malayalam story

സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍

“അമ്മയ്ക്കെന്നോട് ദേഷ്യമാണോ…?”

മകളുടെ ആ ചോദ്യം നെഞ്ചില്‍ തുളച്ചുകയറിയെങ്കിലും കേള്‍ക്കാത്തമട്ടില്‍ അമ്മ തന്റെ ജോലികളില്‍ മുഴുകി. അവള്‍ അമ്മയുടെ പുറത്ത് തലോടിക്കൊണ്ട് അല്പംകൊഞ്ചലോടെ പറഞ്ഞു.

” ഇത്തിരി മാര്‍ക്ക് കുറഞ്ഞതിന് എന്നോടിത്ര ദേഷ്യമെന്താണമ്മേ…?

അധ്യാപകരും,കൂട്ടുകാരും,വീട്ടുകാരും എല്ലാവരും ഒരു ശത്രുവിനെപ്പോലെയാ ഇപ്പോള്‍ എന്നെ കാണുന്നത്.!! ഞാനിപ്പോള്‍ വെറും പ്ലസ് ടുവിനല്ലേ ആയിട്ടുള്ളൂ…?

ഐ എഎസ്സിനും,ഐ പി എസ്സിനും ഒന്നുമല്ലല്ലോ പരീക്ഷ എഴുതിയത്…? ”

അമ്മയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നുകഴിഞ്ഞു.!!

” അപ്പുറവും,ഇപ്പുറവുമുള്ള കുട്ടികളെ കണ്ട് പഠിക്ക് അവര്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി.!! നിനക്കിതൊന്നും ഇപ്പോള്‍ തലമണ്ടേല്‍ കയറില്ല..! അതെങ്ങനാ തലയ്ക്കകത്ത് മുഴുവനും കളിമണ്ണല്ലേ…? ”

അവളില്‍ നിന്നൊഴിവാകാന്‍ അമ്മ പൂമുഖത്തേയ്ക്ക് പോയി.!! സ്നേഹ വളരെ മിടുക്കിയാണ്. പഠനത്തിലും,മറ്റെല്ലാക്കാര്യത്തിലും ഒന്നാമതെത്തുന്ന പെണ്‍കുട്ടി..!! ഇത്തവണ പരീക്ഷയ്ക്ക് ഒന്ന് രണ്ട് വിഷയങ്ങള്‍ക്ക് അല്പം മാര്‍ക്ക് കുറവായിരുന്നു. അതിന് കാരണവുമുണ്ട്..പനിപിടിച്ച് കുറച്ചു ദിവസം കിടപ്പിലായിരുന്നു.! കുറെ ക്ലാസ്സുകള്‍ നഷ്ടമായി.! അമ്മ പകര്‍ന്ന് വച്ചിരുന്ന ചായപോലും കുടിക്കാതെ അവൾ തന്റെ മുറിയിലേയ്ക്കുപോയി.! വാതില്‍ കുറ്റിയിട്ട് അല്പനേരം എന്തോ ആലോചിച്ചിരുന്നു.! പുസ്തകങ്ങള്‍ വെറുതേ മറിച്ചുനോക്കി. എത്ര ശ്രമിച്ചിട്ടും ഒരുവരിപോലും പഠിക്കാന്‍ കഴിയുന്നില്ല..!! കാതുകളില്‍ നൂറുനൂറു ചോദ്യങ്ങള്‍ പ്രകമ്പനം കൊള്ളുന്നു.! അച്ഛനും ഈയിടയായി തീരെ മിണ്ടാറേ ഇല്ല.! അനിയന്മാരോട് കളിച്ചും,ചിരിച്ചും ഇരിക്കാറുണ്ട്.!!ഓഫീസ് വിട്ടുവന്നാല്‍ ” സ്നേഹമോളേ…” എന്നൊരുവിളി പതിവായിരുന്നു അതുമിപ്പോള്‍ ഇല്ലാണ്ടായിരിക്കുന്നു..!! അവളുടെ മനസ്സാകെ കലങ്ങിമറിഞ്ഞു.! അവള്‍ മൊബൈലെടുത്ത് ശരത്തിനെ വിളിച്ചു.” ശരത് ” സ്നേഹയുടെ ക്ലാസ്സ്മേറ്റാണ് അവന്റെ വീടും അടുത്ത് തന്നെ. സ്നേഹ തന്റെ അവസ്ഥകള്‍ മുഴുവനും പറഞ്ഞുതീരുംമുന്പുതന്നെ ഫോണ്‍ കട്ടായിക്കഴിഞ്ഞിരുന്നു.!

