രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 17

ജഗ്ഗ് താഴെ വച്ച് അഭി കാതോർത്തു.കൊ..ല്ല…ക് ല്ലേ. വീണ്ടുമാ ശബ്ദമുയർന്നതും അഭി ഞെട്ടി.

കേട്ടത് സ്ത്രീ ശബ്ദമോ പുരുഷ ശബ്ദമോ എന്ന് അവന് മനസ്സിലായില്ല.പക്ഷേ ഒന്ന് ഉറപ്പായി. ആരോ ആരെയോ കൊല്ലാൻ ശ്രമിക്കുന്നു.

ഒറ്റക്കുതിപ്പിന് അഭി അടുക്കള വിട്ട് ഇടനാഴിയിലെത്തി.അമ്മാളുവിന്റെ മുറിയിൽ ഇരുണ്ട വെട്ടം കണ്ടതും അവൻ അങ്ങോട്ട്‌ കുതിച്ചു.

മുറി വാതിലിനോട് അടുക്കും മുൻപേ അഭി പിടിച്ചു നിർത്തിയ പോലെ നിന്നു.

അകത്തെ കാഴ്ച്ച അവന്റെ കണ്ണുകളിൽ ഒരേ സമയം ഭയവും ജിജ്ജാസയും ഉളവാക്കി.

കണ്ണ് ചിമ്മി അവൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.അല്ല സ്വപ്നമല്ല യാഥാർഥ്യം തന്നെ.

മുറിയിൽ അന്തരീക്ഷത്തിൽ ഉയർന്ന് നിൽക്കുന്ന ഒരു സ്ത്രീ.അവളുടെ കൈയ്യിൽ കിടന്ന് ശ്വാസം മുട്ടി പിടയുന്ന രാഘവൻ.

ആ സ്ത്രീയെ അഭി സൂക്ഷിച്ചു നോക്കി.അഴിഞ്ഞുവീണ കേശം നിലത്തിഴയുന്നു.

കണ്ണുകളിൽ അഗ്നി എരിയുന്നത് പോലെ.ചതഞ്ഞു പൊട്ടിയ മുഖത്ത് നിന്നും ചുടു രക്തം ഒലിച്ചിറങ്ങുന്നു.

അടിച്ചുണ്ടുകൾ തുളച്ചു കൊണ്ട് അവളുടെ കൊമ്പുകൾ ഇറങ്ങി നിൽക്കുന്നു.ഒരു ഞെട്ടലോടെ അവനവളെ തിരിച്ചറിഞ്ഞു.

അഭി പതിയെ പിന്നിലേക്ക് നീങ്ങി. ഉച്ചത്തിൽ അലറി വിളിക്കണമെന്ന് തോന്നി.പക്ഷേ പേടി കൊണ്ടോ എന്തോ ശബ്ദം പുറത്തേക്ക് വരുന്നില്ല.

ന്നെ കൊല്ലല്ലേ.എല്ലാ തെറ്റിനും മാപ്പ്.പറ്റിപ്പോയി.കൊല്ലല്ലേ.രാഘവൻ ശ്രീപാർവ്വതിക്ക് മുൻപിൽ തൊഴുത് യാചിച്ചു.

കൊല്ലരുത് ല്ല്യേ.ന്റെ അച്ഛനും അമ്മയും ഞാനും ഇത് പോലെ നിന്റെ യൊക്കെ മുൻപിൽ കെഞ്ചിയില്ലേ കൊല്ലല്ലേ എന്ന്.കേട്ടോ നീയൊക്കെ ഇല്ലല്ലോ.

രാഘവന് മറുത്തൊന്നും പറയാൻ വാക്കുകൾ കിട്ടിയില്ല.കഴുത്തിൽ മുറുകിയിരിക്കുന്ന ശ്രീപാർവ്വതിയുടെ കൈയ്യിലെ കൂർത്ത നഖങ്ങൾ തന്റെ ഞരമ്പുകൾ തുളച്ചു തുടങ്ങിയത് അയാളറിഞ്ഞു.

“ന്നെ കൊല്ലല്ലേ രാഘവാ.ഞാനും എന്റെ കുടുംബവും എവിടെയെങ്കിലും പോയി ജീവിച്ചോളാ.ന്നെ കൊല്ലല്ലേ”.

കൃഷ്ണ വാര്യരുടെ ദീന രോദനം അയാളുടെ ചെവികളിൽ ആർത്തിരമ്പി.

