാ പറ്റും പോലെ മതി… അത് അക്ഷരം പ്രതി അനുസരിക്കുന്നേന്നോണം
അമ്മു അറിയാവുന്നത് കൂടി തെറ്റിച്ച കഥ പറഞ്ഞ് അവസാനിപ്പിക്കാം…
കുഞ്ഞമ്മു പരീക്ഷ കഴിഞ്ഞു ഒരു ദിവസം വലിയ സന്തോഷത്തിലാണ് വന്നത്..
ഞാൻ ചോദിച്ചു എന്താ അമ്മേടെ അമ്മു കുട്ടിയ്ക്ക് ഇന്നിത്ര സന്തോഷം… ഇന്നും ഫുൾ മാർക്ക്‌ കിട്ടിയോ എന്ന്.
അപ്പോൾ അവൾ പറഞ്ഞു.

“അതല്ലമ്മേ, ഇന്ന് ഞാൻ മിസ്സിനെ പറ്റിച്ചു… ”

“ങേ മിസ്സിനെ പറ്റിക്കുകകയോ…?! ”
ഞാൻ അത്ഭുതപ്പെട്ടു..

“മിസ്സ്‌ ഉണ്ടല്ലോമ്മേ ബട്ടർഫ്ലൈയുടെ പടം കാണിച്ചിട്ട് അത് എന്താണെന്ന് എന്നോട് ചോച്ചു… ”

“എന്നിട്ടോ…? ”
ഞാൻ നെറ്റി ചുളിച്ചു..

നാൻ പറഞ്ഞു “പൂമ്പാറ്റാന്ന്”

മിസ്സ്‌ അപ്പോൾ പറയുവാ ഇങ്ക്സി പറയാൻ…

ഞാൻ പിന്നേം പൂമ്പാറ്റന്ന് പറഞ്ഞു…

അപ്പോൾ മിസ്സ്‌ പതുക്കെ ബട്ട്‌ എന്ന് പറഞ്ഞു തന്നു…

ന്നിച്ചു മനസ്സിലായി ബട്ടർഫ്ലൈ ന്ന് പറയിപ്പിച്ചാൻ ആനെന്ന്
നാൻ പയ്യോ…
നാൻ പൂമ്പാറ്റന്ന് തന്നെ പറഞ്ഞു.

അപ്പോൾ മിസ്സ്‌ പറഞ്ഞു “ഇവക്കുട്ടി ഒന്നുംകൂടി ആലോചിച്ചു നോക്കിക്കേ മോൾക്ക്‌ ബട്ടർ കഴിക്കാൻ ഇഷ്ടം ആണോന്ന് …? ”

നാൻ പറഞ്ഞു “ഇഷ്ടല്ല”
ഇത് പൂമ്പാറ്റ തന്നെയാണെന്ന്
അങ്ങനെ മിസ്സ്‌ ചമ്മി പോയേ…

അവൾ ഇതും പറഞ്ഞു തുള്ളി ചാടി…

അല്പ നേരം കണ്ണു മിഴിച്ചു നിന്നെങ്കിലും വേഗം ബാഗ് തുറന്നു ഞാൻ ആ പേപ്പറിലെ മാർക്ക്‌ നോക്കി.
“അൻപതിൽ നാൽപ്പത്തെട്ട്”

അമ്മുസേ കൊച്ചിന്റെ രണ്ട് മാർക്ക്‌ കൊണ്ട് ടീച്ചർ പൂമ്പാറ്റയ്ക്ക് ബട്ടർ വാങ്ങി കൊടുത്തുട്ടോ എന്നോ…

രണ്ട് മാർക്ക്‌ എടുത്തു ടീച്ചർ കൊച്ചിനെയും തിരിച്ചു പറ്റിച്ചുന്നൊക്കെ പറയാൻ തുടങ്ങി എങ്കിലും ഞാൻ മനപ്പൂർവ്വം പറഞ്ഞില്ല.

വെറുതെ എന്തിനാണ് പാവത്തിന്റെ സന്തോഷം കളയുന്നതെന്നോർത്ത് അവളുടെ സന്തോഷത്തിൽ പങ്ക്‌ ചേർന്നു.

രചന : അന്ന ബെന്നി

ഓർമയിൽ ഒരു പരീക്ഷക്കാലം
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.