” ശരത് നീയെന്താ ഇന്നലെ ഫോണ്‍ കട്ടാക്കിയത്..? ”

സ്കൂളിലേയ്ക്ക് പോകുന്ന വഴി സ്നേഹ ശരത്തിനോട് ചോദിച്ചു.!

” എടോ എന്റെ വീട്ടില്‍ അച്ഛന്‍ പ്രശ്നമാണ്…അധികം ഫോണില്‍ കളിച്ചാല്‍ അടി ഉറപ്പാണ്…!! പരീക്ഷ അടുത്താല്‍പിന്നെ ഫോണ്‍ കൈകൊണ്ട് തൊടാന്‍ പോലും സമ്മതിക്കൂല.!! ”

അവള്‍ക്ക് കാര്യം മനസ്സിലായി.!

” നീയെന്താ എന്റെ അവസ്ഥയെപ്പറ്റി ഒന്നും പറയാത്തെ…? ”

” എടോ എല്ലാ പേരന്‍സും ഇങ്ങനെയൊക്കെ തന്നെ.! നമ്മുടെ അവസ്ഥകളെപ്പറ്റി അവര്‍ ചിന്തിക്കുന്നില്ല…!! എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍മാര്‍ക്ക് അതിനപ്പുറം അവര്‍ക്കൊന്നുമില്ല…!! സ്നേഹേ നീ മനസ്സുവച്ച് പഠിക്കാന്‍ നോക്ക്.!! ”
ശരത്തിന്റെ വാക്കുകളിലും ഒരകല്‍ച്ച ഉണ്ടോയെന്ന് അവള്‍ക്കും തോന്നാതിരുന്നില്ല.!!

വര്‍ഷാവസാനപ്പരീക്ഷ അടുക്കുംതോറും സ്നേഹ കൂടുതല്‍ മാനസിക പിരിമുറുക്കത്തിലായ്..!! ടി വി കണ്ടിരിക്കുമ്പോള്‍ അച്ഛന്‍ വന്നാല്‍ രൂക്ഷമായ് ഒന്നുനോക്കി കടന്നുപോകും..! അകത്ത് അമ്മയുമായ് പിറുപിറുക്കുന്നത് കേള്‍ക്കാം.! പതുക്കെപതുക്കെ സ്നേഹ ടിവി കാണലും ഒഴിവാക്കി.!! മുറിയില്‍ പുസ്തകങ്ങളും നോട്സും മാത്രമായ് അവളുടെ ലോകം.!! ഈയിടയായി ശരത്തും അടുക്കാറേയില്ല.! അച്ഛന്‍ ശരത്തിന്റെ അച്ഛനോട് എന്തൊക്കെയോ പറഞ്ഞിരുന്നു അതിനുശേഷമാണ് അവന്‍ കൂടുതല്‍ അകന്നുനില്‍ക്കുന്നത്.!! അതിനെപ്പറ്റി സ്നേഹ അമ്മയോട് ചോദിക്കുകയും ചെയ്തു.

” അച്ഛനെന്താമ്മേ ശരത്തിന്റെ അച്ഛനോട് സംസാരിച്ചത്..? അവനിപ്പോള്‍ എന്നോട് മിണ്ടാറേയില്ല ..കാണുമ്പോള്‍ത്തന്നെ ഒഴിഞ്ഞുമാറിപോകുന്നു…? ”

മുഖം കറുത്താണ് അമ്മയുടെ മറുപടി.!!