അവസാന ശ്രമമെന്ന വണ്ണം അയാൾ ഒരാശ്രയത്തിന് ചുറ്റും നോക്കി.എങ്ങും കനത്ത നിശബ്ദത മാത്രം.

ചുവരിൽ കാഴ്ച്ച കണ്ടിരിക്കുന്ന ഇരപിടിയൻ പല്ലിക്ക് പോലും ശ്രീപാർവ്വതിയുടെ മുഖമാണെന്ന് രാഘവന് തോന്നി.

പുറത്തെ ഇരുട്ടിൽ കുറേ കണ്ണുകൾ തിളങ്ങുന്നത് അയാൾ കണ്ടു.പതിയെ ആ തിളക്കം അടുത്ത് വന്നു.

ചെന്നായ്ക്കൾ.ചോര ഇറ്റ് വീഴുന്ന നാവ് നീട്ടി തിളങ്ങുന്ന കണ്ണുകളും കൂർത്ത നഖങ്ങളും ഉള്ള ചെന്നായ്ക്കൾ ജനലിനരികെ അക്ഷമരായി കാത്തിരിക്കുന്നു.

അവറ്റകളെ കണ്ടതും ശ്രീപാർവ്വതിയുടെ മുഖത്ത് ചിരി വിടർന്നു.

അവരെ കണ്ടോ.ഇന്ന് നിന്റെ ഈ വൃത്തികെട്ട ശരീരം അവർ കടിച്ചു കീറും.

ഇഞ്ചിഞ്ചായി മരിക്കുന്നതിന്റെ വേദന നീ അറിയണം.ന്റെ അച്ഛൻ,അമ്മ ഞാൻ ഒക്കെ അനുഭവിച്ച വേദന നീ അറിയണം. അവളുടെ കണ്ണുകളിൽ നിന്നും രക്തം തിളച്ചിറങ്ങി.

ഭയം നിറഞ്ഞ രാഘവന്റെ കണ്ണുകൾക്ക് നേരെ അവളുടെ മറുകൈ ഉയർന്നു.

ഈ കണ്ണുകൾ കൊണ്ടല്ലേ നീ എന്റെയും എന്റെ അമ്മയുടെയും പിന്നെ എത്രയോ പാവങ്ങളുടെ നഗ്നത കണ്ട് രസിച്ചത്.ഇനിയിത് ഞാൻ എടുക്കുവാ.

അവൾ ക്രൗര്യമായ ചിരിയോടെ അയാളുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു. രാഘവൻ വേദന കൊണ്ട് പുളഞ്ഞു.

കണ്ണുകളുടെ സ്ഥാനത്ത് രൂപം കൊണ്ട ചോരക്കുഴികളിൽ നിന്നും രക്തം ഒഴുകിയിറങ്ങി.

വേദനയും നെഞ്ചിൽ കുടുങ്ങിയ പ്രാണവായുവും മൂലം അയാളുടെ നാവ് പുറത്തേക്ക് തള്ളി.

പെൺ മാനത്തിന് വില പറഞ്ഞ ആ വൃത്തികെട്ട നാവ് അവൾ വലിച്ചു പറിച്ചെടുത്തു.

പാതി ജീവനോടെ തന്റെ കൈയ്യിൽ പിടയുന്ന രാഘവനെ നോക്കി ആനന്ദം കൊണ്ട് പൊട്ടിച്ചിരിച്ചു ശ്രീപാർവ്വതി.

ഈ കൈകൊണ്ടല്ലേ നീയെന്റെ അച്ഛന്റെ ജീവനെടുത്തത്.ഇതേ കൈ കൊണ്ടല്ലേ ന്റെ പാവം അമ്മയുടെ മടിക്കുത്തഴിച്ചത്. ഒടുവിൽ ഇതേ കൈ കൊണ്ട് നീയെന്നെ കൊന്നില്ലേ.

ചോദ്യങ്ങൾ പൂർണ്ണമായതും അവൾ അയാളുടെ വലതു കൈ ഒരു പൂവ് പറിക്കുന്ന ലാഘവത്തോടെ വലിച്ചു പറിച്ചു.

ഒടുവിൽ പുറത്ത് ഊഴം കാത്തിരുന്ന ചെന്നായ്ക്കളുടെ അരികിലേക്ക് അയാളെ വലിച്ചെറിഞ്ഞു.