” അവനുമായിട്ടുള്ള ചങ്ങാത്തം ഒന്നും ഇനിവേണ്ട…! നീയിപ്പോള്‍ ഒരു കൊച്ചുകുട്ടിയൊന്നുമല്ല…!! മുതിര്‍ന്ന പെണ്‍കുട്ടിയാണ്.! ആരേയും ഇക്കാലത്ത് വിശ്വസിക്കാനും കൊള്ളില്ല… നീ അതെല്ലാം വിട്ടുകളഞ്ഞ് വല്ലതും പഠിക്കാന്‍ നോക്ക്..പരീക്ഷ ഇങ്ങെത്തി.!! സ്കൂളിലെ കണക്ക് മാഷ് അച്ഛനെ ഇന്നലെ കണ്ടിരുന്നു.!! നീ പഠിത്തത്തില്‍ വളരെ മോശമാണെന്ന് പറഞ്ഞു.! നാളെമുതല്‍ വൈകിട്ട് അരമണിക്കൂര്‍ വേണു മാഷിന്റെ വീട്ടില്‍ ട്യൂഷനുപോകാന്‍ അച്ഛന്‍ പറഞ്ഞിട്ടുണ്ട്.!! ”

അവളുടെ മനസ്സില്‍ ഒരുമിന്നല്‍പിണര്‍ കടന്നുപോയി.!!

” അമ്മേ എനിക്കവിടെ പോകാന്‍ ഇഷ്ടമല്ല.!! കഴിഞ്ഞ കൊല്ലം ഞാനവിടെപ്പോയി മടുത്തതാ..!! ഞാന്‍ തനിയെ നന്നായിട്ട് പഠിച്ചോളാം.! ”

ഇത്തവണ അമ്മ വളരെ ദേഷ്യത്തിലാണ് മറുപടിപറഞ്ഞത്.!!

” എല്ലാം നിന്റെ ഇഷ്ടത്തിനുമാത്രം നടക്കില്ല.!! വകതിരിവ് വേണം പെണ്‍കുട്ടികളായാല്.! നിന്റെ ഒരു നല്ല ഭാവിക്കുവേണ്ടിയാണ് ഞങ്ങളീ പറയുന്നതും,ചെയ്യുന്നതും…ഇനിയെന്നാണ് നീയിതൊക്കെ പഠിക്കുന്നത്…? ”
അമ്മ ചവിട്ടിത്തുള്ളി കടന്നുപോയി..!! ശരിയാണ് എല്ലാം തന്റെ നല്ല ഭാവിക്കുവേണ്ടിത്തന്നെയാണ്.. പക്ഷെ..എന്റെ അവസ്ഥ ആരോടാണ് ഒന്നു പറയുക.? ആ..വേണുസാറിന്റെ നോട്ടവും, തട്ടലുംമുട്ടലും,അര്‍ത്ഥംവച്ചുള്ള സംസാരവും.!! അവിടെ എത്തുമ്പോഴേ നെഞ്ചിടിപ്പാണ്..ട്യൂഷന്‍ കഴിയുന്നതുവരെ ഒരു വെപ്രാളമാണ്..!! അവസാനം മുതുകിലും,തലയിലും തലോടിക്കൊണ്ടൊരു ഉപദേശവും.!!

” മോളെന്തിനാ പേടിക്കണെ..? നീ മിടുക്കിയല്ലേ..? നാളെ മുതല്‍ നിന്റെ അച്ഛനോട് പറഞ്ഞ് സമയം അല്പംകൂടി നീട്ടാം എന്താ…? ”

അവളുടെ സര്‍വ്വ ധൈര്യവും ചോര്‍ന്നുപോയി.!! വേണു സാറിന്റെ ഭാര്യ ജോലികഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ സന്ധ്യയാകും .!!

പരീക്ഷയ്ക്കിനി ഒരാഴ്ചകൂടി ബാക്കി.സ്നേഹയാകട്ടെ എപ്പോഴും മുറിയില്‍ത്തന്നെ.! പുസ്തകങ്ങള്‍ക്കും,നോട്ട്ബുക്കുകള്‍ക്കുമിടയില്‍ അവള്‍ തളയ്ക്കപ്പെട്ടു…!! ഒരുദിവസം അച്ഛന്‍ അമ്മയോട് കയര്‍ക്കുന്നത് കേട്ടാണ് അവളുണര്‍ന്നത്.!