ഒരാർത്ത നാദത്തോടെ ജനലഴികൾ തകർത്തു കൊണ്ട് രാഘവന്റെ തടിച്ച ശരീരം പുറത്ത് നിന്ന ചെന്നായക്കൂട്ടത്തിന്റെ ഇടയിലേക്ക് വീണു.

നിമിഷ നേരം കൊണ്ട് നൂറ് കണക്കിന് ചെന്നായ്ക്കൾ അയാളെ കടിച്ചു കുടഞ്ഞു.

ആർത്തലയ്ക്കുന്ന മഴയിൽ അയാളുടെ രോദനം മുങ്ങിപ്പോയി.
ഭ്രാന്ത് പിടിച്ച പോലെ ചെന്നായ്ക്കൾ അയാളെ കടിച്ചു കീറാൻ മത്സരിച്ചു.

എല്ലാം കണ്ട് നിന്ന ശ്രീപാർവ്വതി പൊട്ടിച്ചിരിച്ചു.അവളുടെ മുഖത്ത് ശത്രുക്കളിൽ ഒരുവനെ ഇല്ലായ്മ ചെയ്തതിന്റെ സന്തോഷം നിറഞ്ഞു നിന്നു.

എല്ലാം ഒളിഞ്ഞു കണ്ട അഭിമന്യുവിന്റെ പാതി ജീവൻ പോയി.അയാൾ ഭയന്ന് വിറച്ചു കൊണ്ട് തിരിച്ചോടി.

അടുക്കളയിൽ ഇരുന്ന വിളക്ക് കൈയ്യിലെടുത്തതും അനുസരണയില്ലാത്ത കുളിർ കാറ്റ് അത് ഊതിയണച്ചു.

വിളക്ക് വലിച്ചെറിഞ്ഞ അഭി തപ്പിത്തടഞ്ഞ് പടികൾ കയറി ഇടയിലെവിടെയോ കാലുടക്കി തെറിച്ചു വീണു.

പിടഞ്ഞെഴുന്നേറ്റ അഭിക്ക് തന്റെ പിന്നാലെ ആരോ വരുന്നത് പോലെ തോന്നി.ശരീര വേദന വക വയ്ക്കാതെ അവൻ ഓടി മുറിയിൽ കയറി വാതിലടച്ചു.

നിമിഷ നേരം കൊണ്ട് അയാളുടെ ദാഹം ഭയത്തിന് വഴി മാറി. തീവ്രമായഭയം ഉച്ചസ്ഥായിൽ നിലകൊണ്ടു.

താഴെ കണ്ട കാഴ്ച്ചകൾ അവന് വിശ്വസിക്കാൻ സാധിച്ചില്ല.പക്ഷേ എല്ലാം പകൽ പോലെ വ്യക്തം.

രാഘവൻ എന്തിന് ഈ സമയം അവിടെ പോയി.അമ്മാളു എങ്ങനെ ശ്രീപാർവ്വതിയായി. അഭിക്ക് ഒന്നിനും ഉത്തരം കിട്ടിയില്ല.

ഭയത്തിന്റെ കാഠിന്യം അവന്റെ ഹൃദയമിടിപ്പിന്റെ താളം വേഗത്തിലാക്കി.അടുത്ത നിമിഷം വെട്ടിയിട്ട മരം പോലെ അഭി ബോധമറ്റ് വീണു.

പുറത്ത് മഴ തിമർത്താടുകയാണ്. നീതി നിർവ്വഹണത്തിന് മൂക സാക്ഷികൾ ആയ വൃക്ഷ-ലതാതികൾ തലകുലുക്കി നിന്നു.
********************************
ഉണ്ണ്യേട്ടാ.ഒന്നെണീറ്റെ.ന്തൊരു ഉറക്കാ ഇത്.കാതിൽ ലക്ഷ്മിയുടെ നനുത്ത ശബ്ദം പതിച്ചതും അഭി കണ്ണ് തുറന്നു.

ആദിത്യന്റെ ഇളം കൈകൾ ജനലഴികളെ തഴുകിത്തലോടി ജാലകത്തിലൂടെ അകത്തേക്ക് ഒഴുകിയെത്തി.

ദാ.സൂര്യൻ മുഖത്ത് വീണു.എന്നിട്ടും ഇവിടെ ഒരാൾക്ക് നേരം വെളുത്തിട്ടില്ല്യ.

കൊച്ചു കുട്ടി ആണെന്നാ വിചാരം. അതെങ്ങനാ പഠിച്ചതും വളർന്നതും ഒക്കെ ഏതോ നാട്ടിൽ,അതിന്റെ ഗുണം അല്ലേ കാണിക്കൂ.

ലക്ഷ്മി ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ഒരു കള്ളച്ചിരിയോടെ അഭിയെ ഇടം കണ്ണിട്ട് നോക്കി.

അഭി കണ്ണ് തിരുമി പതിയെ എഴുന്നേറ്റു.തലയ്ക്ക് വല്ലാത്ത ഭാരം അനുഭവപ്പെടുന്നത് പോലെ അവന് തോന്നി.ശരീരം മുഴുവൻ ഇടിച്ചു നുറുക്കിയ പോലെയുള്ള വേദന.

ഹാ.നെറ്റിയിൽ കൈ അമർത്തിക്കൊണ്ട് അഭി തല താങ്ങിയിരുന്നു.

യ്യോ.ന്തേ ഉണ്ണ്യേട്ടാ വയ്യേ. ലക്ഷ്മി.ഓടിച്ചെന്ന് അഭിയെ തൊട്ട് നോക്കി.

ഹോ.അവൾ ഞെട്ടി കൈ പിന്നോട്ട് വലിച്ചു.ന്റെ വള്ളക്കടത്തമ്മേ ന്തൊരു ചൂടാ.നല്ല പനി ഉണ്ടല്ലോ.

ഹേ.സാരമില്ല.അത് നിനക്ക് തോന്നുന്നതാ.അഭി അവളെ മാറ്റി നിർത്തി കട്ടിലിൽ നിന്നും എഴുന്നേറ്റു.

തോന്നൽ ഒന്നും അല്ല.പനി തന്നെയാ.ഇപ്പോ ഈ കടും കാപ്പി കുടിക്ക്.ഞാൻ വേഗം പോയിട്ട് നല്ല ചുക്ക് കാപ്പി ഇട്ടോണ്ട് വരാം ട്ടോ.

അവൾ ഒരു കുഞ്ഞിനെ എന്ന പോലെ അഭിയുടെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചു.

അഭി ചെറു ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി. ഒരു കാമുകിയുടെ പ്രണയവും ഒരമ്മയുടെ വാത്സല്യവും അവളുടെ കണ്ണുകളിൽ അവൻ കണ്ടു.

പതിയെ അവൻ തന്റെ മുഖം അവളുടെ മുഖത്തേക്ക് താഴ്ത്തിയതും ഒരു പരൽ മീനിനെപ്പോലെ അവളവന്റെ കൈയ്യിൽ നിന്നും ഊർന്ന് മാറി.

അയ്യടാ.ശൃംഗരിക്കാൻ കണ്ട നേരം. പനി ആണെങ്കിലും കൈയ്യിലിരുപ്പിന് ഒരു കുറവുമില്ല. വഷളൻ.

അവൾ കപട ദേഷ്യം ഭാവിച്ചു കൊണ്ട് അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.പിന്നെ അവൻ പോലും പ്രതീക്ഷിക്കാതെ ആ കവിളിൽ ഒരു ഉമ്മ കൊടുത്ത് ഓടി.

വാതിൽ കടന്നതും അവൾ തിരിഞ്ഞു നിന്നു.താഴത്തേക്ക് പോന്നോളൂ. എല്ലാരും താഴെയുണ്ട്.

അച്ഛനും അയാളും കൂടി എവിടെയോ പോകാൻ തയ്യാറെടുക്കുന്നു.

അയാളോ.ഏത് അയാൾ.അഭി നെറ്റി ചുളിച്ചു കൊണ്ട് ലക്ഷ്മിയെ നോക്കി.

ആ രാഘവൻ.ലക്ഷ്മി ചിറി കോട്ടി മറുപടി പറഞ്ഞു കൊണ്ട് താഴേക്ക് നടന്നു.

അഭിയുടെ കൈ വിറച്ചു.അവൾ നൽകിയ കാപ്പി തുളുമ്പി വീണു.ചൂട് കാപ്പിയുടെ പൊള്ളലിനും മീതെ ലക്ഷ്മിയുടെ വാക്കുകൾ അവന്റെ ചെവി പൊള്ളിച്ചു.