” എനിക്കീ സമൂഹത്തില്‍ ഒരു സ്റ്റാറ്റസ് ഉണ്ട്.!! നിന്റെ മോളായിട്ട് അത് നശിപ്പിക്കും..! പഠിക്കാന്‍ കഴിയാത്തതുകൊണ്ട് ട്യൂഷന്‍ അവളായിട്ട് നിര്‍ത്തിവച്ചു… വേണുമാഷ് പലവട്ടം എന്നെ വിളിച്ചിരുന്നു.!!പരീക്ഷ അടുത്തില്ലേ മകളെ വിടാത്തത് എന്താണെന്ന് ചോദിച്ചു…? ”

സ്നേഹയുടെ ശരീരമാകെ വിയര്‍ത്തു.വേണുമാഷ്… ആ പേരുകേള്‍ക്കുമ്പോഴേ അറപ്പാണ്.!!
പരീക്ഷ എല്ലാം കഴിഞ്ഞു. സ്നേഹ മുറിയ്ക്ക് പുറത്തിറങ്ങുന്നതേ പ്രാഥമിക ആവശ്യങ്ങള്‍ക്കു മാത്രം.!! റിസള്‍ട്ട് അറിയുന്ന ദിവസം അടുക്കുന്തോറും അച്ഛനും,അമ്മയും എന്തൊക്കെയോ പ്ലാനുകള്‍ ചെയ്യുന്നുണ്ട്..!! പരീക്ഷാഫലം അറിയുന്ന ദിവസം അച്ഛന്‍ ലീവെടുത്ത് വീട്ടില്‍ തന്നെയുണ്ട്.!! സ്നേഹയെ പുറത്തെങ്ങും കാണാഞ്ഞ് അമ്മ അവളുടെ മുറിയുടെ വാതിലില്‍ തട്ടിവിളിച്ചു.!! വാതില്‍ കുറ്റിയിട്ടിരുന്നില്ല.!

” സ്നേഹേ ഉറങ്ങിയത് മതി എണീറ്റ് വരൂ.!! ഇന്നൊരു നല്ല ദിവസമായിട്ട് കിടന്നുറങ്ങുവാ…!! ”
അമ്മ കതക് തുറന്ന് അകത്ത് കയറി. സ്നേഹ കട്ടിലില്‍ മുട്ടിന്‍മേല്‍ തലവച്ച് കുത്തിയിരിപ്പുണ്ട് .!

” നിനക്ക് കുളിക്കാനും നനയ്ക്കാനും ഒന്നുമില്ലേ…? പല്ലും തേച്ചില്ല നിന്റെ ചായ അവിടിരുന്നു ആറിത്തണുത്തു പോയി.!! ”

” ചായയും കാപ്പിയും ഞാനിന്നലെ കഴിച്ചമ്മേ.!! എനിക്ക് ട്യൂഷന് പോണം.!! ഞാനതിനാ ഒരുങ്ങി ഇരിക്കണേ.!! ”
സ്നേഹ ചിരിച്ചുകൊണ്ട് ഉറക്കെ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു.!! അമ്മയ്ക് ഒന്നും മനസ്സിലായില്ല.!! അവള്‍ കുറച്ചു പുസ്തകങ്ങളെടുത്ത് ബാഗില്‍ തിരുകിവച്ചു.!!

” പോയിട്ട് വരാട്ടോ.!!”

അത്രയും പറഞ്ഞ് അവള്‍ വീണ്ടും കട്ടിലില്‍ കുത്തിയിരുന്നു.!! സ്നേഹ മറ്റൊരു ലോകത്തായിരുന്നു. പുസ്തകങ്ങളും,നോട്ടുബുക്കുകളും പഠിത്തവും മാത്രമുള്ള അവളുടേതായ ലോകത്ത്…!! ഇതൊന്നും അറിയാതെ അവളുടെയുള്ളിൽ ഒരു ജീവന്റെ മിടിപ്പ് തുടിക്കുന്നുണ്ടായിരുന്നു.!!
സതീഷ് അയ്യര്

സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍
4 (80%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.