കാപ്പി കപ്പ് താഴെ വച്ച് അഭിമന്യു ധൃതിയിൽ പടികളിറങ്ങി പൂമുഖത്തേക്ക് നടന്നു.

അവിടെ കണ്ട കാഴ്ച്ച അക്ഷരാർത്ഥത്തിൽ അവനെ ഞെട്ടിച്ചു.

പൂമുഖത്ത് എങ്ങോട്ടോ യാത്രയാവാൻ നിൽക്കുന്ന രാഘവനും കുമാരനും.അരികിൽ കൃഷ്ണ മേനോൻ.

അഭിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല.ഏത് സത്യം ഏത് മിഥ്യ എന്ന് മനസ്സിലാവാതെ അവൻ തറഞ്ഞു നിന്നു.

ആ ഉണ്ണീ.രാഘവൻ തമിഴ് നാട്ടിലേക്ക് പോവാത്രേ.അവിടെ ബിസിനസ് സംബന്ധമായ എന്തോ ആവശ്യം.ഒരു കൂട്ടിന് കുമാരനേം അയക്കാം വച്ചു.

കൃഷ്ണ മേനോന്റെ വാക്കുകൾക്ക് അഭി യാന്ത്രികമായി തല കുലുക്കി.

അവന്റെ കണ്ണുകൾ രാഘവന് മേലും.ചിന്ത രാത്രിയിൽ താൻ കണ്ട കാഴ്ച്ചയിലുമായിരുന്നു.

രാഘവൻ തനിക്ക് നേരെ വരുന്നത് കണ്ട അഭി പിന്നോട്ട് നടക്കാൻ ശ്രമിച്ചു.എന്നാൽ തറയിൽ ഉറഞ്ഞത് പോലെ അവന്റെ കാലുകൾ അവിടെ നിന്നും അനങ്ങിയില്ല.

ഒരു ധൈര്യത്തിന് കാളകെട്ടിയിലെ രുദ്ര ശങ്കരൻ നൽകിയ രക്ഷയിലേക്ക് അവന്റെ കൈകൾ നീണ്ടു.പക്ഷേ രക്ഷ കൈയ്യിൽ തടഞ്ഞില്ല.

അവിശ്വസനീയതയോടെ അവൻ കഴുത്തിലേക്ക് നോക്കി.ഇല്ലാ കഴുത്തിൽ രക്ഷയില്ല.എവിടെയോ നഷ്ട്ടപ്പെട്ടിരിക്കുന്നു.

രാഘവൻ അവന് മുൻപിൽ വന്ന് നിന്നു.അയാളുടെ മുഖത്തേക്ക് നോക്കും തോറും അഭിയുടെ മനസ്സിൽ ഭയം നിറഞ്ഞു.

നീ പേടിക്കണ്ടാ.ഞാൻ നിന്റെ പെണ്ണിനെ ഒന്നും ചെയ്യാനോ മിണ്ടാനോ ഒന്നും പോന്നില്ല.

അപ്പോഴത്തെ ദേഷ്യത്തിന് എന്തോ പറഞ്ഞു.നീയത് വിട്ട് കള.അയാൾ അവന്റെ തോളിൽ കൈ വച്ചു.

അഭിയുടെ ഉള്ള് കിടുങ്ങി. രാഘവന്റെ കൈകൾക്ക് വല്ലാത്ത തണുപ്പ്.ഒരു ഐസ് കട്ട തോളിൽ വച്ചത് പോലെ.

അവന് എന്ത് പറയണമെന്ന് മനസ്സിലായില്ല.തൊണ്ട വരളുന്നു.

എല്ലാം വിളിച്ചു പറയണമെന്ന് മനസ്സ് പറഞ്ഞെങ്കിലും ഒന്നും പറയാൻ പറ്റാതെ അവൻ തറഞ്ഞു നിന്നു.

അല്ല.കുഞ്ഞിന്റെ രക്ഷ എവിടെ. കുമാരന്റെ ചോദ്യം അഭിയെ ചിന്തയിൽ നിന്നും ഉണർത്തി.

പറഞ്ഞത് പോലെ രക്ഷ എവിടെപ്പോയി.ശ്രദ്ധ ഇല്ല്യാണ്ട് കൊണ്ടേ കളഞ്ഞു ല്ല്യേ.കൃഷ്ണ മേനോന്റെ സ്വരം കടുത്തു.

ഇനിയിപ്പോ ന്താ ചെയ്ക.കുമാരൻ സംശയം ഉന്നയിച്ചു.ഒടുവിൽ അയാൾ തന്നെ വഴി കണ്ടെത്തി.

തത്കാലം ന്റെ രക്ഷ തരാം.ഞങ്ങൾ പോകുന്ന വഴി കാളകെട്ടിയിൽ കയറി തന്ത്രിയദ്ദേഹത്തെ കണ്ട് മറ്റൊന്ന് മേടിച്ചോളാം.

കുമാരന്റെ ആ തീരുമാനം എല്ലാവർക്കും സ്വീകാര്യമായി. അയാൾ തന്റെ കഴുത്തിൽ കിടന്ന രക്ഷ ഊരി അഭിക്ക് നൽകി.

അപ്പോ മേനോനെ ഇനി വന്നിട്ട് കാണാം.രാഘവൻ മേനോന് നേരെ കൈ വീശി.

മ്മ്മ്.കഴിയുന്നതും വേഗം മടങ്ങാൻ നോക്കുക.അറിയാലോ കാര്യങ്ങൾ. നമുക്ക് മുൻപിൽ സമയം കുറവാണ്.

അറിയാമെടോ.എനിക്കും സമയം കുറവാണ്.വേഗം വേഗം കാര്യങ്ങൾ തീർത്ത് മടങ്ങണം.അതിന് മുൻപ് നമുക്കൊന്ന് കൂടണം.രാഘവൻ മേനോനെ നോക്കി ചിരിച്ചു.

ആവാലോ ഇപ്പോ പോയി വരൂ.ആ രാഘവാ കുമാരനിൽ ഒരു ശ്രദ്ധ വേണം.

വള്ളക്കടത്തിന് അപ്പുറത്ത് ലോകം കണ്ടിട്ടില്ലാത്തവനാ.കൈ വിട്ട് പോയാൽ തീർന്നു.

കുമാരന് നേരെയുള്ള മേനോന്റെ ആ പരിഹാസം അഭിമന്യുവിൽ ഒഴികെ ബാക്കിയുള്ളവരിൽ ചിരി പടർത്തി.

ഇരുവരും യാത്രപറഞ്ഞിറങ്ങി. അവർ പടിപ്പുര കടന്നതും അഭിമന്യു അടുക്കളയിലേക്ക് ഓടി.

അടുക്കള കടന്ന് പുറത്തിറങ്ങിയ അഭി അമ്മാളുവിന്റെ മുറിയുടെ ജനാലയുടെ സമീപമെത്തി.

എന്നാൽ പ്രതീക്ഷിച്ച കാഴ്ച്ചയായിരുന്നില്ല അഭിയെ അവിടെ കാത്തിരുന്നത്.

എന്നാൽ പ്രതീക്ഷിച്ച കാഴ്ച്ചയായിരുന്നില്ല അഭിയെ അവിടെ കാത്തിരുന്നത്.

തലേന്ന് രാത്രിയിൽ രാഘവനെ ശ്രീപാർവ്വതി എടുത്തെറിഞ്ഞപ്പോൾ തകർന്ന് വീണ ജനൽ യാതൊരു കേടുപാടുമില്ലാതെ പൂർവസ്ഥിതിയിൽ ആയിരിക്കുന്നു.

ചെന്നായ്ക്കൾ കടിച്ചു കീറിയ രാഘവന്റെ ശരീരം പോയിട്ട് ഒരു തുള്ളി രക്തം പോലും അവിടെങ്ങുമില്ല.

ന്താ കൊച്ചമ്പ്രാ നോക്കണേ.ചോദ്യം കേട്ട് അഭി ഞെട്ടിത്തിരിഞ്ഞു. പിന്നിൽ ചോദ്യ ഭാവത്തിൽ അമ്മാളു.

ഹേ.ഒന്നൂല്ല്യ.ഇന്നലെ രാത്രിയിൽ ഇവിടെ എന്തോ വീഴുന്ന ഒച്ച കേട്ടു.അഭി ഒഴിഞ്ഞു മാറി.

ചിന്താഭാരവുമായി മുൻപോട്ട് നീങ്ങുമ്പോൾ അവൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.ഇല്ലാ ഒന്നിനും മാറ്റമില്ല.

#തുടരും..

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.